ബാവുട്ടിയുടെ നാമത്തില്‍

ടി.എസ്. പ്രതീഷ്‌

 

posted on:

05 Nov 2012


രഞ്ജിത്തിന്റെ രചനയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം 'ബാവുട്ടിയുടെ നാമത്തില്‍' കോഴിക്കോട്ട് തുടങ്ങി. ഒരു ഹൃദ്യമായ കൈ കോര്‍ക്കല്‍ പോലെ ... രണ്ടു പതിറ്റാണ്ടിനു മുമ്പ് മമ്മൂട്ടിയെ നായകനാക്കി 'ചരിത്രം' ഒരുക്കി മലയാളസിനിമയില്‍ സ്വതന്ത്ര സംവിധായകനായി മാറിയ ജി.എസ്. വിജയന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിക്കൊപ്പമെത്തുമ്പോള്‍ പിന്‍ബലമായി മാറുകയാണ് രഞ്ജിത് ;തിരക്കഥാകൃത്തും നിര്‍മ്മാതാവുമായി.

കാപ്പിറ്റോള്‍ തിയേറ്ററിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാവ്യാമാധവന്‍, രമ്യാ നമ്പീശന്‍, റിമാകല്ലിങ്കല്‍ എന്നിവരാണ് നായികമാര്‍. ശങ്കര്‍ രാമകൃഷ്ണന്‍ , ഹരിശ്രീ അശോകന്‍,മാമുക്കോയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തില്‍ കോഴിക്കോട്ടെ നാടക കലാകാരന്‍മാരും പ്രധാന വേഷങ്ങളിലെത്തുന്നു. 'ബാവുട്ടിയുടെ നാമത്തിലി'ന്റെ പൂജയും സ്വിച്ചോണും തളി ക്ഷേത്രത്തില്‍ നടന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പി.എം.ശശിധരന്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. കെ.ആര്‍. പ്രമോദ് (സീനിയര്‍ മാനേജര്‍, പബ്ലിക് റിലേഷന്‍സ്, മാതൃഭൂമി) ഫസ്റ്റ് ക്ലാപ്പടിച്ചു

പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്ന്റിനു ശേഷം ഒരു മമ്മൂട്ടിച്ചിത്രത്തിന് തൂലിക ചലിപ്പിക്കുകയാണ് രഞ്ജിത്. അത്യാഗ്രഹങ്ങളില്ലാത്ത, ലളിത ജീവിതത്തിന്റെ സൗന്ദര്യത്തില്‍ തൃപ്തനായി കഴിയുന്ന ഡ്രൈവര്‍. അങ്ങനെയൊരു കഥാപാത്രമാണ് ബാവുട്ടി. എന്നാല്‍ ബാവുട്ടിയുടെ മുതലാളി സേതു മാധവന്‍ ഒരു നിമിഷം പോലും ഒഴിവില്ലാതെ പണമുണ്ടാക്കാന്‍ കുതിക്കുന്നു. ജീവിതത്തിന്റെ രണ്ടു തരം സമീപനങ്ങളിലൂടെ സമകാലീന ജീവിതം പറയാനാണ് ബാവുട്ടിയുടെ നാമത്തില്‍ ശ്രമിക്കുന്നത്.ബാവുട്ടിയായി മമ്മൂട്ടിയെത്തുമ്പോള്‍ സേതു മാധവനാകുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

മലപ്പുറത്തെ ഒരു ധനികഗൃഹത്തിലെ ജീവിത പരിസരങ്ങളിലേക്കാണ് ബാവുട്ടിയുടെ ക്യാമറ കണ്‍തുറക്കുന്നത്. അവിടുത്തെ സേതുമാധവന്റെ സഹധര്‍മ്മിണിയാണ് വനജ. നീലേശ്വരം കാരിയായ ഈ കഥാപാത്രത്തിന് ജീവന്‍ നല്കുന്നത് നീലേശ്വരം കാരിയായ കാവ്യയാണ്.വനജയുടേയും സേതുമാധവന്റെയും സ്വച്ഛമായ ജീവിതവഴിയിലെത്തുന്ന മറിയംബിയെന്ന കഥാപാത്രത്തെ രമ്യയും നൂര്‍ജഹാനെ റിമാകല്ലിങ്കലും അവതരിപ്പിക്കുന്നു.

ജീവിതങ്ങളില്‍ കഥ തേടുമ്പോള്‍
തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന പ്രാഞ്ചിയേട്ടനു ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന് ഒരു മലപ്പുറത്തുകാരന്‍ ഡ്രൈവറെ സ്‌ക്രീനിലെത്തിക്കാനാണ് രഞ്ജിത്തിന്റെ തൂലിക ചലിച്ചത്. പ്രാഞ്ചിയേട്ടനില്‍ നിന്ന് ഇനി മമ്മൂട്ടി കഥാപാത്രം എങ്ങോട്ട് വളരണമെന്ന് കൃത്യമായി മനസ്സിലാക്കി ബാവുട്ടിയുടെ നാമത്തില്‍ എന്ന കഥ പിറന്നപ്പോള്‍ തന്റെ സുഹൃത്തായ ജി.എസ്.വിജയന് രഞ്ജിത് സമ്മാനിക്കുകയായിരുന്നു. അദ്ദേഹം ചിത്രത്തിലേക്ക് എത്തിയ വഴികളിലേക്ക്..

