മനസ്സുകളിലെ ഇടവപ്പാതി

ടി.എസ്. പ്രതീഷ്‌

 

posted on:

12 Jun 2012


ജന്മനാടിനെ സ്വപ്‌നം മാത്രം കാണാന്‍ കഴിയുന്ന,മറ്റൊരു രാജ്യത്തില്‍ അഭയാര്‍ഥികളെപ്പോലെ ജീവിക്കേണ്ടി വരുന്ന സമൂഹങ്ങള്‍ ലോകത്ത് പലയിടങ്ങളിലും ഉണ്ടാകും . അത്തരം ആളുകളുടെ മനസ്സ് വായിക്കാന്‍ അവസരം നല്കുകയാണ് ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇടവപ്പാതി. രണ്ടു കാലഘട്ടത്തിലെ കഥാപരിസരങ്ങള്‍ ഈ ചിത്രത്തിന്റെ ക്യാമറാഫ്രെയിമില്‍ വരുന്നു.

മനീഷാകൊയ്‌രാള, സിദ്ധാര്‍ഥ് ലാമ, ഉത്തര ഉണ്ണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി വേഷമിടുന്നത് ബോളിവുഡ് താരവും മലയാളിയുമായ പ്രശാന്ത് നാരായണനാണ്. ഗ്രീന്‍ സിനിമയുടെ ബാനറില്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍മ്മാണം,കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ മെര്‍ക്കാറ, മൂന്നാര്‍, ചിത്രദുര്‍ഗ, കാഠ്മണ്ടു എന്നിവിടങ്ങളാണ്

.സമകാലിക സമൂഹത്തിലെ ചെറുപ്പക്കാരിയായ യാമിനി.അവള്‍ പ്രണയിക്കുന്നത് ഒരു ബുദ്ധഭിക്ഷുവിനെയാണ്. റിസര്‍ച്ച് വിദ്യാര്‍ഥിയായ അവള്‍ എങ്ങനെയാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നത്. താന്‍ ഏതു സമയവും ചൂഷണം ചെയ്യപ്പെടുമെന്ന ചിന്തയിലാണ് ആ ചെറുപ്പക്കാരി. അമ്മയ്‌ക്കൊപ്പം ജീവിക്കുന്ന അവള്‍ തന്റെ അവസ്ഥയെ സ്വയം കല്പിച്ചു കൊടുത്തിരിക്കുന്നത് വാസവദത്തയെപ്പോലെയെന്നാണ്. തന്റെ സുഹൃത്തായ ബുദ്ധഭിക്ഷുവിനെ അവള്‍ ഉപഗുപ്തനായും കാണുന്നു.

അങ്ങനെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും രണ്ട് മുഖങ്ങള്‍ സംവിധായകന്‍ നല്കുന്നു. ഗോസ്പല്‍ ഓഫ് ബുദ്ധയിലെ ഉപഗുപ്തന്റെയും വാസവദത്തയുടെയും പരാമര്‍ശങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ കല്പിച്ചു കൊടുത്താണ് ഇടവപ്പാതിയില്‍ ഈ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ടു വരുന്നത്. യാമിനിയും ബുദ്ധഭിക്ഷുവും പ്രണയത്തിലാകുന്നു. അവളുടെ അമ്മയ്ക്ക് ആ ബന്ധം അത്ര സ്വീകാര്യമായിരുന്നില്ല. അതേ സമയം ഒസേപ്പ് എന്ന റബ്ബര്‍ എസ്റ്റേറ്റ് മുതലാളിയും യാമിനിയില്‍ ആകൃഷ്ടനാകുന്നു. അപ്പോള്‍ വാസവദത്തയുടെ ജീവിത നിമിഷങ്ങളുമായി തന്റെ ജീവിതത്തിന് എവിടെയൊക്കെയോ ബന്ധമുണ്ടാകുന്നതായി യാമിനിക്ക് തോന്നുന്നു. അമ്മയുടെയും മകളുടെയും സംഘര്‍ഷങ്ങളും അതിന്റെ പരിസമാപ്തി എന്ന നിലയില്‍ അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ഇടവപ്പാതിയെ നയിക്കുന്നത്.

