പിഗ്മാന്‍

 

10 Feb 2012

 


അക്ഷരങ്ങളുടെ ലോകത്തുനിന്നും കശാപ്പുശാലയിലെത്തപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് പിഗ്മാന്‍. അവിരാ റബേക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച നവാഗത സംവിധായകനായി സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരത്തിനര്‍ഹനായ അവിരാ റെബേക്ക 'പിഗ്മാനി'ലൂടെ അക്ഷര ലോകത്തിന്റെ നേര്‍ക്കാഴ്ചയിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. മലയാള ഭാഷ അന്യംനിന്നുപോകരുതെന്നും നമ്മുടെ മാതൃഭാഷയുടെ സ്ഥാനം വളരെ വലുതാണെന്നും ചിന്തിക്കുന്നവനാണ് അച്ചുകൂടം മാധവേട്ടന്‍. നവകേരളം പ്രസ് എന്ന പഴയ അച്ചുകൂടം നടത്തുന്നതുകൊണ്ടാണ് മാധവേട്ടന്‍ അച്ചുകൂടം മാധവേട്ടനായി അറിയപ്പെട്ടതും. അക്ഷരങ്ങളോടുള്ള സ്‌നേഹംതന്നെയാണ് ഇത്തരത്തിലുള്ള ഒരു പ്രസ് ആരംഭിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിനൊപ്പം സത്യസന്ധനും ആദര്‍ശശാലിയുമായ ഒരു കമ്യൂണിസ്റ്റുമാണ് അദ്ദേഹം.

കാലം പുരോഗമിച്ചു. പഴയ അച്ചുകൂടങ്ങളുടെ പ്രസക്തി നഷ്ടപെട്ടു. ഓഫ്‌സെറ്റ് പ്രസ്സുകള്‍ തള്ളിക്കയറിയതോടെ ഇത്തരം പ്രസ്സുകള്‍ ആര്‍ക്കും വേണ്ടാതായി. അതുകൊണ്ടുതന്നെ മാധവേട്ടന്റെ ജീവിതത്തിലും ബുദ്ധിമുട്ടുണ്ടായി. ഇന്ന് സാമ്പത്തികമായി കടക്കെണിയിലാണ്. ഈ കഷ്ടപാടുകള്‍ക്കിടയിലും മാധവേട്ടന് ഒരു സ്വപ്‌നമുണ്ടായിരുന്നു. മകന്‍ ശ്രീകുമാര്‍ ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുക. അതിനായി ഏറെ പരിശ്രമിച്ചു. സര്‍വകലാശാലയില്‍ റിസര്‍ച്ചിനായി അവനെത്തുകയും ചെയ്തു.

പരിപാവനമായ സര്‍വകലാശാലയില്‍ തന്റെ മൂല്യങ്ങള്‍ കൈവിട്ടുപോകാവുന്ന ചില നടപടികള്‍ ഉണ്ടായി. അതിനു വശംവദനാകുവാന്‍ അവന് കഴിയുമായിരുന്നില്ല. അവന്‍ അതിനെ ചെറുത്തുനിന്നതോടെ എതിര്‍പ്പുകളും ഉണ്ടായി. തന്റെ പ്രബന്ധങ്ങള്‍ തിരസ്‌കരിക്കപ്പെട്ടതോടെ അവന് സര്‍വകലാശാലയുടെ പടിയിറങ്ങേണ്ടതായും വന്നു. ഒരു സ്വപ്‌നം തകരുകയായിരുന്നു ഇവിടെ. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് പിഗ്മാന്‍ പൂര്‍ത്തിയാകുന്നത്. ജയസൂര്യയുടെ പതിവുവേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതിലെ ശ്രീകുമാര്‍. രമ്യാനമ്പീശന്‍ നായിക സ്‌നേഹയെ പ്രതിനിധീകരിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, എം.ആര്‍. ഗോപകുമാര്‍, ടി.പി. മാധവന്‍, മൊയ്തുട്ടി, റീനാസഷിര്‍, ഉഷ, നയന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. എന്‍. പ്രഭാകരന്റേതാണ് തിരക്കഥ. സന്തോഷ്‌വര്‍മ പി.പി. രാമചന്ദ്രന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഗൗതം ഈണം പകരുന്നു. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിഖില്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീസൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി.എന്‍. ശ്രീരാജ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മൂവാറ്റുപുഴ നിര്‍മലാ കോളേജ്, തൊടുപുഴ ഇടയാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.