'ജവാന്‍ ഓഫ് വെള്ളിമല'യുടെ ഓഡിയോ സി.ഡി. പുറത്തിറക്കി
posted on:
16 Oct 2012
കോഴിക്കോട്: പട്ടാളത്തില്‍ നിന്ന് വിവിധ കാരണങ്ങള്‍കൊണ്ട് പിരിഞ്ഞ പതിനൊന്നു ജവാന്മാര്‍ക്കൊപ്പം മമ്മൂട്ടിയുടെ ജവാന്‍ ഗോപീകൃഷ്ണനും ചേര്‍ന്ന് 'ജവാന്‍ ഓഫ് വെള്ളിമല'യുടെ ഓഡിയോ സി.ഡി. പ്രകാശനംചെയ്തു. മാതൃഭൂമി മ്യൂസിക്കും സത്യം ഓഡിയോസും ചേര്‍ന്നാണ് സി.ഡി. പുറത്തിറക്കുന്നത്. നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടന്ന ചടങ്ങില്‍ പന്ത്രണ്ട് ജവാന്മാര്‍ക്ക് ഓരോ സി.ഡി. വീതം നല്‍കിയാണ് പ്രകാശനം നടത്തിയത്.
മഞ്ഞിലും വെയിലിലും നിന്ന് നാടുകാക്കുന്ന ധീരജവാന്മാര്‍ക്കുള്ള വലിയ സല്യൂട്ടാണ് ഈ ചടങ്ങെന്ന് മമ്മൂട്ടി പറഞ്ഞു. പുതുമുഖ സംവിധായകന്‍ അനൂപ് കണ്ണനാണ് ജവാന്‍ ഓഫ് വെള്ളിമലയുടെ സംവിധാനം ചെയ്തിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍, ആര്‍. വേണുഗോപാല്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയത്. ചിത്രത്തില്‍ ആറ് ഗാനങ്ങളാണുള്ളത്. ഇതില്‍ 'ഒന്നാം കുന്നുമ്മെ..' എന്നുതുടങ്ങുന്ന ഗാനം മമ്മൂട്ടിയാണ് ആലപിച്ചിരിക്കുന്നത്. ചിത്ര, രാഗേഷ് ബ്രഹ്മാനന്ദന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, ബിജിബാല്‍ എന്നിവരാണ് മറ്റു ഗായകര്‍. പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ്, നിംസ് ഡയറക്ടര്‍ കെ.എ. സലീം, ചലച്ചിത്രതാരങ്ങളായ കാവ്യാമാധവന്‍, ദേവന്‍, സംവിധായകരായ രഞ്ജിത്ത്, ജി.എസ്. വിജയന്‍, സംഗീതസംവിധായകന്‍ ബിജിബാല്‍, തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട്, ഷഹബാസ് അമന്‍, കോട്ടയം നസീര്‍, മാതൃഭൂമി സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദ് എന്നിവര്‍ പങ്കെടുത്തു. പ്രകാശനച്ചടങ്ങിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി.