ഹൈറേഞ്ചിലെ ഒരു കുടിയേറ്റ ഗ്രാമമായ വെളളിമല. അവിടുത്തെ ഡാമിന്റെ പരിസരപ്രദേശങ്ങളിലെ ജീവിതക്കാഴ്ചകള്‍ക്കാണ് ജവാന്‍ ഓഫ് വെളളിമലയുടെ പ്രധാന ഫോക്കസ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ന്യൂജനറേഷന്‍ സിനിമകള്‍ക്ക് പുതിയൊരു മുഖം നല്കാനുളള ശ്രമത്തിലാണ്. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മംമ്തയാണ്് നായിക. ശ്രീനിവാസന്‍, ആസിഫ്അലി,ബാബുരാജ്, അമിത്, കോട്ടയം നസീര്‍, സാദിക്ക്,ജോജോ, ദേവന്‍കോഴിക്കോട്, ശശികലിംഗ, കലാഭവന്‍ നിയാസ്, ബാലന്‍ പാറക്കല്‍,അമല്‍രാജ് തുടങ്ങിയവരാണ്് മറ്റു താരങ്ങള്‍.
കാര്‍ഗില്‍യുദ്ധത്തില്‍ നിന്ന് പരിക്കേറ്റ് അവിചാരിതമായി വിരമിച്ചു പോരേണ്ടി വന്ന പട്ടാളക്കാരനാണ് ഗോപീകൃഷ്ണന്‍. വെളളിമല നിവാസിയായ അദ്ദേഹമിപ്പോള്‍ ഡാമിലെ പമ്പ് ഓപ്പറേറ്ററായി ജോലി നോക്കുകയാണ്.അതിനിടെ കെ .എസ്.ഇ.ബി എക്‌സ്‌ക്യുട്ടീവ് എഞ്ചിനിയര്‍ വര്‍ഗ്ഗീസ്, കോണ്‍ട്രാക്ടറുടെ മകനായ കോശി ഉമ്മന്‍, അവിടുത്തെ ശുദ്ധ ജല വിതരണത്തിന് രംഗത്തിറങ്ങിയ അനിത തുടങ്ങി ഒരു ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന ഒരു പാട് ജീവിതങ്ങളെ ഗോപീകൃഷ്്ണന്‍ അടുത്തറിയുന്നു. ഒരു ശരാശരി പൗരന്് അറിയേണ്ട ഒരു പാട് കാര്യങ്ങളുണ്ട്. അത് വിസ്മരിക്കുകയോ അല്ലെങ്കില്‍ സൗകര്യപൂര്‍വം മറക്കുകയോ ചെയ്യുമ്പോള്‍ സംഭവിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ വെളളിമലയിലും നടക്കുന്നു. അതാണ് ജവാന്‍ ഓഫ് വെളളിമല വെളളിത്തിരയില്‍ എത്തിക്കുന്നത്. പ്ലേ ഹൗസിന്റെ ബാനറില്‍ പ്ലേഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
എനിക്ക് ഇരട്ടി മധുരം-അനൂപ് കണ്ണന്‍
''ന്യൂജനറേഷന്‍ സിനിമകളുടെ ട്രെന്റിനിടയില്‍ പുതു തലമുറയ്ക്ക് പുതിയ അറിവുകള്‍ നല്കാന്‍ ശേഷിയുളള ഒരു കഥയാണ് ജവാന്‍ ഓഫ് വെളളിമലയിലുളളത്. ഹാസ്യത്തിന്റെ നിറങ്ങളുമായി പറയുന്ന കഥയില്‍ ഗൗരവമായ ഒരു കാര്യവും ഇഴചേര്‍ന്നിരിക്കുന്നു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ഒരു ചിത്രം ഒരുക്കാനുളള ആത്മാര്‍ഥമായ ശ്രമത്തിലാണ്'' അനൂപ് കണ്ണന്‍
മീശമാധവനില്‍ ലാല്‍ജോസ് എന്ന സംവിധായകന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ അനൂപ്കണ്ണന്‍ സ്വതന്ത്രസംവിധായകനാകുന്ന ആദ്യചിത്രമാണ് ജവാന്‍ ഓഫ് വെളളിമല.
ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കണമെന്ന് ആദ്യമേ കരുതിയിരുന്നോ?
ആദ്യം വ്യക്തതയുളള കഥ പ്ലാന്‍ ചെയ്തു. കഥാവളര്‍ച്ചയില്‍ ആ കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യനായത് മമ്മൂക്കയാണെന്ന് തോന്നി. അങ്ങനെ മമ്മൂക്കയുടെ അടുത്ത് ചെന്ന് കഥപറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു. മമ്മൂക്ക നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ രീതികളും കാര്യങ്ങളുമൊക്കെ നമുക്ക് അറിയാന്‍ കഴിയുമല്ലോ. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ക്യാരക്ടറിന് ഏറ്റവും അനുയോജ്യമാവുക അദ്ദേഹമായിരുന്നു. അങ്ങനെയാണ് മമ്മൂക്കയിലേക്ക് എത്തുന്നത്.
ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് ജവാന്‍ ഓഫ് വെളളിമല ഒരുങ്ങുന്നത്. ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലൂടെ തിരക്കഥാകൃത്തായ ജയിംസ് ആല്‍ബര്‍ട്ടുമായുളള സൗഹൃദവഴികള്‍?
ക്ലാസ്‌മേറ്റ്‌സ് മുതല്‍ ജയിംസേട്ടനുമായി അടുത്ത സൗഹൃദമുണ്ട്. പിന്നീട് ലാല്‍ സാറിന്റെ (ലാല്‍ജോസിന്റെ) മഴവരൈ പോകറുത് എന്ന തമിഴ് ചിത്രത്തിന്റെ വര്‍ക്കിനിടയിലാണ് കൂടുതല്‍ ദൃഢമായ ഒരു ബന്ധം ഞങ്ങളില്‍ ഉണ്ടായത്.അതിപ്പോഴും തുടരുന്നു.
ലാല്‍ജോസല്ലേ താങ്കളുടെ ഗുരു?
ലാല്‍ജോസ് സാറാണ് ഗുരുനാഥന്‍. അദ്ദേഹം പഠിപ്പിച്ചെന്നേയുള്ളൂ. നമ്മള്‍ എന്തൊക്കെ പഠിച്ചുവെന്നത് സിനിമ കാണുമ്പോഴേ അറിയൂ. അദ്ദേഹത്തിന് പേര് ദോഷം വരാതെ നോക്കുകയാണ്.
ജവാന്‍ ഓഫ് വെളളിമലയുടെ മേക്കിങ്ങില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടോ?
ആവശ്യത്തിന് ടെക്‌നോളജി ഉപയോഗിക്കുന്നുവെന്നേയുളളൂ. ഈ ചിത്രത്തിലൂടെ ടെക്‌നോളജി എന്താണെന്ന് അറിയാന്‍ ഒരു കാര്യവും ചെയ്യുന്നില്ല. ബലൂണ്‍ ലൈറ്റ്ഡാമിന്റെ പരിസരം മുഴുവന്‍ എളുപ്പം ലൈറ്റപ്പ് ചെയ്യാനാണ് ഉപയോഗിച്ചത്.
അനൂപിന്റെ ആദ്യസിനിമ മമ്മൂട്ടിയുടെ നേതൃത്വത്തിലുളള പ്ലേഹൗസിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാകുമ്പോള്‍?
കഥയായതിനു ശേഷം മമ്മൂക്കയുടെ അടുത്തു പോയപ്പോള്‍ നിര്‍മ്മാണത്തെക്കുറിച്ചൊന്നും ധാരണയായിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് ഈ പ്രോജക്ട് നമുക്ക് പ്ലേഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കാം എന്ന രീതിയിലേക്ക് വരുന്നത്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂക്കയെ നായകനാക്കി ഒരുക്കാന്‍ കഴിയുന്നുവെന്നത് തന്നെ മഹാഭാഗ്യമാണ്.