ഇടവപ്പാതിയിലെ രാഷ്ട്രീയം- ലെനിന്‍ രാജേന്ദ്രന്‍
''പ്രകൃതിയും മനുഷ്യനും തമ്മിലുളള സൂക്ഷ്മ ഭാവങ്ങളെയാണ് ഞാന്‍ സീസണുകളിലൂടെ കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. അല്ലാതെ പ്രത്യക്ഷത്തില്‍ കാണുന്ന മഴയോ ,മഞ്ഞോ അതിനു വേണ്ടി ഷൂട്ട് ചെയ്തിട്ടില്ല. പ്രകൃതിയുടെ ഓരോ മാറ്റവും നമ്മുടെ മനസ്സുമായി ബന്ധപ്പെടുത്താം. നമ്മളെ ശാന്തമാക്കാനും പ്രക്ഷുബ്ധമാക്കാനും മഴയ്ക്കു കഴിയും. അതിന്റെ താളത്തിനും ഭാവത്തിനും അനുസരിച്ച് നമ്മുടെ മനസ്സിലും ചില മാറ്റങ്ങള്‍ സൃഷ്ടിക്കാറുണ്ട്.ചിലപ്പോള്‍ അത് വളരെ ശാന്തമായ ആഹ്ലാദകരമായ നിമിഷങ്ങളായിരിക്കും. മറ്റു ചിലപ്പോള്‍ ദുഃഖമായിരിക്കും. ചില ഇടി മിന്നലുകള്‍ കാണാന്‍ നല്ല രസമായിരിക്കും. ചില വൈകുന്നേരങ്ങളില്‍ ആകാശത്തൊക്കെ ചില കൊളളിമീനുകള്‍ മിന്നിപ്പോകുന്നത് കാണാന്‍ കൗതുകമാണ്. ഇതേ കൊളളിയാന്‍ തന്നെ ഭയങ്കര ഒച്ചയോടെ നമ്മുടെ മുന്നില്‍ വരുമ്പോള്‍ ഭയന്ന് നില്കുകയും ചെയ്യും .മനുഷ്യന്റെ മനസിലേക്കാണ് ഓരോ പ്രകൃതിയും ഇറങ്ങിച്ചെല്ലുന്നത്. ആ അര്‍ഥത്തിലാണ് ഞാന്‍ ഇടവപ്പാതി എന്ന് ഉപയോഗിക്കുന്നത്.

വളരെ ശാന്തമാണ് ഇടവപ്പാതിയുടെ ഒരു ഭാഗം. പ്രത്യക്ഷത്തിലുളള മുഖം അതാണ്. ഇതേ ശാന്തതയെ മുറിച്ചു കൊണ്ട് അലോസരങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചിലപ്പോള്‍ നമ്മള്‍ മഴയെ ശപിച്ചു പോകാറുണ്ട്. അതു സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ നമ്മുടെ സ്വപ്‌നങ്ങളെപ്പോലും തകര്‍ക്കുന്നു. ഇങ്ങനെ വളരെ ആഹ്ലാദകരവും സ്വപ്‌നാത്മകവുമായ അന്തരീക്ഷം കലഷിതമാവുകയും ചെയ്യുന്നു. അങ്ങനെയുള്ള അന്തരീക്ഷങ്ങള്‍ ഈ സിനിമയുടെ കഥയുമായി ഏറെ ബന്ധമുണ്ട്. അതുകൊണ്ടാണ് ഇടവപ്പാതി എന്ന് ചിത്രത്തിന് പേരിട്ടത്.

വ്യക്തികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ ധര്‍മ്മസങ്കടങ്ങള്‍, അന്യവത്ക്കരണങ്ങള്‍ പാര്‍ശ്വവത്കരിക്കലുകള്‍ തുടങ്ങിയവയെ ഫോക്കസ് ചെയ്താണ് ഇടവപ്പാതി പൂര്‍ണമാകുന്നത്. ഇടവപ്പാതിക്ക് പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ടിബറ്റില്‍ നിന്ന് പത്തു നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് പലായനം ചെയ്ത അല്ലെങ്കില്‍ കുടിയേറിയവര്‍ അവരുടെ ജീവിതത്തിലേക്കാണ് ചിത്രം ക്യാമറ തിരിക്കുന്നത്. ദീര്‍ഘകാലമായി ചൈനയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു നടന്ന ഒരു സമൂഹത്തില്‍ നിന്ന് ഇന്ത്യയിലേക്കാണ് ഇവരില്‍ അധികവും കുടിയേറിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ശീത സമരമായിരിക്കാം നമ്മള്‍ അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചത്.

ഇന്ത്യയിലേക്കെത്തിയ ആയിരക്കണക്കിനാളുകളെ നമ്മള്‍ അഭയാര്‍ത്ഥികള്‍ എന്ന നിലയില്‍ തന്നെയാണ് സംരക്ഷിക്കുന്നത്.
 1 2 NEXT