കലവൂര്‍ രവികുമാര്‍ ആദ്യമായി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച 'ഫാദേഴ്‌സ് ഡേ' മഹത്തായ ഒരു സിനിമ ഒന്നും അല്ല. സാങ്കേതികത്തികവോ, എടുത്തുപറയത്തക്ക സംവിധാന മികവോ ഇല്ലാത്ത ഒരു സാധാരണ ചിത്രം. എന്നാലും നായക നടന്മാരും അവരുടെ താരശരീരങ്ങളും ആഘോഷിക്കപ്പെടുന്ന ഇപ്പോഴത്തെ മലയാളസിനിമയില്‍ ഈ ചിത്രം ഒരു വേറിട്ട കാഴ്ച തന്നെയാണ്, ഒരു പ്രതീക്ഷയും. മാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ, ആത്മഹത്യ ചെയ്യാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പെണ്ണിന്റെ കഥ പറയുന്നതിലൂടെ.
കോളേജ് അധ്യാപികയാണ് സീതാലക്ഷ്മി (രേവതി), സ്വന്തം ജോലിയേയും കുട്ടികളെയും സ്‌നേഹിക്കുന്ന ഒരു അധ്യാപിക. അവരെ ഒരുപാട് സ്‌നേഹിക്കുകയും കരുതലോടെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന ഒരു അനിയനും (വിനീത് ), വീട്ടിലും കോളേജിലും പ്രകാശം പരത്തിക്കൊണ്ട് അമ്മാവന്റെ മകളും (പുതുമുഖം ഇന്ദുതമ്പി) ഉണ്ട്. അവിവാഹിതയായി തുടരുന്ന സഹോദരിക്ക് വേണ്ടി ഇടയ്ക്കിടയ്ക്ക് ഓരോ കല്യാണ ആലോചനകള്‍ അനിയന്‍ കൊണ്ടുവരുന്നുണ്ട്. അത്തരമൊരു വേളയില്‍ അവരെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മാത്തനും (ലാല്‍) കടന്നുവരുന്നു.
ഇതിനിടയിലാണ് ടീച്ചറെ വിടാതെ പിന്തുടര്‍ന്ന് കൊണ്ട് ഒരുപാട് നീണ്ട അലച്ചിലിന്റെയും, ആരോടും പറയാത്ത എന്തൊക്കെയോ വ്യഥകളുടെയും ഭാരവുമായി ജോസഫ് കെ. ജോസഫ് എന്ന ഇരുപതുകാരന്‍ വന്നുചേരുന്നത്. അവന്‍ ടീച്ചര്‍ക്കായി കൊണ്ടുവന്നത് നോവിന്റെ കുറേ ഓര്‍മപ്പെടുത്തലുകളാണ്. ഒരിക്കല്‍ അവരെ ജീവിതത്തില്‍ നിന്നു തള്ളിത്താഴെയിട്ട മനസ്സിന്റെ താളം തെറ്റിച്ച മുറിപ്പാടുകളുടെ ഓര്‍മ്മച്ചിത്രങ്ങള്‍. സാധാരണ സിനിമാ കാഴ്ചകളില്‍ കാണാറുള്ള വില്ലന്‍മാരെ അടിച്ചിടുന്ന നായകനോ, മാനഭംഗത്തിനിരയായി അത്മഹത്യ ചെയ്യുന്ന നായികയോ ഈ സിനിമയില്‍ ഇല്ല.
ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ള പാട്ടും ഡാന്‍സും സിരകളില്‍ നിറച്ച ഒരു സാധാരണ പെണ്‍കുട്ടി, അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞു ഹോസ്റ്റലില്‍ നിന്ന് വൈകി വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ നാലുപേരുടെ, ഒരു അവയവം മാത്രം പ്രവര്‍ത്തിക്കുന്ന, മനസ്സ് നഷ്ടപ്പെട്ടവരുടെ, കാമവെറിക്ക് പാത്രമാവുകയാണ്. സാധാരണ ഒരു പെണ്‍കുട്ടിക്ക് സംഭവിക്കാറുള്ള പോലെ തന്നെ അവള്‍ക്കും നീതി ലഭിക്കുന്നില്ല. കോടതിമുറിയില്‍ വീണ്ടും മാനഭംഗം ചെയ്യപ്പെടുകയല്ലാതെ. അങ്ങനെ ഒരു പെണ്ണിന്റെ കഥ പറയുകയാണ് ഈ സിനിമ.
അവള്‍ക്ക് തീരാമുറിപ്പാടുകള്‍ നല്‍കി സ്വന്തം കുടുംബവുമായി സുഖജീവിതം നയിക്കുന്ന പീഡകര്‍ക്ക് നല്‍കിയ അപൂര്‍വശിക്ഷയുടെയും അതിഭാവുകത്വവും നാടകീയമായ അഭിനയ മുഹൂര്‍ത്തങ്ങളും സിനിമയുടെ ഒഴുക്കിനെ പലപ്പോഴും ബാധിക്കുന്നുണ്ടെങ്കിലും കഥ അധികം വളച്ചുകെട്ടില്ലാതെ സംവിധായകന്‍ പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്. പുതുമുഖ നായകകഥാപാത്രം ഷഹീന്റെ സ്വാഭാവികമായ അഭിനയ രീതിയാണ് എടുത്തുപറയേണ്ട ഒരു ഘടകം അതുപോലെ രേവതിയുടെ സീതാലക്ഷ്മിയും. അസ്ഥാനത്തുള്ള ചില പാട്ടുകള്‍ വിപരീതഫലം ഉളവാക്കുന്നുണ്ട് ചിത്രത്തില്‍.
ശാസ്ത്രസംബന്ധിയായ കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തുമ്പോള്‍ അത് ഏഴാംഅറിവ് പോലുള്ള ബിഗ് ബജറ്റ് പടങ്ങള്‍ആണെങ്കിലും ഫാദേഴ്‌സ് ഡേ പോലുള്ള കൊച്ചുപടങ്ങള്‍ ആണെങ്കിലും അത്ര ലാഘവബുദ്ധി വരുന്നത് എന്തുകൊണ്ടാണാവോ? ഡി.എന്‍.എ ടെസ്റ്റ് പോലുള്ളവ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ എങ്കിലും പരതാമായിരുന്നു ചിത്രത്തിന്റെ കഥ എഴുതിയ സംവിധായകന്‍. ഇരുപതുകൊല്ലം മുന്‍പ് വില്ലന്‍ കഥാപാത്രം മൗത്ത് ഓര്‍ഗനില്‍ വായിച്ച ട്യൂണ്‍ ജോസഫ് കെ. ജോസഫ് മൂളിയതും അസ്വാഭാവികമായി തോന്നി. അതുപോലെ വില്ലന്‍ കഥാപാത്രങ്ങളുടെ അഭിനയവും. അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ അരങ്ങേറുന്ന ഇന്നത്തെ മലയാള സിനിമയില്‍ ഈ കൊച്ചുചിത്രം ഒരു കാഴ്ചയൊക്കെ അര്‍ഹിക്കുന്നുണ്ട്.