''എല്ലാ കഥകളും കിട്ടുന്നത് എന്റെ ചുറ്റു പാടുകളില്‍ നിന്നാണ്. ബാവുട്ടിയുടെ ജീവിതം പറയുന്ന ബാവുട്ടിയുടെ നാമത്തിലേക്കും ഞാന്‍ സഞ്ചരിച്ചത് ഞാന്‍ കണ്ട ജീവിതങ്ങളില്‍ കഥ തേടിയാണ് . ബന്ധങ്ങളും പരസ്പര വിശ്വാസവുമെല്ലാം നിലനില്‌ക്കേണ്ട കുടുംബവും സമൂഹവുമെല്ലാം തിരിച്ചറിയേണ്ട കാര്യങ്ങളാണ് ബാവുട്ടിയുടെ നാമത്തിലൂടെ പറയുന്നത്.''

ജി.എസ്. വിജയന്‍ എന്ന സുഹൃത്തിന് ഒരു കഥ നല്കുന്നതിനൊപ്പം നിര്‍മ്മാതാവിന്റെ റോളും കൂടി താങ്കള്‍ ഏറ്റെടുക്കുമ്പോള്‍ ഒരു പുതിയ കൂട്ടായ്മ സിനിമാലോകം കാണുകയാണല്ലോ?


സിനിമയുടെ ആരവങ്ങളില്‍ നിന്ന് വഴിമാറി നടക്കുന്ന സംവിധായകനാണ് ജി.എസ്. വിജയന്‍. അദ്ദേഹത്തില്‍ നിന്ന് ചരിത്രം, ആനവാല്‍ മോതിരം തുടങ്ങി ഒരു പാട് നല്ല ചിത്രങ്ങള്‍ പിറന്നതാണ്. ഒരു പ്രോജക്ട് ഉണ്ടാക്കിയെടുക്കാന്‍ സാധാരണ സംവിധായകര്‍ കാണിക്കുന്ന തിടുക്കങ്ങളൊന്നുമില്ലാത്ത ആളായതു കൊണ്ട്് കുറച്ചു കാലമായി സിനിമയില്‍ സജീവമല്ലാതിരിക്കുകയായിരുന്നു. എന്റെ സിനിമാപ്രവേശകാലത്തു മുതല്‍ അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ അതിന്റെ നിര്‍മ്മാണം ഞങ്ങളുടെ കാപ്പിറ്റോള്‍ തിയേറ്റര്‍ ഏറ്റെടുത്തത് യാദൃച്ഛികം.


ജി.എസ്.വിജയന് ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ കഥ നല്കിയത് എങ്ങനെയായിരുന്നു?

ഞാന്‍ പ്രാഞ്ചിയേട്ടന്‍ ചെയ്യുന്ന സമയത്ത് സെറ്റില്‍ മമ്മൂക്കയോട് ഒരു കഥ പറയാന്‍ വിജയന്‍ വന്നു. അപ്പോള്‍ മമ്മൂക്കയോട് ഞാന്‍ അദ്ദേഹത്തിന് ഡേറ്റ് കൊടുത്തുകൂടെയെന്ന് ചോദിച്ചു. നീ കഥ നല്കിയാല്‍ ഞാന്‍ ഡേറ്റ് കൊടുക്കാം എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അപ്പോള്‍ ഞാന്‍ കഥയല്ല തിരക്കഥയാണ് വിജയന് നല്കുന്നതെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ കൈ കൊടുക്കുകയായിരുന്നു. അന്ന് തന്നെ ഞങ്ങള്‍ക്ക് ഈ സിനിമ നിര്‍മ്മിക്കാം എന്നു തോന്നിയിരുന്നെങ്കിലും നിര്‍മ്മാണക്കാര്യത്തിന് കൈ നല്കിയിരുന്നില്ല,. പിന്നീട് ഒരു പ്രോജക്ടായി മാറിയപ്പോഴാണ് നിര്‍മ്മിക്കാന്‍ കാപ്പിറ്റോള്‍ ബാനര്‍ വന്നത്.

പ്രാഞ്ചിയേട്ടനു ശേഷം ഇന്ത്യന്‍ റുപ്പിയും സ്പിരിറ്റും ചെയ്യുമ്പോള്‍ ബാവുട്ടി രൂപപ്പെട്ടിട്ടില്ലായിരുന്നോ?
ഞാന്‍ ഇന്ത്യന്‍ റുപ്പിയും സ്്പിരിറ്റും ചെയ്യുമ്പോഴൊക്കെ ഒരു തിടുക്കവും കാണിക്കാതെ വിജയന്‍ കാത്തിരുന്നു. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ വിശ്വാസമായിരുന്നു. അപ്പോഴൊക്കെ ബാവുട്ടിയെന്ന കഥാപാത്രം എന്റെ മനസ്സില്‍ വളരുന്നുണ്ടായിരുന്നു.

കാവ്യ മിഴി രണ്ടിലും എന്ന ചിത്രത്തിനു ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരു കഥാപാത്രം ചെയ്യുകയല്ലേ?

അതെ.
 1 2 NEXT