ശന്തനുവും അരികെ അനുരാധയും കല്പനയും

posted on:

31 Dec 2011


അരികെയുണ്ടെങ്കിലും അറിയാത്ത പ്രണയത്തിന്റെ പുതുഭാവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ശ്യാമപ്രസാദിന്റെ അരികെ. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മംമ്തയും സംവൃതാ സുനിലുമാണ് നായികമാര്‍. ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു.
ആദ്യമായാണ് ശ്യാമപ്രസാദിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് നടക്കുന്നത്. ''ഈ നഗരവുമായി എനിക്ക് അടുത്തബന്ധമുണ്ട്. എന്റെ പല ചിത്രങ്ങളും പിറന്നത് ഇവിടെനിന്നാണ്. ചിത്രത്തിന് സ്‌പോട്ട് ഡബ്ബിംഗായതിനാല്‍ ശാന്തമായ ഒരു നഗരപശ്ചാത്തലം ആവശ്യമായി വന്നു. അതിനു കോഴിക്കോടന്‍ പശ്ചാത്തലം ഏറെ ഗുണകരമായി'' - ശ്യാമപ്രസാദ് പറയുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ദിലീപ് ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തെ അഭിനയിച്ചത് കല്ലുകൊണ്ടൊരു പെണ്ണിലായിരുന്നു. ദിലീപിന്റെ ഇമേജ് ബ്രേക്ക് ചെയ്യുന്ന ചിത്രമായിരിക്കും അരികെ. ചിത്രത്തില്‍ ലിംഗ്വിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകനായ ശന്തനു എന്ന സീരിയസ് കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

മംമ്തയും സംവൃതാ സുനിലും ചേര്‍ന്ന സീനുകളാണ് ശ്യാമപ്രസാദ് ആദ്യം ചിത്രീകരിച്ചത്. ചിത്രത്തില്‍ വിദ്യാര്‍ഥിസുഹൃത്തുക്കളായ കല്പനയായി സംവൃതയും അനുരാധയായി മംമ്തയും വേഷമിടുന്നു. ലൈവ് സൗണ്ട് റെക്കോഡിങ് ആയതിനാല്‍ ഡയലോഗും അതിന്റെ പ്രസന്റേഷനും ഭാവം ചോരാതെ റിഹേഴ്‌സല്‍ ചെയ്തതിനുശേഷമാണ് ഷൂട്ടിങ്. ബോളിവുഡില്‍ നിന്നെത്തിയ സൊഹൈല്‍ സന്‍വാരിയാണ് സൗണ്ട് റെക്കോഡിസ്റ്റ്. ഒരു പരീക്ഷാമൂഡിലായിരുന്നു ചിത്രത്തിലെ താരങ്ങള്‍. കല്യാണത്തിരക്കിലാണ് മംമ്ത. സംവൃതയാകട്ടെ 'സ്വപ്‌നസഞ്ചാരി' എന്ന പുതിയ ചിത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ്.

നേരത്തെ ലൈവ് സൗണ്ട് ഉപയോഗിച്ചുള്ള മലയാള ചിത്രം ജയരാജിന്റെ ലൗഡ് സ്പീക്കറായിരുന്നു. ഇമോഷണല്‍ പെര്‍ഫെക്ഷനു വേണ്ടിയാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്ന് ശ്യാമപ്രസാദ് പറഞ്ഞു. ചിത്രത്തിന്റെ അവതരണത്തിലും ഫോട്ടോഗ്രാഫിയിലും റിയലിസ്റ്റിക് മെത്തേഡ് തീര്‍ത്താണ് അരികെ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അഴകപ്പനാണ്. ഒരേ കടലിനുശേഷം ശ്യാമിനുവേണ്ടി അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്.


എന്താണ് യാഥാര്‍ഥ പ്രണയം - ശ്യാമപ്രസാദ്
പ്രേമത്തിന്റെ അര്‍ഥം തേടുകയാണിവിടെ.
ദിലീപ് അവതരിപ്പിക്കുന്ന ശന്തനു ലിംഗിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക് ചെയ്യുന്ന റിസര്‍ച്ചറാണ്. അയാളുടെ പ്രണയകഥയാണ് അരികെ. അയാള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളായിരുന്നു കല്പനയും അനുരാധയും. യഥാര്‍ഥത്തില്‍ പ്രണയം എന്താണ്...? കിന്നരിവെച്ച വലിയ റൊമാന്റിക് സ്വപ്‌നമാണോ? അതോ യാഥാര്‍ഥ്യത്തെ നേരിടുന്നതിനുള്ള മനുഷ്യന്റെ തയ്യാറെടുപ്പാണോ... എന്താണ് യഥാര്‍ഥ സ്‌നേഹം എന്ന അന്വേഷണമാണിവിടെ. ഈ പ്രണയക്കാഴ്ചയില്‍ ആര് ശന്തനുവിനെ തിരിച്ചറിയും... ഈ രണ്ട് പെണ്‍കുട്ടികളില്‍ ആരെ ശന്തനു തിരിച്ചറിയുന്നു എന്നതൊക്കെ രസകരമായി അരികെ തേടുന്നു.
പ്രേമകഥയിലൂടെ വൈകാരികമായ, റൊമാന്റിക്, ഹ്യൂമറസ് ഭാവതലങ്ങളിലൂടെ അരികെ സഞ്ചരിക്കുന്നു.

