ഓര്‍മ്മകളുടെ മഞ്ചാടി മണികള്‍

posted on:

24 May 2012


ഒരു സിനിമ നിരൂപണം എന്നതിലുപരി ഇതൊരു ഓര്‍മ്മക്കുറിപ്പ് കൂടിയാണ്, മനസ്സിലെ ഏതോ അടരുകളില്‍ ഒളിഞ്ഞിരിക്കുന്ന കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മ ചിത്രങ്ങള്‍.

അഞ്ജലി മേനോന്‍ നാല് വര്‍ഷങ്ങള്‍ക്കു മുന്പ് സംവിധാനം നിര്‍വഹിച്ച 'മഞ്ചാടിക്കുരു' 2008 ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റിവലില്‍ (കേരള) മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള ഹസ്സന്‍ കുട്ടി അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ഈ സിനിമ പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് നടന്ന സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റിവലില്‍ (2009) അഞ്ചു ഗ്രാന്‍ഡ് ജൂറി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹമായി, മികച്ച സിനിമ, സംവിധായിക, തിരക്കഥ, ചായാഗ്രാഹകന്‍, പുതുമുഖ പ്രതിഭ എന്നിവ. ഇങ്ങനെയൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നെങ്കിലും പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമൊരുങ്ങുന്നത് നീണ്ട കാത്തിരിപ്പിന് ശേഷമാണ്.

പൃഥ്വിരാജിന്റെ 'വോയിസ് ഓവറില്‍' തുടങ്ങുന്ന മഞ്ചാടിക്കുരു ഒരു പത്തുവയസ്സുകാരന്റെ ഓര്‍മകളിലേക്ക്, അവന്‍ കണ്ട, അനുഭവിച്ച കാഴ്ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ആ യാത്ര നമ്മളെ കൊണ്ടെത്തിക്കുന്നത് ടി വി യും, മൊബൈല്‍ ഫോണും ഐസ്‌ക്രീം പാര്‍ലരും ഒക്കെ വരുന്നതിനു മുന്‍പുള്ള, എണ്‍പതുകളുടെ തുടക്കത്തിലെ കേരളത്തിലെ ഒരു ഗ്രാമത്തിലേക്കാണ് .

അവധിക്കാലമല്ലാഞ്ഞിട്ടും വിക്കി (മാസ്റ്റര്‍ സിദ്ധാര്‍ത്) ഗള്‍ഫില്‍ നിന്നു നാട്ടിലെ പഴയ തറവാട്ടു വീട്ടിലേക്ക് വരുന്നത് മുത്തശ്ശന്റെ മരണം കാരണമാണ്, അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അച്ഛനമ്മമാരുടെ 'എക്‌സ്സെസ് ബാഗ്ഗജ്' ന്റെ കൂടെ. മരണ വീടിന്റെ അടക്കം പറച്ചിലുകളിലൂടെ അവന്‍ ആ തറവാടിനെ അറിയുന്നു, തളര്‍ന്നു പോയ അമ്മമ്മയെ, അവരുടെ ആറ് മക്കളെ, എല്ലുമുറിയെ പണിയെടുക്കുന്ന തമിഴത്തി പെണ്ണിനെ, തറവാട് ഭാഗം കാത്തിരിക്കുന്നവരെ, പുറത്തേക്കു അക്ഷോഭ്യരെന്നു കരുതുന്നവര്‍ ഒളിപ്പിച്ചു വച്ച കണ്ണീരിനെ, ആ നാടിനെ എല്ലാം പതിനാറു ദിവസത്തെ ആ പറിച്ചു നടലില്‍ അവനറിയുന്നുണ്ട്, മുതിര്‍ന്ന വിക്കി പറയന്ന പോലെ ഒരു സ്‌കൂളില്‍ നിന്നും കിട്ടാത്ത ജീവിതത്തിന്റെ പാഠങ്ങള്‍. അവനവിടെ കൂട്ടായി കണ്ണനും മണിക്കുട്ടിയും ഉണ്ടായിരുന്നു, പിന്നെ റോജയും.

ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്നു സിനിമ പഠനം പൂര്‍ത്തിയാക്കിയ അഞ്ജലി മേനോന്‍ മലയാളത്തിലാണ് തന്റെ ഫീച്ചര്‍ ഫില്മുകള്‍ എല്ലാം ചെയ്തിട്ടുള്ളത്. അവരുടെ മൂന്നു സിനിമകള്‍ (കല്യാണി, ഹാപ്പി ജേര്‍ണി, മഞ്ചാടിക്കുരു) തരുന്ന അനുഭവം ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലെ അവരുടെ വൈഭവം ആണ്. പിന്നെ സ്വാഭാവികമായ, കൃത്രിമത്വം ഒട്ടും ഇല്ലാത്ത സംഭാഷണങ്ങളും. കല്യാണി മഹത്തായ ഒരു സിനിമയൊന്നും അല്ല, എങ്കിലും അതിലെ ബൈജു (മാസ്റ്റര്‍ അബ്ദുല്‍ ലത്തീഫ്) എന്ന തെരുവ് പയ്യനെ മറക്കാന്‍ ബുദ്ധിമുട്ടാണ്.

