ഓര്‍മ്മപ്പാട്ട് പാടി മോഹന്‍ലാല്‍; ഈണമായി എം.ജി. രാധാകൃഷ്ണന്‍

posted on:

30 Jul 2013

ഒ.എന്‍.വി ക്ക് പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം: 'മണ്ണില്‍ വിണ്ണില്‍... മനസ്സിലാകെ വര്‍ണങ്ങള്‍.... രചനരാഗഹരിതശ്യാമ വര്‍ണങ്ങള്‍...' -35 വര്‍ഷങ്ങള്‍ക്കപ്പുറത്തെ പുതുമുഖനടനായി മാറി മോഹന്‍ലാല്‍ ഈ പാട്ട് പാടിയപ്പോള്‍ വേദിയിലിരുന്ന ഒ.എന്‍.വിയും തന്റെ വരികളിലൂടെ ഓര്‍മ്മകളിലേക്ക് മടങ്ങി. 'തിരനോട്ട' ത്തിലൂടെയുള്ള ആ തിരിഞ്ഞുനോട്ടം എം.ജി. രാധാകൃഷ്ണന്‍ എന്ന സംഗീതപ്രതിഭയ്ക്കുള്ള ഓര്‍മ്മപ്പൂക്കളായി. എം. ജി. രാധാകൃഷ്ണന്റെ പേരിലുള്ള പുരസ്‌കാരം കവി ഒ.എന്‍.വി. കുറുപ്പിന് സമര്‍പ്പിച്ച വേദിയിലാണ് എം. ജി. രാധാകൃഷ്ണനും ഒ.എന്‍.വിയും ചേര്‍ന്നൊരുക്കിയ തന്റെ ആദ്യചിത്രത്തിലെ പാട്ടുപാടിക്കൊണ്ട് മോഹന്‍ലാല്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്. 'ഘനശ്യാമസന്ധ്യ' എന്നുപേരിട്ട പരിപാടിയില്‍ എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മോഹന്‍ലാല്‍ ഒ.എന്‍.വി. കുറുപ്പിന് സമ്മാനിച്ചു.

തന്റെ ആദ്യചിത്രമായ 'തിരനോട്ട' ത്തിനായി ഒ.എന്‍. വിയും എം.ജി. രാധാകൃഷ്ണനും ഒരുക്കിയ പാട്ടുകള്‍ അധികമാരും ഓര്‍ക്കുന്നില്ലെങ്കിലും തന്റെ മനസ്സില്‍ ഈ പാട്ട് പച്ചപിടിച്ച് നില്‍പ്പുണ്ടെന്ന് ആ ഗാനം പാടിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ ഗാനങ്ങളും ഒ.എന്‍.വിയാണ് എഴുതിയതെന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവര്‍ വേര്‍പിരിയുമ്പോഴാണ് നാം വര്‍ഷങ്ങള്‍ കടന്നുപോയതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവാര്‍ഡായി ലഭിക്കുന്നത് ഒരു ലക്ഷംരൂപയായാലും ഒരു പൂവായാലും അത് താന്‍ ഒരുപോലെ ആദരിക്കുമെന്ന് ഒ.എന്‍.വി. കുറുപ്പ് പറഞ്ഞു. കാരണം ഇത് തനിക്ക് നേടിത്തരുന്നത് തന്റെ ഭാഷയാണ്. അമ്മയെയും ഭാഷയെയും സ്‌നേഹിച്ചാല്‍ അതിന്റെ സുകൃതം കിട്ടുമെന്നുറപ്പാണ്. ഭാഷയെ എത്രത്തോളം സ്‌നേഹിക്കുന്നുവോ അത്രയും നന്മയും മേന്‍മയുമുണ്ടാകും. സാഹിത്യത്തില്‍കൂടി അറിവുണ്ടായാല്‍ സംഗീതത്തിന് തിളക്കമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ പ്രതിഭയായിരുന്നു എം.ജി. രാധാകൃഷ്ണന്‍. അന്തരിച്ച ശിഷ്യന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ സന്തോഷമാണോ സങ്കടമാണോ എന്ന് നിശ്ചയമില്ലെന്നും ഒ. എന്‍.വി. പറഞ്ഞു. അവാര്‍ഡ് തുക എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഒ.എന്‍. വി. മടക്കിനല്‍കി.

മനോജ് കെ. ജയന്‍, അശോകന്‍, എം. ജയചന്ദ്രന്‍, വേണുഗോപാല്‍, നന്ദു, ഡോ. കെ. ഓമനക്കുട്ടി, പദ്മജാ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് എം.ജി. രാധാകൃഷ്ണന്‍ ഈണം നല്‍കിയ ലളിതഗാനങ്ങളും സിനിമാഗാനങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള സംഗീതപരിപാടിയും നൃത്തപരിപാടിയും 'ഘനശ്യാമസന്ധ്യ' യില്‍ അരങ്ങേറി.