അള്‍ത്താരയിലെ സംഗീതം

എല്‍.മീര

 

posted on:

11 Dec 2012


2012 ഒക്ടോബറില്‍ കവടിയാര്‍ കൊട്ടാരത്തില്‍ വീണക്കച്ചേരി അരങ്ങേറി. കൊട്ടാരം ഹാളിന്റെ നടുത്തളത്തിലിരുന്ന് പ്രസന്നയായ ഒരു യുവതിയാണ് വീണ വായിക്കുന്നത്. വീണയിലുയര്‍ന്ന 'മായാമാളവഗൗള' രാഗത്തിലുള്ള 'ദേവദേവകലയാമിതേ' കീര്‍ത്തനം ആസ്വദിക്കുന്നതാകട്ടെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും. വീണക്കച്ചേരിക്കൊടുവില്‍ അദ്ദേഹം കലാകാരിയെ അഭിനന്ദിച്ചു. ''നല്ല ശ്രമമാണ്, നന്നായി വരും'' - അഭിനന്ദനം കേട്ട് വിനയത്തോടെ പ്രണമിച്ച യുവതി ഒരു കന്യാസ്ത്രീയായിരുന്നു.
തന്ത്രികളിലെ സ്പര്‍ശത്തിലൂടെ ഉത്രാടം തിരുനാളിന്റെ അനുഗ്രഹം വാങ്ങിയ സിസ്റ്റര്‍ ദിവ്യമാത്യു തൈക്കാട് സ്വാതിതിരുനാള്‍ സംഗീതകോളേജിലെ ബാച്ചിലര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് (വീണ) മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

കന്യാസ്ത്രീമഠത്തിന്റെ ചുവരുകളില്‍ നിന്നും രാഗതാളങ്ങളുടെ ലോകത്തേക്കിറങ്ങിവന്നവരില്‍ ദിവ്യ തനിച്ചല്ല, കൂട്ടിന് മറ്റു രണ്ടുപേരുമുണ്ട്- സിസ്റ്റര്‍ ഉദാത്തയും സിസ്റ്റര്‍ ജൂലി തെരേസും. ഇരുവരും സംഗീതകോളേജിലെ വിദ്യാര്‍ഥിനികള്‍ തന്നെ. സിസ്റ്റര്‍ ഉദാത്ത ബി.പി.എ. ( വോക്കല്‍ ) രണ്ടാം വര്‍ഷവും ജൂലി തെരേസ് മാസ്റ്റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ( വോക്കല്‍ ) ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമാണ്.

മൂവരും ദൈവവഴി തിരഞ്ഞെടുത്തവരും സുഹൃത്തുകളുമാണെങ്കിലും തമ്മില്‍ കാണുന്ന സമയം കുറവാണ്, കാരണം ക്ലാസ്സിന്റെ തിരക്കു തന്നെ. മാവേലിക്കരക്കാരിയായ സിസ്റ്റര്‍ ഉദാത്ത മിശിഹാനുകരണ സന്ന്യാസിനി സമൂഹത്തിലെ അംഗമാണ്. കാഞ്ഞിരപ്പള്ളി സ്വദേശിനി സിസ്റ്റര്‍ ദിവ്യ മാത്യു സിസ്റ്റേഴ്‌സ് ഓഫ് ഹോളിക്രോസ് സഭാംഗവും. ശ്രീകാര്യത്തുനിന്നുള്ള സിസ്റ്റര്‍ ജൂലി തെരേസ് സിസ്റ്റേഴ്‌സ് ഓഫ് നസ്രേത്ത് സഭയുടെ അംഗവുമാണ്.

ബി.കോം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് സിസ്റ്റര്‍ ഉദാത്ത ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിക്കുന്നത്. സ്വാതി തിരുനാള്‍ കോളേജില്‍ ചേരുന്നതിനു മുമ്പ് മുംബൈയില്‍ ഒരു സ്‌കൂളില്‍ ആയിരുന്നു ജോലി. കോളേജില്‍ ചേര്‍ന്നതിനുശേഷം ചെറുപ്പത്തില്‍ പഠിച്ച സംഗീതം ഒന്നു കൂടി പൊടിതട്ടിയെടുത്തു. തന്റെ പേരിനോട് സാമ്യമുള്ള 'ഉദാത്തം' സ്വരത്രയങ്ങളില്‍ ഒന്നാണ് എന്നത് ഇവിടെ വന്നതിനുശേഷമാണ് മനസ്സിലാക്കിയതെന്ന് സിസ്റ്റര്‍ ഉദാത്ത പറയുന്നു.

മാര്‍ ഇവാനിയോസ് കോളേജിലെ ബി.കോം ബിരുദ പഠനത്തിനു ശേഷമാണ് സിസ്റ്റര്‍ ജൂലി തെരേസ് തന്റെ കര്‍മമേഖല തിരഞ്ഞെടുത്തത്. നാലാം ക്ലാസ് മുതല്‍ സംഗീതവുമായി ബന്ധമുള്ള സിസ്റ്ററിന് കര്‍ണാടക സംഗീതത്തിലും വയലിനിലും ( വെസ്റ്റേണ്‍ ) പ്രാഗല്ഭ്യമുണ്ട്.

പത്താം ക്ലാസ് കഴിഞ്ഞ് നേരെ കന്യാസ്ത്രീയാകാന്‍ പോയ കഥയാണ് സിസ്റ്റര്‍ ദിവ്യമാത്യുവിന് പറയാനുള്ളത്. കന്യാസ്ത്രീയാകാനുള്ള പരിശീലനകാലയളവില്‍ പ്രീ-ഡ്രിഗ്രി പാസ്സായി. പിന്നീടാണ് സംഗീത കോളേജിലെത്തുന്നത്. സഭയുടെ പരിപാടികളിലൊക്കെ ഇതിനകം വീണ വായിച്ചു കഴിഞ്ഞു.

മഠത്തിലെ ദൈവീക അന്തരീക്ഷത്തില്‍ നിന്നും കാമ്പസിന്റെ അടിച്ചുപൊളിയിലേക്കുള്ള വരവ് ആദ്യം അല്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മൂവരും പറയുന്നു. ''എല്ലാവര്‍ക്കും പൊതുവെ ഒരു കൗതുകമുണ്ട്, ഒപ്പം നിറഞ്ഞ സ്‌നേഹവും. അധ്യാപക, വിദ്യാര്‍ഥി ഭേദമില്ലാതെ എല്ലാവരുമായും ഇപ്പോള്‍ നല്ല കൂട്ടുണ്ട്''.

ചെറുപ്പം മുതലുള്ള സംഗീതാഭിരുചിയും ക്വയറിലെ പാട്ടും കടന്ന് സംഗീതം പിന്നീട് ജീവിതത്തിന്റെ ഭാഗമായതിന്റെ സന്തോഷത്തില്‍ ഇവര്‍ പറയുന്നു ''എല്ലാം ദൈവത്തിന്റെ തീരുമാനം, അത്രയേയുള്ളൂ.''