കാതില്‍ തേന്‍മഴയായ പാട്ടുകള്‍

രവി മേനോന്‍

 

posted on:

08 Aug 2012


ഓരോ പാട്ടിനുമുണ്ട് ഒരു നിയോഗം. എഴുതിയ കവിയ്‌ക്കോ ഈണമിട്ട സംഗീത സംവിധായകനോ ശബ്ദം പകര്‍ന്ന ഗായകനോ തിരുത്താന്‍ കഴിയാത്ത ഒന്ന്. നേര്‍ത്ത പാദപതനങ്ങളോടെ കടന്നു വന്ന് , ഒടുവില്‍ നിനച്ചിരിക്കാതെ ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു ചില പാട്ടുകള്‍; മറ്റു ചിലവയാകട്ടെ കൊട്ടും കുരവയും വര്‍ണക്കാഴ്ചകളുമായി വന്ന് മറവിയുടെ ശ്മശാനത്തില്‍ ചെന്നൊടുങ്ങുന്നു.

പാട്ടുകള്‍ക്ക് മാത്രമല്ല, അവയുടെ സൃഷ്ടിക്ക് പിന്നിലെ അദൃശ്യകരങ്ങള്‍ക്കുമുണ്ട് ഈ നിയോഗം എന്ന് പറയും എള്ളാത്ത് കരുണാകരന്‍.. സിനിമക്ക് വേണ്ടി താന്‍ ശബ്ദലേഖനം നിര്‍വഹിച്ച ആദ്യ ഗാനം തന്നെ ചരിത്രത്തിന്റെ ഭാഗമായിത്തീരുമെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലൊ ഈ സൌണ്ട് എന്‍ജിനീയര്‍.. സ്ഥിരം റെക്കോര്‍ഡിസ്റ്റ് പെട്ടെന്ന് അവധിയില്‍ പോയതുകൊണ്ട് മാത്രം വീണു കിട്ടിയ സൌഭാഗ്യം. തരംഗിണി സ്റ്റുഡിയോയുടെ കണ്‍സോളില്‍ ഇതിഹാസ തുല്യരായ ദേവരാജന്‍ മാഷിനും ഒ എന്‍ വി കുറുപ്പിനുമൊപ്പം വിറയ്ക്കുന്ന കൈകളോടെ, തുടിക്കുന്ന ഹൃദയത്തോടെ ഇരിക്കുമ്പോള്‍, കരുണാകരന്‍റെ കാതില്‍ മുഴങ്ങിയത് ആ രണ്ടു മഹാകലാകാരന്മാര്‍ ചേര്‍ന്നു ഉയിരേകിയ നൂറു നൂറു അനശ്വര ഗാനങ്ങളാണ്. കുട്ടിക്കാലം മുതല്‍ കേട്ട് മനസ്സില്‍ പതിഞ്ഞ പാട്ടുകള്‍..

നീയെത്ര ധന്യ (1987 ) അതായിരുന്നു പടം. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഒ എന്‍ വിദേവരാജന്‍ യേശുദാസ് ത്രയത്തിന്റെ ഒത്തുചേരല്‍. . ഒ എന്‍ വി എഴുതിക്കൊടുത്ത വരികളിലൂടെ കണ്ണോടിച്ചു വികാരാധീനനാകുന്ന ദാസേട്ടന്റെ ചിത്രം ഇന്നുമുണ്ട് കരുണാകരന്റെ ഓര്‍മയില്‍.. . അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയീ.... സംഗീത സാന്ദ്രമായ ആ വരികളെ ഈണം കൊണ്ടു ഒന്ന് തൊട്ടതേയുള്ളൂ ദേവരാജന്‍ മാഷ്.; ഒരു മാന്ത്രിക സ്പര്‍ശം. പിന്നെ കേട്ടത് ജീവിതത്തില്‍ ഒരിക്കലും ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനമാണ്. മൈക്രോ ഫോണിനു മുന്നില്‍ നിന്നുകൊണ്ട് ഗാനത്തിന്റെ ആത്മാവിലൂടെ ഗായകന്‍ ഒഴുകിപ്പോകുന്നത് നിഗൂഡമായ ഒരു ആത്മ സംതൃപ്തിയോടെ കണ്‍സോളില്‍ ഇരുന്ന് നോക്കിക്കാണവെ ആത്മഗതമെന്നോണം മാഷ് പറഞ്ഞു: ഭഭകണ്ടോ. ഇനി അവനെ പിടിച്ചാല്‍ കിട്ടില്ല...''കണ്ണുകളില്‍ നേര്‍ത്ത നനവോടെ പാട്ട് പാടി പുറത്തു വന്ന് ദേവരാജന്‍ മാഷേ തൊഴുതു നിന്ന യേശുദാസിന്റെ ചിത്രം ദീപ്തമായ ഓര്‍മയായി മനസ്സില്‍ സൂക്ഷിക്കുന്നു കരുണാകരന്‍... ``ഒരു സാധാരണ ജന്മം ധന്യമാകാന്‍ ഇതൊക്കെ പോരെ?''

