ഡയമണ്ട് നെക്ക്‌ലസ്: ലാല്‍ജോസ് ടീമിന്റെ ദൃശ്യവിരുന്ന്
ഷാഹിന കെ റഫിക്
posted on:
09 May 2012
അമ്മയുടെ ശിക്ഷണത്തില്‍ മാത്രം വളര്‍ന്ന ഒരു മകന്‍. എന്നും അവരുടെ നിയന്ത്രണം അവന്റെ മേലുണ്ടായിരുന്നു, എല്ലാ കാര്യത്തിലും. പിന്നീട് പുറത്തു പഠിക്കാനും വിദേശത്ത് ജോലി ചെയ്യാനും അവസരം ലഭിച്ചപ്പോള്‍ കൗമാരക്കാലത്ത് നിഷേധിക്കപ്പെട്ട എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പകരമായി അവന്‍ ജീവിതം ഒരുത്സവമാക്കി മാറ്റുന്നു. കൂട്ടുകൂടലിന്റെ, ധാരാളിത്തത്തിന്റെ, മുന്‍പിന്‍ നോക്കാതെയുള്ള ജീവിതം. ഇഷ്ടമുള്ളതെന്തും, എത്ര വിലകൂടിയതായാലും അവന്‍ സ്വന്തമാക്കി, ഒരുതരം ആര്‍ത്തിയോടെ. അമ്മയുടെ കണ്‍വെട്ടമെത്താത്ത, വിലക്കുകളില്ലാത്ത ആ ലോകമാണ് ശരിയെന്നവന്‍ ധരിച്ചു. 'പ്ലാസ്റ്റിക് മണി' തരുന്ന സാമ്പത്തിക സ്വാതന്ത്ര്യം മിഥ്യയാണെന്ന് മൂക്കറ്റം കടത്തില്‍ മുങ്ങുന്ന വരെ അറിഞ്ഞതുമില്ല. ഡോക്ടര്‍ അരുണ്‍ കുമാര്‍ എന്ന കാന്‍സര്‍ ചികിത്സകന്റെ, അയാളുടെ പേഴ്‌സ് നിറച്ചുമുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ കഥയാണ് ഡയമണ്ട് നെക്ലസ്. അയാളുടെ ജീവിതത്തിലെ പ്രണയിനി, സുഹൃത്ത്, ഭാര്യ എന്നീ മൂന്നു സ്ത്രീകളുടെ, അയാളെ സഹോദരനെ പോലെ കാണുന്ന ഡോക്ടര്‍ അക്കയുടെ, ആപത്തില്‍ പെടുമ്പോള്‍ സഹായിക്കാനെത്തുന്ന നാട്ടുകാരന്റെ, അമ്മയുടെ ഒക്കെ കഥ കൂടിയാണ്.
സെവന്‍സ് നു ശേഷം ഇഖ്ബാല്‍ കുറ്റിപ്പുറവും സ്പാനിഷ് മസാലയ്ക്ക് ശേഷം ലാല്‍ ജോസും ഒരുക്കുന്ന ഡയമണ്ട് നെക്ലസ് വ്യത്യസ്തമായ കഥ കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രമാണ്. മലയാളത്തിലെ മാറുന്ന സിനിമ രീതികളിലേക്ക്, നവ അഭിരുചികളിലെക്ക് ലാല്‍ ജോസ് ചുവടു മാറുന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ ചിത്രം. ഒരു ബംഗാളി ഷോര്‍ട്ട് ഫില്മില്‍ നിന്നാണ് കഥ വികസിപ്പിച്ചതെന്നു തുടക്കത്തില്‍ തന്നെ മാന്യമായി പറഞ്ഞു വയ്ക്കുന്നുമുണ്ട്.
ഒരു സിനിമയുടെ വിജയത്തിന് കഥയും സംവിധാന മികവും പോലെ തന്നെ പ്രധാനമാണ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുക്കുന്നതും. ചെരുപ്പിനനുസരിച്ചു കാലു മുറിക്കുന്ന, താര പ്രഭാവത്തിനനുസരിച്ച കഥകള്‍ മെനയുന്ന രീതി ഈ സിനിമയില്‍ ഒട്ടും ഇല്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്. ഒറ്റ സീനില്‍ വരുന്ന ശിവജി ഗുരുവായൂര്‍ മുതല്‍ നായകന്‍ ഫഹദ് ഫാസില്‍ വരെ അവരവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. ഫഹദ് ഒരിക്കലും 'അഭിനയിക്കുകയല്ല', ചെറു ചലനങ്ങളിലൂടെ, തന്മയത്വത്തോടെ ഡോക്ടര്‍ അരുണ്‍ കുമാര്‍ ആയി ജീവിക്കുകയാണ്.
വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലും ഈ അനായാസത ഉണ്ട് ഫഹദ് ഫാസിലിനു. അതു പോലെ മികച്ച പ്രകടനമാണ് കലാമണ്ഡലം രാജശ്രീ ആയി വേഷപ്പകര്‍ച്ച നടത്തിയ പുതുമുഖതാരം അനുശ്രീ കാഴ്ച വയ്ക്കുന്നത്. മറ്റു കഥാപാത്രങ്ങള്‍ എല്ലാം തന്നെ, ഗൗതമി നായര്‍, സംവൃത സുനില്‍, രോഹിണി, ശ്രീദേവി ഉണ്ണി, തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ശ്രീനിവാസനെ വ്യക്തിത്വമുള്ള കഥാപാത്രമാക്കി മാറ്റാനും സംവിധായകന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരായ ഗള്‍ഫ് മലയാളികളുടെ അവസ്ഥ ഒറ്റ ഷോട്ടിലൂടെ കാണിക്കാനുമായിട്ടുണ്ട് ലാല്‍ ജോസിനു, 'അറബിക്കഥയുടെ' ഹാങ്ങ് ഓവര്‍ ഇല്ലാതെ. തമാശയ്ക്ക് വേണ്ടി തമാശ പറയുന്ന കോമഡി കഥാപാത്രങ്ങള്‍ ഇല്ലാത്തതും ആശ്വാസം തന്നെ.
സാധാരണ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ എല്ലാ കഥാപാത്രങ്ങളും മലയാളമാണ് സംസാരിക്കുക. (ലാല്‍ ജോസിന്റെ 'സ്പാനിഷ് മസാലയില്‍' സ്പാനിഷ് സുന്ദരി വരെ മലയാളം പറഞ്ഞിരുന്നു!) ഡയമണ്ട് നെക്ലസില്‍ ഈ കല്ല് കടിയില്ല, ലക്ഷ്മി (ഗൗതമി) എന്ന തമിഴ് പെണ്‍കൊടി സിനിമയിലുടനീളം തമിഴ് മാത്രമേ സംസാരിക്കുന്നുള്ളൂ, അവള്‍ പാടുന്ന പാട്ടും അവളുടെ ഭാഷയില്‍.