റിലാക്‌സ്...

വി.എന്‍.രാഖി

 

posted on:

09 Aug 2012

ചെറുപ്പക്കാര്‍ക്കായി ധ്യാനത്തിന്റെ മൂഡില്‍, അധികം കേട്ടു പരിചയമില്ലാത്ത
കൃഷ്ണഭജനുകള്‍ക്ക് ഈണമൊരുക്കി ജ്യോത്സ്‌ന സംഗീത സംവിധായികയുടെ റോളിലേക്ക്...


ചെറുപ്പക്കാര്‍ക്കായി സംഗീതത്തില്‍ ചെറിയൊരു പരീക്ഷണം നടത്തിക്കഴിഞ്ഞു ഗായിക ജ്യോത്സ്‌ന. ആത്മീയതലത്തിലുള്ള ഈ പരീക്ഷണത്തിന്റെ ഫലം നമ്മുടെ കാതുകളില്‍ ജ്യോത്സ്‌നയുടെ ഈണവും സ്വരവുമായെത്തും. ധ്യാനത്തിന്റെ മൂഡില്‍, അധികം കേട്ടു പരിചയമില്ലാത്ത കൃഷ്ണഭജനുകള്‍ക്ക് ഈണമൊരുക്കിയാണ് ജ്യോത്സ്‌ന സംഗീത സംവിധായികയുടെ റോളിലെത്തുന്നത്. എല്ലാം എക്‌സ്‌ക്ലൂസീവ്‌ലി നമ്മുടെ യങ്‌സ്റ്റേഴ്‌സിനു വേണ്ടി...

പഴയ കുറേ ഗ്രന്ഥങ്ങള്‍ തപ്പിയാണ് ശ്ലോകങ്ങളും ഭജനുകളും കണ്ടെത്തിയത്. ചെങ്ങന്നൂരുള്ള ഗിരീഷ് കുമാറാണ് ആ ഗ്രന്ഥങ്ങള്‍ തന്നത്. സംസ്‌കൃതത്തിനും ഹിന്ദിക്കും പുറമെ ഇംഗ്ലീഷില്‍ ഞാനെഴുതിയ ഒരു ഭജനും 'കൃഷ്ണ -ദി ഇറ്റേണല്‍' എന്ന ഈ ആല്‍ബത്തില്‍ കേള്‍ക്കാം. സ്പിരിച്വല്‍ ആല്‍ബങ്ങള്‍ പണ്ടേ എനിക്ക് ഇഷ്ടമാണ്. പിന്നെ, ചെറുപ്പക്കാര്‍ക്കിടയിലും ധ്യാനത്തിനും യോഗയ്ക്കും പ്രാധാന്യം കൂടിവരികയല്ലേ. അതുകൊണ്ടു കൂടിയാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്.യ്ത്തയ്ത്തജ്യോത്സ്‌ന പറഞ്ഞു
ഭക്തിഗാന രൂപത്തിലുള്ള എട്ട് പാട്ടുകളാണ് ആല്‍ബത്തിലുള്ളത്.

എല്ലാ ഗാനങ്ങളും പാടിയത് ജ്യോത്സ്‌ന തന്നെ, നാല് ഗാനങ്ങളുടെ ഈണവും. മറ്റ് നാല് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഭക്തിഗാന രംഗത്തുള്ള ഗിരീഷ്‌കുമാറും. ശുദ്ധമായ ശാസ്ത്രീയ രീതിയില്‍ നിന്ന് മാറി, ലളിതഗാന രീതിയില്‍ പാശ്ചാത്യ-ഭാരതീയ ശൈലികള്‍ യോജിപ്പിച്ചാണ് ട്യൂണ്‍ നല്‍കിയിരിക്കുന്നത്. സ്വന്തം സംരംഭം ആയതുകൊണ്ട് പരീക്ഷണത്തിന് പൂര്‍ണ സ്വാതന്ത്യം ഉണ്ടായിരുന്നു. എങ്കിലും വിട്ടുവീഴ്ചയില്ലാതെ നൂറുശതമാനം പെര്‍ഫെക്ഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ജ്യോത്സ്‌ന.

ലൈവായി സംഗീതോപകരണങ്ങള്‍ വായിച്ചു തന്നെയാണ് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തത് എന്നതാണ് ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത.
തൃശ്ശൂര്‍ ചേതനയിലെ കീബോര്‍ഡ് പ്രോഗ്രാമര്‍ വില്യം ഫ്രാന്‍സിസ് ആണ് ആല്‍ബത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍. അഖിലേന്ത്യാ തലത്തില്‍ ടൈംസ് മ്യൂസിക് സി.ഡി.കള്‍ മാര്‍ക്കറ്റിലെത്തിച്ചു കഴിഞ്ഞു.

ആല്‍ബത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ് പതിനൊന്നിന് കൊച്ചി ഓബ്‌റോണ്‍ മാളിലെ റിലയന്‍സ് ടൈം ഔട്ട് ഷോറൂമില്‍ നടക്കും. വൈകീട്ട് 6.30ന് ചലച്ചിത്ര സംവിധായകന്‍ കമലും ഗായകന്‍ ഉണ്ണി മേനോനുമാണ് സി.ഡി. പ്രകാശനം ചെയ്യുന്നത്. സിനിമാ സംഗീത സംവിധായികയുടെ ടെന്‍ഷനോ സമയ നിബന്ധനയോ ഒന്നും ആവശ്യമില്ലാത്ത, സ്വന്തം സംരംഭമായതുകൊണ്ട് മാത്രമാണ് ആല്‍ബത്തിന് സംഗീതം ചെയ്യാന്‍ തീരുമാനിച്ചത്. അത് കുറച്ചുപേര്‍ക്കെങ്കിലും സമാധാനം നല്‍കുമെങ്കില്‍ നല്ലതല്ലേ? -ജ്യോത്സ്‌ന ചോദിക്കുന്നു.