ഗാനത്തിന്റെ തുടക്കത്തിലെ അരികില്‍ എന്ന വാക്കിനു അനുയോജ്യമായ ഈണം കണ്ടെത്താന്‍ ദിവസങ്ങളോളം തപസ്സിരുന്ന കഥ ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഒരിക്കല്‍ വിവരിച്ചു കേട്ടിട്ടുണ്ട്. ഗാന സൃഷ്ടിയുടെ പിന്നിലെ ഈ ഏകാന്ത തപസ്യ ആരറിയുന്നു! ``ഒരേ തരം പാട്ടുകള്‍ പാടി മടുപ്പ് തോന്നിയ നാളുകളിലാണ് ഒരു അനുഗ്രഹം പോലെ അരികില്‍ എന്നെ തേടി വന്നത്. പ്രായം നമ്മെ ബാധിച്ചു തുടങ്ങിയോ എന്ന് സ്വയം തോന്നിത്തുടങ്ങിയ ഘട്ടം. പക്ഷെഅരികില്‍ എല്ലാ ആശങ്കകളും അകറ്റി,'' യേശുദാസിന്റെ വാക്കുകള്‍. ഭഭഇന്നും ആ പാട്ട് മൂളുമ്പോള്‍ എന്‍റെ മനസ്സില്‍ മുഴങ്ങുക റഫി സാഹിബിന്റെ പ്രശസ്തമായ മന്‍ രേ എന്ന ഗാനമാണ്. രണ്ടും ക്ലാസിക്കുകള്‍; ഒപ്പം വ്യക്തിത്വമാര്‍ന്ന ഗാനശില്‍പങ്ങളും.''

കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തെ (1987 2012 ) ഏറ്റവും പ്രിയപ്പെട്ട പത്തു പാട്ടുകളുടെ പട്ടികയില്‍ ഈ ഗാനം ഉള്‍പ്പെടുത്താന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല എനിക്ക്. പക്ഷെ ഇനിയുള്ള ഒമ്പത് പാട്ടുകള്‍? ആത്മനിഷ്ഠം , ആപേക്ഷികം എന്നൊക്കെ പറഞ്ഞു മുന്‍കൂര്‍ ജാമ്യമെടുതാലും , ഇഷ്ടപ്പെട്ട എണ്ണമറ്റ പാട്ടുകളെ ഒന്‍പതില്‍ ഒതുക്കുന്നത് അനീതി തന്നെ. പിന്നെ ഒരു പോംവഴിയുണ്ട്. നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന അസംഖ്യം പാട്ടുകളുടെ ഒരു ഭക്രോസ് സെക്ഷന്‍' അവതരിപ്പിക്കുക. അവതാരകന്റെ ആസ്വാദന ശീലവും അഭിരുചിയും വ്യക്തമാക്കാന്‍ അത് ധാരാളം. ഈ പത്തു പാട്ടുകളില്‍ ഒന്ന് പോലുമില്ല ഞാന്‍ ആവര്‍ത്തിച്ചു കേള്‍ക്കാത്തതായി. ആദ്യ ശ്രവണ മാത്രയിലെ അതേ അനുഭൂതിയോടെ അവ ഇന്നും ആസ്വദിക്കാനാവുന്നു എനിക്ക്.

രവീന്ദ്ര സംഗീതം


ഹിസ് ഹൈനസ് അബ്ദുള്ളയിലെ (1990 ) ``പ്രമദ വനം വീണ്ടും ഋതുരാഗം ചൂടി'' എന്ന ഗാനമെടുക്കുക. കൈതപ്രം രവീന്ദ്രന്‍ യേശുദാസ് ടീമിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്ന്. കൈതപ്രം ഇതിലും മികച്ച ഗാനങ്ങള്‍ എഴുതിയിരിക്കാം. രവീന്ദ്രന്‍ കൂടുതല്‍ പ്രൌഡഗാംഭീര്യമാര്‍ന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുമുണ്ടാകാം. പക്ഷെ, പ്രമദവനത്തെ വേറിട്ടു നിര്‍ത്തുന്നത് മറ്റൊരു ഘടകമാണ്: യേശുദാസ്, സ്വന്തം ശബ്ദ സൌകുമാര്യത്താല്‍ ആ ഗാനത്തിന് കനിഞ്ഞു നല്‍കിയ വിശിഷ്ടമായ വ്യക്തിത്വം. രണ്ടു ദശകം മുന്‍പ് തരംഗിണിയുടെ ഓഡിയോ കാസറ്റില്‍ ഈ ഗാനം ആദ്യം കേട്ട് തരിചിരുന്നത് ഓര്‍മയുണ്ട്. ദാസിന്റെ ശബ്ദം ഒരു സിനിമാഗാനത്തില്‍ അത്രയും അഗാധഗാംഭീര്യമാര്‍ന്ന് ആദ്യം കേള്‍ക്കുകയായിരുന്നു.
 1 2 3 NEXT