ജഗതിയുടെയും നിത്യ മേനോന്‍ ന്റെയും മികച്ച പ്രകടനം ഹാപ്പി ജേര്‍ണി യെ 'കേരള കഫെ' യിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാക്കി. അത് പോലെയാണ് മഞ്ചാടിക്കുരുവിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ സംവിധായിക കാണിച്ച പാടവം. ബാല്യത്തിന്റെ എല്ലാ മാസ്മരികതയും ഇതിലെ ബാല താരങ്ങള്‍ നമുക്ക് സമ്മാനിക്കുന്നുണ്ട്. അതൊരിക്കലും ഒരു കെട്ട് കാഴ്ചയായി മാറുന്നില്ല.

കണ്ണന്‍ (മാസ്റ്റര്‍ റിജോഷ്) വടക്കന്‍ പാട്ടിലെ നായകനെ പോലെ സംസാരിക്കുന്നത് അവന്‍ ആയിടെ കണ്ട സിനിമയുടെ സ്വധീനമാവം (കണ്ണപ്പനുണ്ണിയുടെ പോസ്റ്റര്‍ ചായ കടയില്‍ കാണാം). സിനിമ ശരിക്കും ഒരത്ഭുത കാഴ്ചയായിരുന്ന, ഇന്നത്തെ പോലെ ടി വി യും ഇഷ്ടം പോലെ തിയേറ്ററുകളും ഇല്ലാതിരുന്ന ഒരു കാലത്ത് സിനിമ കൊട്ടകയില്‍ പോയി അപൂര്‍വമായി കാണാന്‍ കിട്ടുന്ന സിനിമ കാഴ്ചകള്‍ പാഠ ഭാഗങ്ങള്‍ പോലെ ഉരുവിട്ട് പഠിച്ചിരുന്ന ഒരു ബാല്യകാലം കണ്ണന്‍ ഓര്‍മിപ്പിച്ചു. സിനിമ കഴിഞ്ഞു ഇറങ്ങിയാലും ഇതിലെ തമിഴത്തി കുട്ടി അത്ര പെട്ടന്ന് മനസ്സില്‍ നിന്നു പോവില്ല. വൈജയന്തി അത്ര മനോഹരമാക്കിയിട്ടുണ്ട് അവളെ. റഹ്മാന്റെ അഭിനയ ജീവിതത്തില്‍ വേറിട്ടൊരു കഥാപാത്രമാണ് രഘു, അതയാള്‍ ഭംഗിയാക്കിയിട്ടുമുണ്ട് .

പഴയ വിപ്ലവകാരിയായ സന്യാസി ജീവിതത്തില്‍ നിന്നു ഒളിച്ചോടിയതിന്റെ കുറ്റബോധത്തോടെ അമ്മയുടെ മുന്‍പില്‍ വരാനാവാതെ നില്‍ക്കുന്ന രംഗങ്ങളില്‍ യശ: ശരീരനായ മുരളിയെ കണ്ടപ്പോള്‍ പെട്ടന്ന് ഒന്നമ്പരന്നു, ഈ സിനിമ നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ചതാണെന്ന് ഓര്‍ക്കാതെ. പിന്നെ ആഹ്ലാദത്തോടെ ആരൊക്കെയോ കൈയടിക്കുന്ന ശബ്ദം.

ഏട്ടന്റെ വാലായി നടക്കുന്ന അനിയത്തിക്കുട്ടി മടക്കി തന്നത് പഴയ കുറെ ഓര്‍മകളാണ്. വേനലവധിക്കാലത്തിന്റെ സമൃദ്ധി മാങ്ങയും ചക്കയും മുളപ്പിച്ച കശുവണ്ടിയും ഐനി ചക്കയും അരിനെല്ലിക്കയും ചാമ്പയും കുപ്പായത്തില്‍ വരച്ചിട്ട ചിത്രങ്ങള്‍, സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു മുട്ടിലെ തൊലി കളഞ്ഞത്, കുളത്തില്‍ നീന്തി തിമിര്‍ത്തത്, മരം കയറാന്‍ പഠിച്ചത്, ഒരുപാട് സ്‌നേഹവും കുറച്ചു പേടിയുമായി ബഹുമാനിച്ചിരുന്ന മുത്തശ്ശന്‍, നൂറായിരം കഥകള്‍ പറഞ്ഞു തന്നിരുന്ന മുത്തശ്ശി, വീട് നിറച്ചും ആളുകള്‍ എല്ലാം ആ കാലത്തിന്റെ ഓര്‍മ്മ കുറിപ്പുകള്‍. കുട്ടികളുടെതായ ഒരു ലോകം ഉണ്ടായിരുന്നു, ചെരുപ്പിടാതെ, മുടിയില്‍ ചീര്‍പ്പ് തൊടാതെ കളികളും കുസൃതികളുമായി ഒരു അവധിക്കാലം.

ഗള്‍ഫില്‍ നിന്നു വരുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന, പെര്‍ഫ്യൂം മണക്കുന്ന, അലക്കി തേച്ച മിന്നുന്ന കുപ്പായങ്ങളിട്ട കസിന്‍സ്, നാടന്‍ സ്‌കൂളില്‍ പഠിക്കുന്ന 'എലുമ്പന്മാരായ' ഞങ്ങള്‍ക്ക് അവരോടു സ്വാഭാവികമായും തോന്നിയിരുന്ന 'ഒരിത്'! എപ്പോഴും മുഷിഞ്ഞ വേഷത്തില്‍ എല്ലാവരും പറയുന്ന ജോലികള്‍ ഒക്കെ ചെയ്തു നടക്കുന്ന പന്ത്രണ്ടു വയസ്സുകാരി റോജ ഞങ്ങളുടെ തറവാട്ടിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു 'പെണ്ണ്'.
 1 2 NEXT