'റിപ്പോര്‍ട്ടര്‍' തയ്യാറാകുന്നു

posted on:

30 Nov 2011


വാര്‍ത്തകള്‍ ചൂടാറുംമുന്‍പേ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരെ സെലിബ്രിറ്റി പരിവേഷത്തോടെയാണ് ജനം സ്വീകരിക്കുന്നത്. ഇവിടെ ഒരു റിപ്പോര്‍ട്ടര്‍ ഒരുങ്ങുകയാണ്. ഏറേ വിവാദമായേക്കാവുന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുന്ന ഒരു സംഭവമാണ് ഈ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആറ് പേരുടെ തിരോധാനം അതും ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ സംഭവിക്കുന്നതോടെയാണ് റിപ്പോര്‍ട്ടറുടെ ചലനങ്ങള്‍ക്കും ചിന്തകള്‍ക്കും ചടുലത സംഭവിക്കുന്നത്. ഇവര്‍ ആറ് പേരും തന്നെ കിഡ്‌നാപ് ചെയ്യപ്പെടാന്‍ മാത്രം പ്രാധാന്യം അര്‍ഹിക്കുന്നവരല്ല എന്നതും ഈ സംഭവത്തെ പ്രസക്തമാക്കുന്നു. ഒരു ടീച്ചര്‍, തുണിക്കച്ചവടക്കാരന്‍ കൂടിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍, ഒരു പോലീസുകാരന്‍ തുടങ്ങിയവരാണ് ആ ആറു പേര്‍. ഒരുതരത്തിലും കിഡ്‌നാപ് ചെയ്തവര്‍ക്ക് ഉപകരിക്കാത്ത ഈ കിഡ്‌നാപിങ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് വലിയ തലവേദന ഉണ്ടാക്കുന്നു.

ഒരു തുമ്പു കണ്ടെത്താന്‍ മിടുക്കുള്ള പോലീസുദ്യോഗസ്ഥനെ തന്നെ കേസ് ഏല്പിക്കണമെന്ന ഡിപ്പാര്‍ട്ടുമെന്റിന്റെ തീരുമാനം നിയുക്തമാകുന്നത് പാലക്കാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ഗിരീഷ് പാര്‍ഥസാരഥിയിലാണ്. ഇദ്ദേഹത്തിനൊപ്പം കൂര്‍മബുദ്ധിയുമായി സഹായത്തിന് ഒരു റിപ്പോര്‍ട്ടറും ചേരുന്നു. താരാ വിശ്വനാഥ്. ചാനല്‍ 5-ന്റെ ഹോട്ട് റിപ്പോര്‍ട്ടറാണ് ഈ പെണ്‍കുട്ടി. അവളുടെ കണ്ടെത്തലുകള്‍ അന്വേഷണത്തിന്റെ വഴിയില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന് ഗുണം ചെയ്യാറുണ്ട്.

ഈ രണ്ട് കഥാപാത്രങ്ങള്‍ക്കൊപ്പം പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്ന കഥാപാത്രങ്ങളാണ് എബി മാത്യുവും സാറയും. ആനിമേറ്ററായ എബി മാത്യു രവിപിള്ളയുടെ വളര്‍ത്തുപുത്രനാണ്. റിട്ട. പട്ടാളക്കാരനാണ് രവിപിള്ള. എബിയും ബധിര സ്‌കൂളിലെ അധ്യാപികയുമായ സാറയുമായിട്ടുള്ള പ്രണയവും നേരത്തെ സൂചിപ്പിച്ച അന്വേഷണത്തിന്റെ ഭാഗമായി ഒരു ഘട്ടത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

സമകാലിക വിഷയങ്ങളെയും കാലികപ്രസക്തിയുള്ള സംഭവങ്ങളെയും സിനിമാ പശ്ചാത്തലത്തിലാണ് കോര്‍ത്തിണക്കി സസ്‌പെന്‍സ് മൂഡില്‍ ഒരു അന്വേഷണകഥ പറയുകയാണ് സംവിധായകന്‍ വേണുഗോപന്‍. കുസൃതിക്കുറുപ്പ്, ഷാര്‍ജാ ടു ഷാര്‍ജ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വേണുഗോപന്‍ എസ്. സുരേഷ്ബാബുവിന്റെ തിരക്കഥയില്‍ പൂര്‍ത്തിയാക്കുന്ന ചിത്രമാണ് 'റിപ്പോര്‍ട്ടര്‍'. ചിത്രത്തിന്റെ കഥാപശ്ചാത്തലമാണ് ഇവിടെ സൂചിപ്പിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ സമുദ്രക്കനി ശിക്കാര്‍ എന്ന ചിത്രത്തിനുശേഷം റിപ്പോര്‍ട്ടറിലൂടെ മലയാളത്തില്‍ എത്തുന്നു.

ഡി.വൈ.എസ്.പി. ഗിരീഷ് പാര്‍ഥസാരഥിയെയാണ് സമുദ്രക്കനി അവതരിപ്പിക്കുന്നത്. അനന്യ താരാ വിശ്വനാഥിനെയും കൈലാഷ് എബി മാത്യുവിനെയും അഭിനയ സാറയെയും അവതരിപ്പിക്കുന്നു. നാടോടികള്‍ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ് അഭിനയ. ഊാു മിറ ഊളള ആയ ഈ പെണ്‍കുട്ടിക്ക് ഏറെ പ്രതീക്ഷ നല്കുന്ന കഥാപാത്രമാണ് സാറ. ജഗതി ശ്രീകുമാര്‍, മധുപാല്‍, മുകുന്ദന്‍, കുഞ്ചന്‍, ലെന, ചാലി പാല, ശശി കലിംഗ എന്നിവരാണ് മറ്റ് പ്രധാന 'റിപ്പോര്‍ട്ടര്‍' താരങ്ങള്‍.

ഛായാഗ്രഹണം-അഴകപ്പന്‍. വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ശരത് ഈണം പകരുന്നു. എഡിറ്റിങ്-വിജയ് ശങ്കര്‍, കലാസംവിധാനം- ഗിരീഷ് മേനോന്‍, ചമയം-പി.എന്‍. മണി, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, അസോസിയേറ്റ് ഡയറക്ടര്‍-ഷിബു ഗംഗാധരന്‍. സരയൂ മൂവീസിന്റെ ബാനറില്‍ കെ.ആര്‍. ബാബുരാജ്, രാജു പനയംകുളം എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന റിപ്പോര്‍ട്ടറിന്റെ ആദ്യ ഷെഡ്യൂള്‍ ഗുരുവായൂരില്‍ കഴിഞ്ഞു.

വാഴൂര്‍ ജോസ്‌