ഷട്ടറിലെ കെമിസ്ട്രി

ടി.എസ് പ്രതീഷ്‌

 

posted on:

11 Apr 2012


പരുടെയും ജീവിതത്തില്‍ വന്നു ചേരാവുന്ന കാര്യങ്ങള്‍. അങ്ങനെയൊരു കഥാസന്ദര്‍ഭമാണ ്‌ജോയ്്മാത്യു ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഷട്ടറി'ല്‍ ദൃശ്യവത്ക്കരിക്കുന്നത്. കോഴിക്കോടിന്റെ രാത്രി ജീവിതം നന്നായി ഉപയോഗപ്പെടുത്തി കഥ പറയുന്ന ചിത്രത്തില്‍ പ്രത്യേക ലൈറ്റിങ്ങ് പാറ്റേണാണ്.അത് ഒരുക്കിക്കൊടുക്കുന്നത് ബോളിവുഡിലെ പ്രശസ്ത ക്യാമറാമാന്‍ ഹരിനായരാണ്.ഒരു ഇടവേളയ്ക്കു ശേഷം അദ്ദേഹം മലയാളത്തിലെത്തുന്ന ചിത്രംകൂടിയാണിത്.തന്റെ സുഹൃത്ത് ജോയ് ആദ്യമായി ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കാന്‍ ഹരിനായരെത്തുമ്പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായുളള അവരുടെ സൗഹൃദത്തിന്റെ ദൃഢതയാണ് തെളിയുന്നത്.ഏറെ തിരക്കുകള്‍ക്കിടയിലും തന്റെ സുഹൃത്തിന്റെ സിനിമയുടെ സാക്ഷാത്ക്കാരത്തിനായി എത്തിയിരിക്കുകയാണ് ഹരി. ശ്രീനിവാസന്‍,ലാല്‍,അഗസ്റ്റിന്‍, വിനയ്, ശശി എരഞ്ഞിക്കല്‍, സജിതാമഠത്തില്‍ എന്നിവര്‍ വേഷമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പ്രധാന ലൊക്കേഷനാക്കിയാണ് ചിത്രീകരിക്കുന്നത്.

'ഞാന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫിലിം കോഴ്‌സിന് ചേരാന്‍പോയ കാലത്താണ് ഹരിനായരെ പരിചയപ്പെടുന്നത്.അക്കാലത്ത് ഹരിനായരുടെ അച്ഛന്‍ കെ.പി.ആര്‍ നായരായിരുന്നു ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫിക് കോഴ്‌സിന്റെ മേധാവി. ഇന്‍സ്റ്റിറ്റൂട്ടിനടുത്തുളള ഹരിയുടെ വീട്ടില്‍ വെച്ചാണ് ആദ്യമായി കാണുന്നതെന്നാണ് ഓര്‍മ.അന്ന് സിനിമാ മോഹവുമായി പൂനയില്‍ ഞാന്‍ പോയപ്പോള്‍ ആ വര്‍ഷത്തെ അക്കാദമിക് ഇയര്‍ കഴിഞ്ഞുപോയിരുന്നു. ഇന്ന് ബോളിവുഡിലെ പ്രശസ്തനായ ക്യാമറാമാന്‍ കെ.യു. മോഹനന്‍ അന്നവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞാന്‍ അവിടെ കെ.യു. മോഹനന്റെ കൂടെ നിന്നു അവന്റെ കൂടെ ഹോസ്റ്റലില്‍ നില്‍ക്കുന്നത്‌കൊണ്ട് എല്ലാവരുടെയും ധാരണ ഞാന്‍ അവിടുത്തെ വിദ്യാര്‍ഥിയാണെന്നായിരുന്നു.

തുടര്‍ന്ന് അടുത്തവര്‍ഷത്തെ ബാച്ചില്‍ പ്രവേശനപരീക്ഷ എഴുതാന്‍ ഹരിയുമുണ്ടായിരുന്നു. ഞാന്‍ അപ്പോഴേക്കും സിനിമാമോഹത്തില്‍ നിന്നു മാറി ജേര്‍ണലിസം മോഹത്തിലേക്ക് ് കടന്നിരുന്നു. അങ്ങനെ ഞാന്‍ ബോംബെയില്‍ ജേര്‍ണലിസം ചെയ്തു. അങ്ങനെ ജേര്‍ണലിസം കോഴ്‌സിനിടയിലും ഹരിയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീട് ഹരി ബോളിവുഡിലെ തിരക്കുള്ള ക്യാമറാമാനായി മാറി. ഞാന്‍ മാധ്യമപ്രവര്‍ത്തകനായി ദുബായിലും എത്തി. അതിനിടയില്‍ ഞങ്ങളുടെ സൗഹൃദം ഉണ്ടെങ്കിലും എപ്പോഴും കാണാറില്ല. ഒരിക്കല്‍ ഹരി എന്‍.പി. മുഹമ്മദിന്റെ മരം എന്ന കൃതിയെ ഉപജീവിച്ച് ദൂരദര്‍ശനുവേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യാന്‍ കോഴിക്കോട് എത്തിയപ്പോള്‍ എന്നെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഞങ്ങളുടെ സൗഹൃദം വീണ്ടും ഉണര്‍ന്നു. പിന്നീട് ഞാന്‍ കേരള കഫേയിലെ മൃത്യുഞ്ജയത്തിന്റെ ക്യാമറാമാന്‍ ഹരിയാണെന്ന് അറിഞ്ഞപ്പോള്‍ വീണ്ടും ഫെയ്‌സ് ബുക്കിലൂടെയും, ഇ-മെയിലിലൂടെയും ബന്ധം പുതുക്കി. അപ്പോഴേക്കും ഞാനൊരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. എന്റെ ആദ്യ സിനിമയ്ക്ക് ഹരി ക്യാമറ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഹരിയുമായി ബന്ധപ്പെട്ടപ്പോള്‍ എന്റെ സിനിമ ചെയ്യാമെന്ന് ഉറപ്പ് നല്‍കി. അങ്ങനെയാണ് ഹരി എത്തുന്നത്. 1984 മുതലുള്ള സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍. ഞാന്‍ എന്താണ് മനസില്‍ കാണുന്നതെന്ന് ഹരി ക്യാമറയില്‍ കാണും. അതാണ് ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി.'-ജോയ് മാത്യു പറയുന്നു.

ഷട്ടറിന്റെ അണിയറയില്‍

തിരക്കഥ, സംവിധാനം: ജോയ് മാത്യു,ഛായാഗ്രഹണം: ഹരിനായര്‍. എഡിറ്റിങ്: ബിജിത് ബാല. കല: സുനേന കൊച്ചന്നൂര്‍. ചമയം: രഞ്ജിത്ത് അമ്പാടി, രാജീവ് അങ്കമാലി. വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷന്‍ ഡിസൈനര്‍: അലക്‌സ് ഇ. കുര്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ക്ലിന്റണ്‍ പെരേര. നിര്‍മാണം: അബ്ര ഫിലിംസ്
ഇന്റര്‍നാഷണല്‍.