കാഴ്ചകളിലെ അഴക്

''വിഷ്വലില്‍ ചില പരീക്ഷണങ്ങള്‍ തീര്‍ക്കാനുള്ള ശ്രമമുണ്ട്. ഇവിടെ അത് നടന്നില്ലെങ്കില്‍ വേറെ എവിടെ അത് തീര്‍ക്കാന്‍ കഴിയും. ഒരു പ്രത്യേക ടോണിലാണ് ചിത്രം ഒരുക്കുന്നത്'', ഛായാഗ്രാഹകന്‍ അഴകപ്പന്‍ പറയുന്നു. പ്രിയദര്‍ശന്റെ ഒരു മരുഭൂമിക്കഥ, കമലിന്റെ സ്വപ്‌നസഞ്ചാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫിലിം ഉപയോഗിക്കാത്ത സോണി എഫ് ത്രീ ക്യാമറയിലാണ് ചിത്രീകരണം. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നത്. ലൈവ് സൗണ്ട് റെക്കോഡ് ആയതിനാല്‍ ആണ് ഇത്തരം ക്യാമറ ഉപയോഗിക്കുന്നത്.

ഓരോ നിമിഷവും ഞാന്‍ എന്‍ജോയ് ചെയ്യുന്നു - മംമ്ത

ശ്യാംസാറിന്റെ ചിത്രത്തില്‍ അനുരാധ എന്ന കഥാപാത്രത്തെ ഏറെ എന്‍ജോയ് ചെയ്താണ് ഞാന്‍ അവതരിപ്പിക്കുന്നത്. ദിലീപ്, സംവൃത തുടങ്ങി നല്ലൊരു കൂട്ടുകെട്ടും ചിത്രം സമ്മാനിക്കുന്നു. അരികെയില്‍ വളരെ സോഫ്ടും എന്നാല്‍ ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞ ജീവിതാനുഭവം ഉള്ള അനുരാധ എന്ന കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണത്.

പ്രണയത്തിനും സൗഹൃദത്തിനും ഇടയില്‍ - സംവൃതാ സുനില്‍
ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായാണ് ഞാന്‍ അരികെയില്‍ എത്തുന്നത്. ഇഷ്ടവും സ്വഭാവവും മാറിമാറിക്കൊണ്ടിരിക്കുന്ന ഒട്ടും സ്റ്റേബിള്‍ അല്ലാത്ത ഒരു പെണ്‍കുട്ടിയാണ് ചിത്രത്തിലെ കല്പന എന്ന എന്റെ കഥാപാത്രം. പെട്ടെന്ന് സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം കടന്നുവരുന്ന പ്രകൃതക്കാരി. തീവ്രമായ പ്രണയത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും ഇടയിലാണ് അവളുടെ ജീവിതം. അതിനിടയിലെ സംഘര്‍ഷങ്ങളാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ദിലീപേട്ടനൊപ്പം റോമിയോക്ക് ശേഷം ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് അരികെ.

കോസ്റ്റ്യൂം ഡിസൈനര്‍ സഖി

ചിത്രത്തില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത് സഖി തോമസാണ്. രഞ്ജിത്തിന്റെ കേരള കഫേയിലെ ഓഫ് സീസണിലൂടെയാണ് വസ്ത്രാലങ്കാരരംഗത്ത് സഖി തുടക്കമിട്ടത്. തുടര്‍ന്ന് രാജീവ് കുമാറിന്റെ ഒരുനാള്‍ വരും, ഋതു, ഇലക്ട്ര, വയലിന്‍ എന്നീ ചിത്രങ്ങളില്‍ പുതുമയാര്‍ന്ന വസ്ത്രാലങ്കാരമൊരുക്കി. തത്സമയം പെണ്‍കുട്ടി, സെക്കന്‍ഡ് ഷോ എന്നിവയാണ് പുതിയ ചിത്രങ്ങള്‍. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് പഠനം കഴിഞ്ഞാണ് സഖി സിനിമയില്‍ ഇറങ്ങിയത്.

ബൈജു പി. സെന്‍
കടപ്പാട്-ചിത്രഭൂമി