മഞ്ജു വാര്യരുടെ പരസ്യം യൂട്യൂബില്‍

posted on:

31 Jul 2013


കൊച്ചി: മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിക്കുന്ന കല്യാണ്‍ ജുവലേഴ്‌സ് പരസ്യത്തിന്റെ റിലീസും പുതുമയാര്‍ന്ന രീതിയില്‍. ബുധനാഴ്ച വൈകീട്ട് ആറിന് യൂട്യൂബിലാണ് പരസ്യം ആദ്യം പ്രത്യക്ഷപ്പെടുക. ഒപ്പം മഞ്ജു വാര്യരുടെയും അമിതാഭ് ബച്ചന്റെയും ഔദ്യോഗിക വെബ് സൈറ്റുകളിലും ഇത് കാണാം. ഒരു മണിക്കൂറിനകം ടി.വി. ചാനലുകളും സംപ്രേഷണം ചെയ്തു തുടങ്ങും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പരസ്യം യൂടൂബിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രീകരണ സമയത്തു തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ പരസ്യം എന്ന് പുറത്തുവരുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.

പതിനാലു വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് കല്യാണ്‍ പരസ്യത്തെ ശ്രദ്ധേയമാക്കുന്നത്. വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ പരസ്യം കല്യാണിന്റെ 'വിശ്വാസം' ശ്രേണിയില്‍ അഞ്ചാമത്തേതാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പരസ്യം പുറത്തിറക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളായ പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരാണ് അന്യ ഭാഷകളില്‍ മഞ്ജുവിന്റെ നായകന്മാരാകുന്നത്. രണ്ടു കോടിയിലധികമാണ് ഈ രണ്ടു മിനിട്ട് പരസ്യത്തിന്റെ നിര്‍മാണച്ചെലവ്. മുംബൈ ദാദാ സാഹേബ് ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.