ഇതിലേ ഏകനായ്‌

രവി മേനോന്‍

 

posted on:

20 Jan 2013

കളമശ്ശേരി സെന്റ് പോള്‍സ് കോളേജിനടുത്തുള്ള കൊച്ചുവീടിന്റെ മുകള്‍നിലയിലെ മ്യൂസിക് റൂമില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പഴയ പുസ്തകങ്ങള്‍ക്കും സംഗീതോപകരണങ്ങള്‍ക്കും നടുവില്‍ ഹാര്‍മോണിയവുമായി ജോബ് മാസ്റ്റര്‍ ഇരിക്കുന്നു.

തളര്‍ച്ച ബാധിച്ച വിരലുകള്‍ പഴയപോലെ ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ ഇന്ദ്രജാലം തീര്‍ക്കുന്നില്ല. എങ്കിലും ജോബ് മാസ്റ്റര്‍ അല്ലിയാമ്പല്‍ കടവില്‍ സ്വയം മറന്നു പാടുമ്പോള്‍, ഒരു കാലഘട്ടം മുഴുവന്‍ നമ്മുടെ മനസ്സില്‍ വന്നു നിറയുന്നു. അറുപതുകളില്‍ താന്‍ സൃഷ്ടിച്ച ആ പ്രണയഗാനത്തിന്റെ ഈരടിയിലൂടെ ഒരിക്കല്‍ കൂടി ഒഴുകിയിറങ്ങിയ ശേഷം ജോബ് പറഞ്ഞു.

ഈ പാട്ട് ഈയിടെ ഞാനൊരു സ്റ്റേജില്‍ പാടിക്കേട്ടു. കോഴിക്കോട്ടുകാരന്‍ സതീഷ്ബാബു ആണ് ഗായകന്‍. സത്യം പറഞ്ഞാല്‍ അറിയാതെ ഞാനങ്ങ് കണ്ണടച്ചിരുന്നുപോയി. എന്തൊരു ലയം. യേശുദാസിനു ശേഷം അല്ലിയാമ്പല്‍ ഇത്രയും മനോഹരമായി മറ്റാരും പാടിക്കേട്ടിട്ടില്ല ഞാന്‍.

സംഗീത സംവിധായകന്‍ ജോബ് മാസ്റ്റര്‍ മരണമടഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇക്കഥ വിവരിക്കുമ്പോള്‍, സ്വതസിദ്ധമായ ലജ്ജ കലര്‍ന്ന പുഞ്ചിരിയോടെ അതു കേട്ടിരിക്കുന്നു സതീഷ്ബാബു. അമിതമായ ആഹ്‌ളാദപ്രകടനമില്ല. വിനയം കലര്‍ന്ന നിസ്സംഗതമാത്രം. ഒരിക്കല്‍ എറണാകുളത്തുവെച്ച് അല്ലിയാമ്പല്‍ പാടിത്തീര്‍ത്തപ്പോള്‍ ജോബ് മാസ്റ്റര്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചത് ഓര്‍മ്മയുണ്ട്. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്ന്...ഷഷ്ടിപൂര്‍ത്തിയുടെ നിറവിലാണ് സതീഷ്ബാബു. സിനിമയില്‍ സതീഷ് പാടിയ ഏറ്റവും വലിയ ഹിറ്റ് ഗാനത്തിന് പ്രായം മുപ്പതു വയസ്സ്. 'ധീര''യിലെ ആ യുഗ്മഗാനം.... മെല്ലെ നീ മെല്ലെ വരൂ. ഒന്നുമതി സതീഷിന്റെ പ്രതിഭയുടെ മാറ്ററിയാന്‍. ഗാനഗന്ധര്‍വനെ അനുസ്മരിപ്പിക്കുന്ന മുഗ്ധമധുരമായ ശബ്ദവും ആലാപനവും. ഈ അപൂര്‍വ്വസാമ്യം തന്നെയാവുമോ സതീഷിന്റെ ചലച്ചിത്രരംഗത്തെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിട്ടതും?


അറിയില്ല, ചെറു ചിരിയോടെ സതീഷ് പറയുന്നു. പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ദാസേട്ടന്റെ പഴയ ശബ്ദവുമായി എന്റെ ശബ്ദത്തിനുള്ള സാമ്യത്തെക്കുറിച്ച്. അതിലപ്പുറം ഞാനതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പാടുന്ന പാട്ടുകളില്‍ ഗായകന്റെ മുദ്ര പതിഞ്ഞിരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയ്ക്കുവേണ്ടി പാടിയ ഗാനങ്ങളില്‍ ഈ തത്വം പാലിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട്.

പല പാട്ടുകളും പാടിയത് സതീഷാണെന്നറിയുന്നവര്‍ ചുരുങ്ങുമെന്നത് മറ്റൊരു വിരോധാഭാസം. എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ദേവദുന്ദുഭി ഉദാഹരണം. യേശുദാസും സുനന്ദയും പാടിയ ഈ മനോജ്ഞഗാനത്തിന്റെ ആദ്യ ഭാഗത്തിന് ശബ്ദം നല്‍കിയത് സതീഷാണ്. (ഇതേ ഗാനം യേശുദാസ് സോളോ ആയും പാടിയിട്ടുണ്ട്) ആമുഖം കണ്ടനാള്‍ (ജാനകിയോടൊപ്പം യുവജനോത്സവത്തില്‍), ശിശിരമേ ശിശിരമേ (പട്ടണപ്രവേശം) എന്നിവയും സതീഷിന്റെ മികച്ച ഗാനങ്ങളില്‍പ്പെടുന്നു.

സംഗീത പരിപാടികളില്‍ ശബ്ദമാധുര്യം അനിവാര്യഘടകമല്ലാതായിത്തീരുകയും നൃത്തച്ചുവടുകളും ഡിജിറ്റല്‍ വാദ്യഘോഷങ്ങളും വര്‍ണ്ണപ്പൊലിമയും അരങ്ങു നിറയുകയും ചെയ്യുന്ന പുതിയ കാലത്ത് തന്നെപ്പോലുള്ള ഗായകര്‍ ഒറ്റപ്പെട്ടു എന്ന സത്യം തിരിച്ചറിയാതെ പോകുന്നില്ല സതീഷ്ബാബു. പക്ഷേ, ആരെയും പഴിക്കുന്നില്ല ഈ പാട്ടുകാരന്‍. ജീവിതത്തില്‍ ഞാന്‍ ഒരിക്കലും അമിതമായ ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തിയിട്ടില്ല. ഇതാ ഇപ്പോഴുമില്ല. പാട്ടുപാടി ജീവിക്കാനാകും എന്നു മനസ്സിലാക്കിയതുതന്നെ വൈകിയാണ്. പിന്നെ, കൂടപ്പിറപ്പുപോലെ ഒപ്പം കൂടിയ അലസതയുമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറാന്‍ അന്തര്‍മുഖത്വം എന്നെ അനുവദിക്കാറേയില്ല. കൂടുതല്‍ ഏകാഗ്രതയോടെ സംഗീതത്തെ സമീപിക്കാന്‍ എന്നെ സഹായിക്കാന്‍ ഇതൊക്കെയാവാം.നിര്‍ഭാഗ്യത്തിന്റെ ഈണം


ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം സിനിമയില്‍ പാട്ടുപാടിയ പാട്ടുകളെല്ലാം എന്നെ ഇങ്ങോട്ട് തേടിവരികയായിരുന്നു എന്നതാണ്. പാടിയ പാട്ടുകളോളം തന്നെ വരും നിര്‍ഭാഗ്യം കൊണ്ട് അകന്നുപോയവയും. ഇന്നോര്‍ക്കുമ്പോള്‍ എനിക്കു തന്നെ ചിരിവരും. ആരുടെയൊക്കെയോ വാക്കുകള്‍ വിശ്വസിച്ച് കോടമ്പാക്കത്ത് ചെന്ന് കിട്ടാത്ത പാട്ടിനുവേണ്ടി കാത്തിരുന്ന ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍- സതീഷ് പറയുന്നു.

ഇടയ്‌ക്കൊക്കെ വേദന നിറഞ്ഞ അനുഭവങ്ങളുണ്ടാകും. മൂന്നു പതിറ്റാണ്ടോളം മുമ്പ് ഒരു ഫിബ്രവരി രണ്ടിനാണ്. ആ ദിവസം പോലും മറന്നിട്ടില്ല സതീഷ്. തേര്‍വാഴ്ച എന്നൊരു പടത്തിനു പാടാന്‍ സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്‍ ക്ഷണിച്ചതനുസരിച്ച് ഞാന്‍ മദ്രാസിലെത്തുന്നു. ഒ.എന്‍.വി.യുടേതാണ് വരികള്‍. ഉജ്വല തോജോരൂപിണീ എന്നു തുടങ്ങുന്ന മനോഹരമായ കവിത, മറ്റാര്‍ക്കോ പാടാന്‍ വച്ചിരുന്നതാണത്രെ. സ്റ്റുഡിയോയില്‍ കടന്നു ചെന്നതുമുതല്‍ സൗണ്ട് എന്‍ജിനീയര്‍ക്ക് എന്റെ നേരെ അരിശം. കൂടെക്കൂടെ ഈ അതൃപ്തി അയാള്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. പാവം കണ്ണൂര്‍ രാജന്‍ മാഷ് എന്തു ചെയ്യും? അപൂര്‍വ്വമായി അദ്ദേഹത്തിനു ലഭിക്കുന്ന അവസരമല്ലേ? റെക്കോര്‍ഡിംഗിനിടെ എന്‍ജിനീയര്‍ പരമാവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. റിഹേഴ്‌സല്‍ എന്നുകരുതി ഞാന്‍ ലാഘവത്തോടെ പാടിയ പാട്ട് റെക്കോര്‍ഡ് ചെയ്തു.
 1 2 3 NEXT