ഫാദേഴ്‌സ് ഡേ സ്‌പെഷല്‍

സങ്കലനം: ടി.എസ്. പ്രതീഷ്, ഗ്രാഫിക്‌സ്: ലിജീഷ് കാക്കൂര്‍

 

posted on:

15 Jun 2013

മലയാള സിനിമയുടെ ന്യൂ ജനറേഷന്‍ മുഖങ്ങളില്‍ സിനിമാതാരങ്ങളുടെ മക്കളുടെ നിറസാന്നിധ്യമാണിപ്പോള്‍. അവരില്‍ പലരും മാതാപിതാക്കന്‍മാരുടെയൊപ്പമോ അതിനു മുകളിലോ പ്രതിഭയുള്ളവര്‍. ഈ ഫാദേഴ്‌സ ് ഡേയ്ക്ക് അവര്‍ എന്ത് സമ്മാനമാണ് അച്ഛന്‍മാര്‍ക്ക് നല്കുന്നത് ?അച്ഛന്‍മാരെ വേദനിപ്പിക്കാതെ വിനീത് ശ്രീനിവാസന്‍


അച്ഛനും എനിക്കും ഫാദേഴ്‌സ്‌ഡേ എന്ന ഔപചാരികമായ ആഘോഷത്തിന് താല്പര്യമില്ല. പക്ഷേ, ലോകത്തെ എല്ലാ മക്കളും ആ ദിവസമെങ്കിലും അച്ഛന്‍മാരെ ഓര്‍മ്മിക്കുമല്ലോ. അങ്ങനെയാണ് ഞാന്‍ ആ ദിവസത്തെ കാണുന്നത്. ഗിഫ്റ്റ് നല്കുക എന്നതിനപ്പുറം അച്ഛന്‍മാരെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ഫാദേഴ്‌സ് ഡേയില്‍ മക്കള്‍ ചെയ്യേണ്ടത് .അതുകൊണ്ടുതന്നെ, ആദ്യ സിനിമ മുതല്‍ ഞാന്‍ ശ്രമിക്കുന്ന ഒരു കാര്യം അച്ഛന് പേരു ദോഷം വരുത്താതെ മുന്നോട്ടു പോവുക എന്നതാണ്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം എന്നും അച്ഛന്‍ എനിക്ക് തന്നിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഇഷ്ടമേഖലയായ സിനിമയിലെത്തില്ലായിരുന്നു.

അവര്‍ എന്നും എനിക്കൊപ്പം ഫഹദ് ഫാസില്‍


സിനിമയില്‍ വരുന്നതിനു മുമ്പും ഇപ്പോഴും ബാപ്പ എന്നെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ബാപ്പ പറഞ്ഞ ആക്ഷന്‍, കട്ട് കേട്ട് സിനിമയില്‍ അഭിനയം തുടങ്ങുകയെന്ന അപൂര്‍വതയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. എന്റെ ജീവിതയാത്രയില്‍ സിനിമ എത്ര നാള്‍ എനിക്കൊപ്പമുണ്ടാകുമെന്ന് അറിയില്ല. അതിനാല്‍ എനിക്കൊപ്പം സിനിമയുള്ളിടത്തോളം കാലം ബാപ്പയ്ക്ക് പേരു ദോഷം വരുത്താതെ കഴിയണമെന്നാണ് മോഹം. ഫാദേഴ്‌സ് ഡേ എന്ന ആഘോഷമൊന്നും ഞാന്‍ ഇതു വരെ നടത്തിയിട്ടില്ല. പക്ഷേ, ബാപ്പയേയും ഉമ്മയേയും എന്നും ഓര്‍ക്കാറുണ്ട്. ഫാദേഴ്‌സ് ഡേയില്‍ ബാപ്പയ്ക്ക് സമ്മാനം നല്കുകയെന്ന രീതിയോടൊന്നും എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

'ഹണീബീ 'ഫാദേഴ്‌സ് ഡേ ഗിഫറ്റ് ലാല്‍ ജൂനിയര്‍


അച്ഛനാണ് ആദ്യമായി എന്നെ മടിയിലിരുത്തി സിനിമ കാണിച്ചതും ആദ്യമായി വ്യൂഫൈന്‍ഡറിലൂടെ നോക്കാന്‍ പഠിപ്പിച്ചതും സിനിമ ഹരമാക്കി മാറ്റിയതും. ആ അച്ഛന് ജനങ്ങള്‍ സ്വീകരിക്കുന്ന ഒരു ചിത്രം കാഴ്ചവയ്ക്കുക എന്നതിലും വലിയൊരു സമ്മാനം നല്‍കാനില്ല. 'ഹണി ബീ'യിലൂടെ അതിനു കഴിഞ്ഞു. ആ ചിത്രത്തിന്റെ വിജയം തന്നെയാണ് ഈ വര്‍ഷത്തെ എന്റെ 'ഫാദേഴ്‌സ് ഡേ' ഗിഫ്റ്റ്.

