പ്രിയപ്പെട്ട പാട്ടുകാരന്‍

വി.ഹരികുമാര്‍

 

posted on:

19 Oct 2012

1960... അവര്‍ ,ഭാഗവതരായ അച്ഛനും മകനും കോതാമൂരിയും ആടിവേടനും കെട്ടി വീടുകള്‍ കയറിയിറങ്ങി. അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണ വാങ്ങ ി പോകാനൊരുങ്ങുമ്പോഴേക്ക് വീട്ടുകാര്‍ നിര്‍ബന്ധിക്കും . ആടിവേടന്‍ കെട്ടിയ കുഞ്ഞുമകന്റെ ഒരു പാട്ട് . പാടാനുള്ള അച്ഛന്റെ സമ്മതം ഒരു മൂളലായി പുറത്തു വരുമ്പോഴേക്ക് പാട്ടിന്റെ സ്വരമാധുരി അവിടെ നിറഞ്ഞു കവിയും . കണ്ണൂരിലെയും കാസര്‍കോട്ടെയും ഒരുപാട് വീടുകളില്‍ അനുഗ്രഹവും പാട്ടിന്റെ മാധുര്യവുമായി അവര്‍ കയറിയിറങ്ങി.

2012... കാലം ഒരുപാട് കഴിഞ്ഞു.ആടിവേടന്‍ കെട്ടിയ ആ പഴയ കുട്ടിക്ക് പാട്ടിനൊപ്പം 59 പിറന്നാളുകളും കഴിഞ്ഞിരിക്കുന്നു.വേഷത്തിലും കുറേയൊക്കെ രൂപത്തിലും പെരുമാറ്റത്തിലും ഗാനഗന്ധര്‍വനെ ഓര്‍മിപ്പിക്കുന്ന പഴയ ആ പാട്ടുകാരന്‍ കുട്ടി ഇന്ന് മലയാളികള്‍ ഏറെ അറിയുന്ന ഒരാളാണ്. :കാഞ്ഞങ്ങാട് രാമചന്ദ്രന്‍. 30000 ലധികം സംഗീതക്കച്ചേരികള്‍, എഴുപതു പ്രാവശ്യം ഗള്‍ഫ് രാജ്യങ്ങളില്‍ സംഗീതക്കച്ചേരികള്‍ ,25മണിക്കൂര്‍ നീണ്ട സംഗീതക്കച്ചേരിയിലൂടെ ഗിന്നസ് റെക്കോഡ്.വിശേഷങ്ങള്‍ പാട്ടുപോലെ പരക്കുകയാണ്... മലബാറിന്റെ പ്രിയപ്പെട്ട പാട്ടുകാരനും സംഗീതസംവിധായകനും പതിനായിരക്കണക്കിന് ശിഷ്യന്‍മാരുടെ ഗുരുവുമായ അദ്ദേഹത്തിനൊപ്പം ഓര്‍മകളുടെ മെലഡികളിലൂടെ ഒരു പിന്‍നടത്തം

1953 ലാണ് ഞാന്‍ ജനിക്കുന്നത് . സംഗീത പാരമ്പര്യമുള്ളതായിരുന്നു എന്റെ കുടുംബം. മലബാറിലെ പ്രത്യേകിച്ച് കോഴിക്കോട് മുതല്‍ മഞ്ചേശ്വരം വരെ അറിയപ്പെട്ടിരുന്ന ഭാഗവതരായ സി.കേളുപ്പണിക്കരാണ് അച്ഛന്‍. കെ.വി നാണി അമ്മയും.

തുച്ഛമായ ശമ്പളത്തിന് കിലോമീറ്ററുകള്‍ നടന്ന് അച്ഛന്‍ കുട്ടികളെ പഠിപ്പിച്ചു. വീട്ടിലെ പട്ടിണി മക്കളും ഭാര്യയുമടങ്ങുന്ന തന്റെ കുടുംബത്തെ ഒരിക്കലും അദ്ദേഹം അറിയിച്ചതേയില്ല.പാട്ടുകാരനൊപ്പം അച്ഛന്‍ തെയ്യം കലാകാരനും അഭിനേതാവുമൊക്കെയായിരുന്നു.

ഇന്നും എന്റെ ഓര്‍മയിലുള്ള ഒരുചിത്രം നീലക്കല്ലു വെച്ച സ്വന്തം മോതിരവും അമ്മയുടെ കമ്മലുമെടുത്ത് പണയം വെയ്ക്കാനായി ചെറുകുന്ന് റൂറല്‍ ബാങ്കിലേക്ക് സങ്കടത്തോടെ പോകുന്ന അച്ഛന്റേതാണ് .അന്നേ ഞാന്‍ ചിന്തിക്കുമായിരുന്നു. ഇത്രയും വലിയൊരു കലാകാരന് എന്താണിത്ര സാമ്പത്തിക ഞെരുക്കമെന്ന് .

