സ്പാനിഷ് വിശേഷങ്ങള്‍

posted on:

21 Dec 2011


സ്‌പെയിനിന്റെ പശ്ചാത്തലത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'സ്പാനിഷ് മസാല'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ വിയന്ന സ്വദേശിനി ഡാനിയേല സക്കേരിയാണ് നായിക. കേരളത്തിന്റെയും സ്‌പെയിനിന്റെയും സംസ്‌കാരങ്ങള്‍ ഇടകലര്‍ത്തി അവതരിപ്പിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും രണ്ട് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ചാന്തുപൊട്ടിനുശേഷം ദിലീപ്, ലാല്‍ജോസ്, ബെന്നി പി. നായരമ്പലം ടീം ഒന്നിക്കുന്ന സ്പാനിഷ് മസാലയില്‍ വിദേശരാജ്യങ്ങളിലെ നടീനടന്മാരും അഭിനയിക്കുന്നുണ്ട്. ലാല്‍ജോസിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് സ്പാനിഷ് മസാല.


ചാര്‍ളി ദി ഹീറോ

സ്പാനിഷ് മസാലയിലെ പ്രധാന കഥാപാത്രമാണ് ചാര്‍ളി; ഒരു മലയാളി മിമിക്രിതാരം - മിമിക്രി പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരിക്കല്‍ സ്‌പെയിനിലെത്തുന്ന ചാര്‍ളി പിന്നീട് നാട്ടിലേക്കു തിരിച്ചുപോകുന്നില്ല. പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ജീവിതം കരകയറ്റാന്‍ സ്‌പെയിന്‍ തുണയാകുമെന്ന് ചാര്‍ളി കരുതി. ഭാഷയറിയാത്ത നാട്ടില്‍ ജീവിക്കാന്‍ വേണ്ടി ചാര്‍ളി നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.
ഭാഷയറിയാത്ത ചാര്‍ളിയുടെ മുന്‍പില്‍ യാദൃച്ഛികമായാണ് 'കമീല' പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ സ്പാനിഷ് അംബാസഡറുടെ മകളായ കമീല, ചാര്‍ളിക്ക് സഹായഹസ്തവുമായി എത്തുന്നതോടെ കഥ കരുത്തുപിടിച്ചുതുടങ്ങുന്നു.

ചാര്‍ളിയായി ദിലീപും കമീലയായി വിയന്ന സ്വദേശിനി ഡാനിയേലയും വേഷമിടുന്നു. ഇന്റര്‍നെറ്റുവഴി ലാല്‍ജോസും സംഘവും നടത്തിയ തിരച്ചിലിനൊടുവിലാണ് ഡാനിയേലയെ ചിത്രത്തിലെ നായികയായി തീരുമാനിച്ചത്. അറബിക്കഥയിലൂടെ ചൈനക്കാരിയെ മലയാളികള്‍ക്കു മുന്‍പില്‍ നായികയായി അവതരിപ്പിച്ച ലാല്‍ജോസിന്റെ പുതിയ പരീക്ഷണമാണ് വിയന്ന സ്വദേശിനി.


ഫ്ലാമന്‍കോ ഡാന്‍സും കാളപ്പോരും
സ്‌പെയിനിന്റെ ദൃശ്യഭംഗിക്കു പുറമെ അവിടത്തെ ആചാര- അനുഷ്ഠാനങ്ങളും ചിത്രത്തിനുവേണ്ടി പകര്‍ത്തിയിട്ടുണ്ടെന്ന് ലാല്‍ജോസ് പറയുന്നു, സ്‌പെയിനിലെ 'ചിങ് ചോങ്' നഗരത്തില്‍ നടക്കുന്ന കാളപ്പോര് മത്സരമാണ് അതില്‍ പ്രധാനം. കേരളക്കരയിലെ കഥകളി പോലെ സ്‌പെയിനിന്റെ പരമ്പരാഗത കലാരൂപമായ ഫ്ലാമന്‍കോ ഡാന്‍സാണ് പ്രേക്ഷകര്‍ക്കു മുന്‍പില്‍ വിസ്മയം തീര്‍ക്കുന്ന മറ്റൊരു സ്പാനിഷ് ഐറ്റം. അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സ്‌പെയിനിന്റെ 'തക്കാളിയേറ്' ഉത്സവം ചിത്രത്തില്‍ കാണാം. തക്കാളിയേറ് മത്സരത്തിനുള്ളില്‍വെച്ച് സാഹസികമായാണ് ചിത്രത്തിനുവേണ്ടി രംഗങ്ങള്‍ പകര്‍ത്തിയതെന്ന് സംവിധായകന്‍ പറയുന്നു.

സിനിമയ്ക്കുവേണ്ടി സഹകരിച്ച സ്‌പെയിനിലെ താരങ്ങള്‍ പലപ്പോഴും സെറ്റിനെ അതിശയിപ്പിച്ചതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കെട്ടിടത്തില്‍നിന്നും നായിക താഴേക്കു വീഴുന്ന രംഗം അഭിനയിക്കാന്‍ ഡ്യൂപ്പായി വന്ന പെണ്‍കുട്ടി താഴെ നെറ്റുപോലും കെട്ടാതെ ആ രംഗം സാഹസികമായി ചെയ്തു തിരിച്ചുപോയത്രേ. ഭാഷ അറിയാത്ത പ്രശ്‌നം ചിത്രീകരണത്തിന്റെ തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് സ്‌പെയിനിലെ കലാകാരന്മാരും സ്പാനിഷ് മസാലയിലെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ വേഗം ഇണങ്ങിച്ചേര്‍ന്നു. നാല്‍പതു ദിവസത്തോളം സ്‌പെയിനില്‍ ചിത്രീകരണം നടന്നു.

'ഓമനത്തിങ്കള്‍ കിടാവോ നല്ല...' എന്ന താരാട്ടുപാട്ടിന്റെ റീമിക്‌സ് ഉള്‍പ്പെടെ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിദ്യാസാഗറും വേണുഗോപാലും ചേര്‍ന്ന് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.

പി പ്രജിത്ത്‌