തിരനുരയും ദിവ്യപ്രണയം

സച്ചു (ക്ലബ് എഫ്.എം.)

 

posted on:

16 Jun 2013

തട്ടത്തിന്‍മറയത്തിന്റെ ലൊക്കേഷനില്‍ വിനീതിനെ കണ്ടപ്പോള്‍ പറഞ്ഞ ഒരു വാചകമുണ്ട്, 'ഈ പടം കാണിച്ച് ഞാന്‍ കേരളത്തെ മുഴുവന്‍ പ്രണയിപ്പിയ്ക്കും'. സിനിമ വന്നപ്പോള്‍ കേരളം മുഴുവന്‍ ആ സിനിമയെ പ്രണയിച്ചു. സിനിമ ഹിറ്റായപ്പോള്‍ സ്വന്തം പ്രണയകഥയിലെ നായികയെ 'തട്ടത്തിന്‍ മറ' നീക്കി പുറത്തു കൊണ്ടുവന്നൂ, വിനീത്. എന്നാല്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ച് 2012 ഒക്‌ടോബര്‍ 18-ന് വിവാഹം കഴിഞ്ഞതോടെ, ഒറ്റ മുങ്ങലായിരുന്നു. പിന്നീട് രണ്ട് പ്രണയങ്ങള്‍ക്ക് നടുവിലായി വിനീത്. ഒന്ന് ദിവ്യ, മറ്റെത് പുതിയ സിനിമയായ 'തിര'യും.

അല്ല, ഒരു പോക്കുപോയതാണല്ലോ വിനീത്, കല്യാണത്തിനുശേഷം 'സ്‌ക്രീനില്‍' കാണാനേ ഇല്ല. ഒളിവിലായിരുന്നോ?

എന്നും പറയാം. കല്യാണത്തിനുശേഷം ഒന്നു രണ്ടു മാസം കറങ്ങി നടന്നു. അതിനുശേഷം പുതിയ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ആയിരുന്നു. അതുകൊണ്ട് പടങ്ങളൊന്നും അഭിനയിച്ചില്ല, അതാണ് ഒരു ന്യൂസും ഇല്ലാതിരുന്നത്.

മൊബൈല്‍ പോലും പലപ്പോഴും ഓഫായിരുന്നല്ലോ?

തിരയുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. അതിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍ ഫോണ്‍ പലപ്പോഴും ഓഫ് ചെയ്തു കളയും.

കാമുകന്‍ റോളില്‍ നിന്നും ഭര്‍ത്താവിന്റെ റോളിലെത്തിയപ്പോള്‍ എന്താണ് വ്യത്യാസം? ഉത്തരവാദിത്തം കൂടിയോ?

ഇപ്പോള്‍ കുറച്ചുകൂടി എളുപ്പമായി കാര്യങ്ങള്‍. ഉത്തരവാദിത്തം കുറഞ്ഞു എന്നു തോന്നുന്നു. കല്യാണത്തിനു മുമ്പ് ബില്ലടയ്ക്കുക, വീട്ടിലേക്ക് സാധനം മേടിക്കുക ഇതൊക്കെ ഞാനാണ് ചെയ്തിരുന്നത്. ഇപ്പൊ ഭാര്യ ഒക്കെ നോക്കിക്കോളും.

പുതിയ സിനിമയ്ക്ക് ദിവ്യയുടെ സഹായം ഉണ്ടോ?

ഞാനും എന്റെ കസിന്‍ രാകേഷും ചേര്‍ന്ന് വീട്ടില്‍ നിന്ന് തന്നെയാണ് സിനിമയുടെ എഴുത്ത്, വീട്ടില്‍ത്തന്നെയായതുകൊണ്ട് ദിവ്യയും കൂടും, സത്യത്തില്‍ വീട്ടിലെ എല്ലാ കാര്യങ്ങളും ദിവ്യ ശ്രദ്ധിക്കുന്നതുകൊണ്ട് ഞാന്‍ സിനിമയുടെ കാര്യത്തില്‍ വളരെ റിലാക്‌സ്ഡ് ആണ്.

വീട്ടില്‍ അമ്മ ഇല്ലാത്തതുകൊണ്ട് ദിവ്യയുടെ പാചകമായിരിക്കുമല്ലോ. എങ്ങനെയുണ്ട് ദിവ്യയുടെ കുക്കിങ്?

കല്യാണത്തിനു മുമ്പും പല വിഭവങ്ങളും ദിവ്യ ഉണ്ടാക്കിക്കൊണ്ടുവന്നു തരാറുണ്ട്. അതുകൊണ്ട് തന്നെ ദിവ്യയുടെ പാചകം എനിക്ക് ശീലമാണ്.

'വെറുതെ ഒരു ഭാര്യ'യിലെപ്പോലെ എന്തിനും ഏതിനും ദിവ്യേ...എന്ന് നീട്ടി വിളിക്കുകയും നിനക്കെന്താ ഇവിടെപ്പണി എന്ന് ചോദിച്ചു തുടങ്ങുകയും ചെയ്‌തോ?

ഇല്ല, അവളോടങ്ങനെ ചോദിയ്ക്കാനേ പറ്റില്ല. കാരണം എല്ലാ കാര്യങ്ങളും അവള്‍ തന്നെയാണ് നോക്കുന്നത്.

തിര എന്ന പേര് മള്‍ട്ടിഡയമെന്‍ഷനല്‍ ആണല്ലോ?

