'തലൈവ' റിലീസ് വൈകുന്നത് വിജയിനെ വലയ്ക്കുന്നു

posted on:

13 Aug 2013


ചെന്നൈ: 'തലൈവ' എന്ന പുതിയ സിനിമ തമിഴകത്തെ തിയേറ്ററുകളിലെത്തിക്കാനാവാതെ നടന്‍ വിജയ് കുഴങ്ങുന്നു. ആഗസ്ത് ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന തലൈവ ഇനിയും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാനായിട്ടില്ലെന്നതാണ് വിജയിന് തലവേദനയായിരിക്കുന്നത്.

എന്തുകൊണ്ടാണ് തലൈവ റിലീസ് വൈകുന്നതെന്നതിന് വ്യക്തമായ കാരണങ്ങളില്ല എന്നതാണ് രസകരം. സിനിമയ്‌ക്കെതിരെ ഭീഷണികളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പോലീസ് പറയുന്നത് സിനിമ റിലീസ് ചെയ്യുന്നതിനെ തങ്ങള്‍ ഒരുതരത്തിലും തടഞ്ഞിട്ടില്ലെന്നാണ്.

സിനിമ റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്റര്‍ ഉടമകളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. വിനോദനികുതിയില്‍ നിന്ന് തലൈവയെ ഒഴിവാക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്‍ ബജറ്റ് ചിത്രമായ തലൈവയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയാണ്. ഇതുമായി ബന്ധപ്പെട്ട് നടന്‍ വിജയും പിതാവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തലൈവ തിയേറ്ററുകളിലെത്തിയിട്ടില്ലെങ്കിലും വ്യാജ സി.ഡി.കള്‍ സംസ്ഥാനത്ത് വ്യാപകമായി ഇറങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും വിജയിനും നിര്‍മാതാക്കള്‍ക്കും തലവേദനയായിട്ടുണ്ട്.

അതിനിടെ തലൈവയുടെ റിലീസ് വൈകുന്നതില്‍ ജയലളിതാ സര്‍ക്കാറിനെ ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി നിശിതമായി വിമര്‍ശിച്ചു. തമിഴകത്ത് ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് കരുണാനിധി കുറ്റപ്പെടുത്തി. കൂടിക്കാഴ്ചയ്ക്ക് വിജയ് അവസരം ചോദിച്ചിട്ട് ജയലളിത വിസമ്മതിച്ചതിനെയും കരുണാനിധി വിമര്‍ശിച്ചു. തലൈവയ്ക്ക് നികുതി ഇളവ് നല്‍കാത്തതില്‍ ജയലളിത സര്‍ക്കാറിന് പ്രത്യേക താത്പര്യമുണ്ടെന്നും കരുണാനിധി കുറ്റപ്പെടുത്തി.