സമ്മാനത്തിനൊപ്പം ചിത്തിരൈനേല വിജയ് യേശുദാസ്


അച്ഛന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. അതിനാല്‍ ഞാനും സഹോദരന്മാരും കൂടി ഓണ്‍ലൈനില്‍ ഒരു ഗിഫ്റ്റ് അയച്ചിട്ടുണ്ട്. സര്‍പ്രൈസ് ഗിഫ്റ്റായതിനാല്‍ അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അതിനൊപ്പം ഞാന്‍ മണിരത്‌നം സാറിന്റെ 'കടലി'ല്‍ പാടിയ 'ചിത്തിരൈ നേല ഒരേ നേല...' എന്ന ഗാനം ഈ 'ഫാദേഴ്‌സ് ഡേ'യില്‍ അച്ഛന് ഡെഡിക്കേറ്റ് ചെയ്യുകയാണ്.

ഇത്തവണ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ആന്‍ അഗസ്റ്റിന്‍


അച്ഛന് എല്ലാ ഫാദേഴ്‌സ് ഡേയ്ക്കും ബര്‍ത്‌ഡേയ്ക്കും ഞാന്‍ ഗിഫ്റ്റ് കൊടുക്കാറുണ്ട്. അധികവും ആശംസാകാര്‍ഡും ഷര്‍ട്ടുമൊക്കെയാണ് സമ്മാനിക്കാറുള്ളത്. പിന്നെ കേക്കും മുറിക്കും. അപ്പോള്‍ അച്ഛന്‍ 'ഇത് എന്ത് ഗിഫ്റ്റ്?' എന്ന് ചോദിച്ച് കൡയാക്കാറാണ് പതിവ്.. ഇത്തവണ എന്തെങ്കിലും സ്‌പെഷ്യല്‍ ഗിഫ്റ്റ് നല്കണമെന്നാണ് കരുതുന്നത്. ബൊക്കെയും കേക്കും നല്കുന്നതിനൊപ്പം അച്ഛന് ഏറ്റവും ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഒരു സാധനം നല്കണം. അത് സര്‍പ്രൈസ് ഗിഫ്റ്റായതിനാല്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.

മനസ്സറിഞ്ഞ് ഒരു സമ്മാനം ബോബി സഞ്ജയ്


ഫാദേഴ്‌സ് ഡേയില്‍ അച്ഛന് ഞങ്ങള്‍ ഔപചാരികമായി സമ്മാനങ്ങള്‍ നല്കുന്ന പതിവില്ല. പക്ഷേ, അച്ഛന് ഒരു സമ്മാനം നല്കുകയാണെങ്കില്‍ പഴയ ഹിന്ദി ഗാനങ്ങളുടെ ശേഖരമായിരിക്കും ഏറ്റവും അഭികാമ്യം. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ തുടങ്ങിയവരുടെ അവിസ്മരണീയങ്ങളായ ഗാനങ്ങള്‍ കേള്‍ക്കുന്നതില്‍ പരം സന്തോഷമുള്ള കാര്യം അദ്ദേഹത്തിന് വേറെയൊന്നുമില്ലെന്ന് തോന്നിപ്പോകാറുണ്ട്. റേഡിയോയില്‍ പഴയ ഹിന്ദി ഗാനങ്ങള്‍ കേള്‍ക്കുന്ന അച്ഛന്റെ ചിത്രം കുഞ്ഞു നാളിലേ ഞങ്ങളിലുണ്ട്. ഇപ്പോഴും രാവിലെ എഴുന്നേറ്റാല്‍ അച്ഛന്‍ ഹിന്ദി ഗാനങ്ങള്‍ കേള്‍ക്കാറുണ്ട്. അതു കൊണ്ട് ഞങ്ങള്‍ക്കും പഴയ ഹിന്ദി ഗാനങ്ങളോട് പ്രത്യേക മമതയാണ്. എല്ലാ ഗിഫ്റ്റിനുമപ്പുറം അച്ഛന്‍ മക്കളായ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പരസ്പരസ്‌നേഹം തന്നെയാണെന്നാണ് കരുതുന്നത്. എന്നാലും പഴയ ഹിന്ദിഗാനങ്ങളുടെ അപൂര്‍വശേഖരം കണ്ടാല്‍ ഞങ്ങള്‍ അച്ഛന് സമ്മാനിക്കാറുണ്ട്.

എല്ലാദിവസവും ഫാദേഴ്‌സ് ഡേയും മദേഴ്‌സ്‌ഡേയും ക്രിഷ് ജെ. സത്താര്‍


അച്ഛന്റെയും അമ്മയുടേയും അനുഗ്രഹങ്ങളാല്‍ ലഭിച്ചതാണ് എന്റെ ജീവിതത്തിലെ നേട്ടങ്ങളെല്ലാം. ജന്മം നല്കിയ അവരെ എന്നും മനസ്സു കൊണ്ട് നമിച്ചിട്ടാണ് ഞാന്‍ എന്തു കാര്യത്തിനും ഇറങ്ങുന്നത്. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്നും ഫാദേഴ്‌സ് ഡേയും മദേഴ്‌സ് ഡേയുമാണ്. ഔപചാരികമായി ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത് നല്ല കാര്യം. പക്ഷേ, ഞാന്‍ ആഘോഷിക്കാറില്ല.