ജീവിതത്തിന്റെ നിറങ്ങള്‍

കെ.വി. അനൂപ്‌

 

posted on:

22 Aug 2012

ഗുജറാത്തിലെ കൂട്ടക്കൊലകള്‍ ഉണ്ടാക്കിയ ഞെട്ടല്‍ വിട്ടുമാറാത്ത അന്തരീക്ഷത്തിലാണ് ഡോ.ബിജു തന്റെ ആദ്യ സിനിമയായ 'സൈറ'യുമായി വന്നത്. മതതീവ്രവാദത്തിന്റെ നഖമുനകള്‍ കൊണ്ട് കീറിപ്പറിഞ്ഞു പോകുന്ന ജീവിതങ്ങളെ പകര്‍ത്തിയ ആ സിനിമ, പരിമിതികള്‍ക്കും പോരായ്മകള്‍ക്കും ഇടയിലും ഡോ. ബിജു എന്ന സംവിധായകനെക്കുറിച്ച് ചെറുതല്ലാത്ത പ്രതീക്ഷകള്‍ സമ്മാനിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന 'രാമന്‍' പരാജയപ്പെട്ട സംരംഭമായി. നിര്‍മ്മാണത്തിലെ സാമ്പത്തിക പരാധീനതകളാവണം ഒരു പക്ഷേ ആ സിനിമയുടെ കഴുത്തു ഞെരിച്ചത്.


കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ, അവാര്‍ഡുകള്‍ പലതും നേടിയ 'വീട്ടിലേക്കുള്ള വഴി' യഥാര്‍ത്ഥത്തില്‍ ഈ സംവിധായകനിലുള്ള മതിപ്പ് നഷ്ടപ്പെടുത്താന്‍ മാത്രം ഉതകുന്ന ഒന്നായിരുന്നു. സാമാന്യബോധത്തിന് നിരക്കാത്ത രംഗങ്ങളുടെ മേലാണ് ആ സിനിമ പടുത്തുയര്‍ത്തിയിരുന്നത്. അതെന്തായാലും, താന്‍ നഷ്ടപ്പെടുത്തിയ വിശ്വാസം തിരിച്ചു പിടിക്കുന്നതില്‍ പുതിയ സിനിമയായ 'ആകാശത്തിന്റെ നിറ'ത്തില്‍ ഡോ.ബിജു വിജയിക്കുന്നുണ്ട്.

വളരെ ലളിതവും ഋജുവുമായ സിനിമയാണ് 'ആകാശത്തിന്റെ നിറം'. തുറമുഖ നഗരത്തിലെ കരകൗശല വില്‍പ്പന ശാലയില്‍ കണ്ടുമുട്ടുന്ന വൃദ്ധനെ (നെടുമുടി വേണു) കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവരാന്‍ ശ്രമിക്കുകയാണ് ചെറുപ്പക്കാരനായ പോക്കറ്റടിക്കാരന്‍ (ഇന്ദ്രജിത്). അയാളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് വൃദ്ധന്‍ ബോട്ട് പെട്ടെന്ന് മുന്നോട്ടെടുത്തു. ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് ബോട്ടടുത്തത്. അവിടെ വൃദ്ധനെക്കൂടാതെ മൂന്നു പേര്‍ മാത്രമാണുണ്ടായിരുന്നത്. വേലക്കാരന്‍ (അനൂപ്ചന്ദ്രന്‍), ബധിരയും മൂകയുമായ യുവതി (അമല പോള്‍), ഒരാണ്‍കുട്ടി (ഗോവര്‍ദ്ധന്‍). അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നു തിരിച്ചറിയുന്ന ചെറുപ്പക്കാരന്‍ തന്റെ അസ്വസ്ഥതയും ദേഷ്യവുമൊക്കെ പലവിധത്തില്‍ പുറത്തു കാട്ടുന്നുണ്ട്. പക്ഷേ ഒന്നിനും ഫലമുണ്ടാവുന്നില്ല. വൃദ്ധന്റെ സഞ്ചാരങ്ങളിലെ ദുരൂഹതകളും ഇടയ്ക്ക് അവിടെയെത്തുന്ന യുവാവും (പൃഥ്വീരാജ്) അയാളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

നഗരത്തിന്റെ അഴുക്കു ജീവിതത്തില്‍ ആണ്ടു കിടന്നിരുന്ന അയാള്‍ പതിയെപ്പതിയെ അവിടുത്തെ സ്വച്ഛവും ശാന്തവുമായ ജീവിതവുമായി പൊരുത്തപ്പെടുകയാണ്. അതിനിടയില്‍ പ്രകൃതിയെക്കുറിച്ചും തനിക്കു വേണ്ടി മാത്രമല്ലാതെ ജീവിക്കുന്നതെക്കുറിച്ചുമൊക്കെയുള്ള തിരിച്ചറിവുകള്‍ അയാള്‍ക്കുണ്ടായിക്കഴിഞ്ഞിരുന്നു.

ആകാശത്തിന്റെ നിറമെന്താണ് എന്ന് വൃദ്ധന്‍ കുട്ടിയോട് ചോദിക്കുന്ന രംഗത്തിലാണ് സിനിമ തുടങ്ങുന്നത്. നീല... കണ്ണടച്ചു നോക്കിയാലോ? അപ്പോള്‍ മറ്റൊരു നിറം. വൃദ്ധന്‍ പറയുന്നു, നാം കാണാന്‍ ആഗ്രഹിക്കുന്ന നിറമാണ് ആകാശത്തിന്. ഈ വാചകം സിനിമയുടെ ഇതിവൃത്തത്തെ തന്നെയാണ് സംഗ്രഹിച്ചിരിക്കുന്നത്.

ലോകസിനിമയുമായി നിരന്തര ബന്ധമുള്ള പ്രേക്ഷകരെ സംബന്ധിച്ച് 'ആകാശത്തിന്റെ നിറം' വിസ്മയിപ്പിക്കുന്ന സിനിമയൊന്നുമല്ല. അനുഭവങ്ങളുടെ ആഴങ്ങളിലേക്കൊന്നും സഞ്ചരിക്കുന്നില്ലെങ്കിലും ഭാഷയ്ക്കും ദേശത്തിനും അതീതമായ മാനവികതയെക്കുറിച്ചു സംസാരിക്കുന്ന ഈ സിനിമ പക്ഷേ, മലയാളത്തിന് തീര്‍ച്ചയായും പുതിയൊരനുഭവമാണ്. ഹൃദ്യവും സുന്ദരവുമായ അനുഭവം.
ഈ അനുഭവം സൃഷ്ടിച്ചു തരുന്നതില്‍ എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണത്തിനു തന്നെ മുഖ്യ പങ്ക്. ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതത്തിനും മനോജിന്റെ എഡിറ്റിങിനും അഭിനേതാക്കള്‍ക്കുമൊക്കെ സിനിമയുടെ ആത്മാവിനെ കണ്ടറിഞ്ഞ് പെരുമാറാന്‍ കഴിഞ്ഞിട്ടുണ്ട്. ഒടുവില്‍, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്ന ഒരാളെക്കുറിച്ചു കൂടി. മുടക്കു മുതല്‍ പോലും തിരിച്ചു കിട്ടിയേക്കില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഒരു നല്ല സിനിമയ്ക്കു വേണ്ടി പണം മുടക്കാന്‍ തയ്യാറായ കെ.അനില്‍കുമാര്‍.

കടപ്പാട്-ചിത്രഭൂമി