വീട്ടില്‍ അച്ഛന്‍ കുട്ടികളെ പാട്ട്്പഠിപ്പിക്കുമായിരുന്നു . ഞാന്‍ ഉണരുമ്പോള്‍ മുതല്‍ കേള്‍ക്കുന്നത് ഈ പാട്ടുകളായിരുന്നു. കുട്ടികള്‍ ക്കൊപ്പം മക്കളായ ഞങ്ങളെയും പാട്ട് പഠിപ്പിച്ചു. അച്ഛന്‍ പഠിപ്പിച്ചതിന്റെ ബാക്കി അടുക്കളജോലികള്‍ ക്കിടയില്‍ അമ്മയാകും മുഴുമിപ്പിക്കുന്നത് . പല്ലവി അച്ഛന്‍ പഠിപ്പിച്ചാല്‍ അനുപല്ലവി അമ്മയുടെ വക.

ചെറുകുന്ന് എല്‍.പി , ഹൈസ്‌കൂള്‍ , കാഞങ്ങാട് നെഹ്രു കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചെറുകുന്ന് സ്‌കൂളില്‍ മിക്കവാറും പിരീഡുകളില്‍ അധ്യാപകര്‍ എന്നെക്കൊണ്ട് പാട്ടുപാടിക്കുമായിരുന്നു. കാക്കിനിക്കറിട്ട ആ കൊച്ചു പാട്ടുകാരന്‍ ഇപ്പോഴുമെന്റെ ഓര്‍മയിലുണ്ട്. ആറാം വയസ്സിലാണ് നന്നായി ഞാന്‍ പാടിത്തുടങ്ങുന്നത് .

അച്ഛന്റെ കുലത്തൊഴിലായിരുന്നു തെയ്യം കെട്ട്. ചെറുപ്പത്തില്‍ അച്ഛനോടൊപ്പം അതിലെല്ലാം ഞാനും പങ്കെടുത്തു.

പല തെയ്യക്കോലങ്ങളുടെയുംം തോറ്റങ്ങളുടെയും സ്തുതികളിലുള്ള രാഗത്തിന്റെ ചട്ടക്കൂട് സംഗീത ജീവിതത്തില്‍ എനിക്ക് വലിയ സ്വാധീനമായി. എന്റെ ഇളയച്ഛന്‍മാരായ കൃഷ്ണന്‍ മാസ്റ്ററും സി ആര്‍ പണിക്കരും പാട്ടുകാരായിരുന്നു.

എനിക്ക്് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത പേരുകളിലൊന്നാണ് കവിണിശ്ശേരി ദാമോദരന്റേത്. പാചകജോലികള്‍ ചെയ്തിരുന്ന ദാമോദരന്‍ വയലിന്‍ പഠിച്ചിരുന്നു . മാട്ടൂല്‍ ഇ പി കുഞ്ഞിരാമന്‍ മാസ്റ്ററായിരുന്നു ഗുരു. അപസ്മാര രോഗിയായിരുന്ന ഇദ്ദേഹം പഠനമധ്യേ ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് മുന്നിലെ ഞങ്ങളുടെ വീട്ട്ില്‍ വിശ്രമിക്കുക പതിവായിരുന്നു. അദ്ദേഹമറിയാതെ വയലിനെടുത്ത് ഞാന്‍ സ്വരസ്ഥാനങ്ങള്‍ ഹൃദിസ്ഥമാക്കി .പിന്നീട ്കണ്ട ഒരു സ്വപ്നം എന്റെ ജീവിതം മാറ്റിമറിച്ചു. സ്വപ്നത്തില്‍ ഞാന്‍ വയലിനില്‍'ദേവീ ശ്രീദേവീ ' എന്ന പാട്ട് വായിക്കുന്നു. ഉറക്കമുണര്‍ന്ന ഞാന്‍ വയലിനില്‍ ആപാട്ട്് വായിച്ചത്് ഇന്നും എനിക്ക് അത്ഭുതമാണ്.

പത്താം ക്ലാസ് കഴിഞ്ഞതോടെ സംഗീതത്തിലുള്ള താത്പര്യത്തിനപ്പുറം ഒരു ജോലി വേണമെന്ന ആഗ്രഹമായി എനിക്ക് .പാട്ടില്‍ നിന്ന് പരിപൂര്‍ണമായി വിട്ടുപോകണമെന്നും ഞാന്‍ ആഗ്രഹിച്ചു .അങ്ങനെ പടന്നക്കാട് നെഹ്‌റുകോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. പൊളിഞ്ഞൊരു വയലിനുമായി ചെറുകുന്നില്‍ നിന്ന് ഞാന്‍ പടന്നക്കാട്ടേക്ക് പോയി. എന്നാല്‍ കോളേജിലാരോടും എന്റെ സംഗീതാഭിരുചിയെക്കുറിച്ച് വെളിപ്പെടുത്തിയില്ല. കോളജ്കാന്റീനടുത്തെ വിറകുപുരയില്‍ വയലിന്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നു. വൈകുന്നേരങ്ങളില്‍ പയ്യന്നൂര്‍ , ചെറുപുഴ, പഴയങ്ങാടി , നീലേശ്വരം ഭാഗങ്ങളില്‍ നാടകത്തിന് വയലിന്‍ വായിച്ചായിരുന്നു ചെലവുകള്‍ക്ക് പണം കണ്ടെത്തിയിരുന്നത്.
 1 2 3 NEXT