'തിര' എന്ന വാക്കിനോട് എനിക്ക് വളരെ താത്പര്യം തോന്നിയതുകൊണ്ടാണ് സിനിമയ്ക്ക് ടൈറ്റിലാക്കിയത്. സിനിമയിലും അതുപോലെ തിരകളായാണ് കാര്യങ്ങള്‍ നടക്കുന്നത്. എന്റെ മനസ്സിലെ 'തിര' അവസാനമില്ലാത്തതാണ്.

ആയൊരു സ്വഭാവം ഈ സിനിമയ്ക്കുണ്ട്. മൂന്നു ഭാഗങ്ങളായാണ് സിനിമ ഒരുങ്ങുന്നത്. അത്ര അധികം പറയാനുള്ള ഒരു കഥയാണിത്.

ആ കഥ കേള്‍ക്കാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. മുന്‍പേ തീരുമാനിച്ച രീതിയില്‍ മൂന്നു ഭാഗങ്ങളായുള്ള ഒരു സിനിമ അപൂര്‍വ്വമായിരിക്കും മലയാളത്തില്‍.


സാധാരണ ആദ്യ ഭാഗം ഇറങ്ങിയതിനുശേഷം മാത്രമാവും രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായി തിരയ്ക്കു വേണ്ട റിസര്‍ച്ച് നടക്കുന്നുണ്ട്. ഞാന്‍ തട്ടത്തിന്‍ മറയത്ത് ചെയ്യും മുമ്പേ തന്നെ രാഗേഷേട്ടന്‍ ഇതിന് വേണ്ടി നടക്കാന്‍ തുടങ്ങിയതാണ്. ഞങ്ങള്‍ ഒരുമിച്ചിരുന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ഇതില്‍ പറയാനുണ്ട് എന്ന് തോന്നി. രണ്ടോ മൂന്നോ സിനിമ ചെയ്യാനുള്ളത്ര. എന്നാല്‍പ്പിന്നെ അങ്ങനെയായിക്കൂടേ എന്ന ആലോചനയായി.

എന്താണാവോ ഇത്രയും പറഞ്ഞാല്‍ തീരാത്ത ആ കഥ? കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നു.

ഒരു ത്രില്ലര്‍ മൂഡിലുള്ള സിനിമയാണ്. ഒരന്വേഷണം.

ഇതിലെ നായകന്‍ സഹോദരന്‍ 'ധ്യാന്‍' അല്ലെ?

'തിര'യിലെ പ്രധാന കഥാപാത്രം എന്നത് നടി ശോഭന അഭിനയിക്കുന്നതാണ്. അവരുടെ കൂടെ മുഴുനീളെ ധ്യാന്‍ ഉണ്ട് എന്നു മാത്രം.

ധ്യാനിന്റെ കഥാപാത്രം?

പത്തിരുപത്തിമൂന്ന് വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ശോഭനയുടെ കൂടെ ഉണ്ടാവുന്നു. അത്രയേ എനിക്കിപ്പൊ പറയാന്‍ പറ്റൂ.

ഈ സിനിമയില്‍ വിനീതിന്റെ റോളുകള്‍?

സംവിധാനം മാത്രമേയുള്ളൂ. കഥ, തിരക്കഥ എല്ലാം രാഗേഷ് ചേട്ടനാണ്. സംഭാഷണം രണ്ടുപേരും ചേര്‍ന്നെഴുതി.

പഴയ ടീം കൂടെത്തന്നെയുണ്ടോ?

എല്ലാവരും കൂടെയുണ്ട്, പക്ഷേ നടന്മാരൊക്കെ മാറുന്നുണ്ട്. തട്ടത്തിന്‍ മറയത്തിലെ 'സഖാവ് മനോജ്' മാത്രമേ ഇതിലുള്ളൂ. ബാക്കി അധികവും അന്യഭാഷാ നടന്മാരാണ്.

അപ്പോള്‍ ഇതൊരു ബിഗ് ബഡ്ജറ്റ് പടമാവും അല്ലേ..?

ഞാന്‍ ചെയ്തതില്‍ ഏറ്റവും ചെലവ് കൂടിയ പടം തന്നെയാവും 'തിര'.

തട്ടത്തിന്‍ മറയത്തിനുശേഷം ഷോര്‍ട്ട് ഫിലിം ചെയ്യുന്ന ഒരുപാട് യുവാക്കള്‍ വിനീതിന് പഠിയ്ക്കുന്നുണ്ട്. പല ഷോര്‍ട്ട് ഫിലിമിലും വിനീതിനോട് നന്ദി പറയുന്നുമുണ്ട്. വിനീത് പുതിയ ട്രെന്റ് സെറ്റര്‍ ആവുകയാണോ?

അയ്യോ, അങ്ങനെയൊന്നുമില്ല. ആ സിനിമ എല്ലാവരും ആസ്വദിച്ച ഒന്നാണ്. ചില സമയത്ത് അങ്ങനെ സംഭവിക്കാമല്ലോ. അത്ര മാത്രം.

തിരയുടെ സ്വഭാവം എങ്ങനെയാണ്?

ഇതുവരെ ചെയ്ത രീതിയിലുള്ള വര്‍ക്ക് അല്ല തിര.
 1 2 NEXT 


 Other News In This Section
 1 2 3 NEXT