'സ്വപാനം' സ്‌നേഹത്തിനായുള്ള അന്വേഷണം-ഷാജി എന്‍. കരുണ്‍

posted on:

10 Dec 2013

ദുബായ്: സ്വപാനം എന്ന തന്റെ പുതിയ സിനിമ സ്‌നേഹത്തിനായുള്ള മനുഷ്യമനസ്സിന്റെ അന്വേഷണമാണെന്ന് സംവിധായകന്‍ ഷാജി എന്‍. കരുണ്‍. എല്ലാ കലകളും തുടങ്ങുന്നത് മനുഷ്യന്‍ ജീവിക്കുന്ന വിധത്തില്‍നിന്നാണ്. മനുഷ്യസമൂഹത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതിനുള്ള അന്വേഷണം കൂടിയാണ് സിനിമയെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏക മലയാള സാന്നിധ്യമാണ് സ്വപാനം. ആദ്യപ്രദര്‍ശനത്തിനുശേഷം ദുബായ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി എന്‍. കരുണ്‍. മുഖ്യകഥാപാത്രങ്ങളായ ജയറാം, സിദ്ദിഖ്, നിര്‍മാതാവ് രാജന്‍ തളിപ്പറമ്പ് എന്നിവരും മുഖാമുഖത്തിന് എത്തിയിരുന്നു.

സ്വയം പാനം ചെയ്യുന്നത് എന്നതാണ് സ്വപാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളഭാഷയ്ക്ക് പുതിയൊരു വാക്കുകൂടി ഈ സിനിമ സംഭാവന ചെയ്യുകയാണ്. സ്‌നേഹത്തിനുവേണ്ടി ഇതിലെ കഥാപാത്രങ്ങള്‍ എല്ലാ വികാരങ്ങളും പാനംചെയ്യുകയാണ്. അതിനെ പോസിറ്റീവായി കണ്ടുവേണം സിനിമയെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെണ്ടയെ പ്രണയിക്കുന്ന ഒരു കലാകാരന്റെ വികാരവിക്ഷോഭങ്ങളും ജീവിതത്തിലെ ഗതിവിഗതികളുമാണ് സിനിമയുടെ കഥാതന്തു. അത് കൃത്യമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവെന്നാണ് ആദ്യപ്രദര്‍ശനത്തിന്റെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായതെന്നും ഷാജി എന്‍. കരുണ്‍ പറഞ്ഞു.

ചെണ്ട എന്ന വാദ്യോപകരണം ലോകം മുഴുക്കെ ഈ സിനിമയിലൂടെ സഞ്ചരിക്കുകയാണെന്ന് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ജയറാം പറഞ്ഞു. സ്‌നേഹം അന്വേഷിച്ചുനടക്കുന്ന മനുഷ്യമനസ്സുകളുടെ കഥകൂടിയാണിത്. മിക്ക ലോകസിനിമാ മേളകളിലും റെഡ് കാര്‍പ്പറ്റ് എന്‍ട്രി ഇതിനകം സ്വപാനത്തിന് ലഭിച്ചു എന്നത് അഭിമാനകരമാണ്. അല്പം ഭ്രമാത്മകത ഉള്ള മനസ്സിന്റെ ഉടമയാണ് ഉണ്ണി എന്ന നായകകഥാപാത്രം. ചെണ്ടമേളം പഠിച്ചതിനാല്‍ കഥാപാത്രത്തോട് ഏറെ താദാത്മ്യം പ്രാപിക്കാനായെന്നും ജയറാം പറഞ്ഞു.

അഭിനയം കുറേക്കൂടി ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ഷാജി എന്‍. കരുണിന്റെ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വേളയിലാണ് തിരിച്ചറിവുണ്ടായതെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു. നടന്‍ എന്നനിലയില്‍ തന്റെ പോരായ്മകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാരായണന്‍ നമ്പൂതിരി എന്ന കഥാപാത്രത്തിലേക്കുള്ള മാറ്റം അഭിനയജീവിതത്തിലെ പ്രധാന വഴിത്തിരിവാണെന്നും സിദ്ദിഖ് പറഞ്ഞു.

സാമ്പത്തികലാഭം ഉദ്ദേശിച്ചല്ല ഈ സിനിമ നിര്‍മിക്കാന്‍ തയ്യാറായതെന്ന് നിര്‍മാതാവ് രാജന്‍ തളിപ്പറമ്പ് പറഞ്ഞു. ജയറാം പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി റോണി പണിക്കര്‍ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.


 Other News In This Section
 1 2 3 NEXT