വയലിനുമായി ലോകമെമ്പാടുമുള്ള വേദികള്‍ പിന്നിട്ട അനുഭവവുമായാണ് മനോജ് ജോര്‍ജ്ജ് മലയാളത്തില്‍ സംഗീതസംവിധായകനാകുന്നത്. വയലിന്‍ മാസ്റ്റര്‍ ഡോ.എല്‍.സുബ്രഹ്മണ്യത്തോടൊപ്പം മിസ് വേള്‍ഡ് മത്സരവേദി, ബ്രയാന്‍ ആഡംസിനൊപ്പം ബാംഗ്ലൂരിലെ വേദി, ലോക മിലിറ്ററി മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധി... ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, യേശുദാസ് എന്നിവര്‍ക്കുശേഷം പോപ്പ് ലെജന്‍ഡ് ലക്കി അലിയിലെത്തിനില്‍ക്കുകയാണ് ആ അനുഭവങ്ങള്‍. 'വാദ്ധ്യാരി'ലെ 'കണ്ടെങ്കിലും കണ്‍നിറയും മുമ്പെയീ...' എന്ന മെലഡി ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മനോജ്.
2001ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ 'ഖരാക്ഷരങ്ങള്‍'ക്ക് പശ്ചാത്തലസംഗീതമൊരുക്കിയത് മനോജായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണമിട്ടായിരുന്നു സംഗീതസംവിധാനരംഗത്തെ അരങ്ങേറ്റം. എന്നെന്നും എന്ന ആല്‍ബത്തിലെ പൊഴിയാമഴ പൂമഴ...ആയിരുന്നു ഗാനം. ഇതുകേട്ട് ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്ത ഒരു ഓണപ്പരിപാടിയില്‍ പാട്ടെഴുതാന്‍ ലാല്‍ ജോസ് വിളിച്ചു. ബീയാര്‍ പ്രസാദായിരുന്നു ഗാനരചന. പിന്നീട് ചില ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കി. 2010ല്‍ ലോകസംഗീതം എന്ന സങ്കല്‍പ്പത്തില്‍ 'ലോസ്റ്റ് ഫോര്‍ വേഡ്‌സ്' വയലിന്‍ സോളോ ഏറെ പ്രശംസ പിടിച്ചുപറ്റി.
ഇതിനിടെ ആത്മീയ എന്ന കന്നട ചിത്രത്തില്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിച്ചു. ശങ്കര്‍മഹാദേവന്‍, ചിന്‍മയി തുടങ്ങിയവരായിരുന്നു ഗായകര്‍. നിര്‍മാതാവ് സുധീഷ് പിള്ളയുമായുള്ള പരിചയമാണ് വാദ്ധ്യാരില്‍ സംഗീതം നല്‍കാന്‍ കാരണമായത്. സുജാത പാടിയ 'കണ്ടെങ്കിലും കണ്‍നിറയും ...'എന്ന മെലഡിക്കു പുറമെ ഫ്രാങ്കോയും സംഘവും പാടിയ ഏഴാംകരയില്‍... എന്നൊരു പെപ്പി നമ്പറും ചിത്രത്തിലുണ്ട്.
ലണ്ടന്‍ ട്രിനിറ്റി കോളേജ് നല്‍കുന്ന ലൈസെന്‍ഷ്യേറ്റ് പെര്‍ഫോമര്‍ ഇന്‍ വയലിന്‍ എന്ന സ്ഥാനം മനോജിനുണ്ട്. ന്യൂഡല്‍ഹിയിലുള്ള സര്‍ക്കാര്‍ എച്ച്.ആര്‍. വകുപ്പിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. ലെസ്ലി പീറ്റര്‍ ആയിരുന്നു വയലിനില്‍ ആദ്യഗുരു. സിസ്റ്റര്‍ ജൂഡിതില്‍ നിന്ന് വയലിന്‍ പാഠങ്ങള്‍ പഠിക്കാനായി പോണ്ടിച്ചേരിയില്‍ രണ്ടു വര്‍ഷം. ബാംഗ്ലൂരില്‍ ഫിലോമിന തമ്പുച്ചെട്ടിക്കു കീഴില്‍ ഇപ്പോഴും പഠനം തുടരുന്നു. ഇതിനിടെ യേശുദാസ്, ചിത്ര, സുജാത തുടങ്ങി മുന്‍നിര ഗായകര്‍ക്കുവേണ്ടി ഓര്‍ക്കെസ്ട്രയില്‍ വയലിന്‍ വായിക്കുകയും ചെയ്തു.
രണ്ടു വര്‍ഷം മുമ്പ് മുംബൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് താമസം മാറിയ ലക്കി അലി ഒരു വയലിനിസ്റ്റിനായി അന്വേഷണം തുടങ്ങി. സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണം ചെന്നെത്തിയത് മനോജിലായിരുന്നു. സ്‌റ്റേജില്‍ ലൈവായി വയലിന്‍ വായിക്കുമ്പോള്‍ രണ്ടുപേര്‍ക്കുമിടയിലെ കെമിസ്ട്രി തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്ന് മനോജ് പറയുന്നു. മനോജ് ജോര്‍ജ് 4 സ്ട്രിങ്‌സ് എന്ന ബാന്‍ഡിന്റെ വര്‍ക്കുകളുമായി തിരക്കിലാണിപ്പോള്‍ മനോജ്. ഒളരിക്കര എല്‍ത്തുരുത്തുകാരനായ മനോജ് ബാംഗ്ലൂരിലാണിപ്പോള്‍ താമസം.