സുരേഷ് കുറുപ്പിന്റെ പുതിയമുഖം

posted on:

05 Jun 2013


സുരേഷ് കുറുപ്പിനെപ്പറ്റി കൂടുതല്‍ പറയണമെന്നില്ല. കേരളത്തിന് അത്ര പരിചിതനാണീ ഇടതുപക്ഷ രാഷ്ട്രീയക്കാരന്‍. അദ്ദേഹത്തിന്റെ പുതിയൊരു മുഖം നമ്മള്‍ കാണാന്‍ പോവുകയാണ്; ഒരു സിനിമാനടന്റെ! ഷാജി എന്‍. കരുണിന്റെ 'സ്വപാനം' എന്ന ചിത്രത്തിലൂടെയാണീ സിനിമാ പ്രവേശം.

ഈ വിശേഷം ചോദിക്കാനായി വിളിച്ചപ്പോള്‍ത്തന്നെ നീണ്ടൊരു ചിരിയായിരുന്നു മറുപടി. അഭിനയം അത്ര സീരിയസായി എടുത്തിട്ടില്ലേ എന്നൊരു സംശയം തോന്നി. എന്നാല്‍ ഒരു സിനിമാനടനായി സ്വയം അംഗീകരിക്കാന്‍ മനസ് പാകപ്പെടാത്തതിന്റെ ചിരിയായിരുന്നു അത് എന്ന് തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നു വ്യക്തമായി.

''ഷാജി എന്‍. കരുണ്‍ എന്റെ അടുത്ത സുഹൃത്താണ്, അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ലൊക്കേഷനില്‍ ഇടയ്‌ക്കൊക്കെ പോകാറുമുണ്ടായിരുന്നു. സ്വപാനത്തിന്റെ ഷൂട്ടിങ് തുടങ്ങുമ്പോഴും വിളിച്ചു. ഞാനൊരു ദിവസം ലൊക്കേഷനിലേക്ക് വരാമെന്നും പറഞ്ഞു. അപ്പോഴാണ് അടുത്ത ചോദ്യം വരുന്നത്, ഈ ചിത്രത്തിലൊരു വേഷം ചെയ്യാമോ എന്ന്. ഷാജിയുടെ ചിത്രമാവുമ്പോള്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ലല്ലോ.''

ഇതിനു മുന്‍പ് എപ്പോഴെങ്കിലും ക്യാമറയ്ക്കു മുന്നില്‍?

ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ മാത്രം.

ആദ്യ സിനിമാനുഭവം?

വളരെ ടാലന്‍റഡ് ആയ ഒരു മേളവിദഗ്ദന്റെ കഥയാണ് സ്വപാനം പറയുന്നത്. ഉന്‍മാദാവസ്ഥയിലെത്തുന്ന ആ കലാകാരനെ ചികിത്സിക്കുന്ന വൈദ്യന്‍ തിരുമേനിയായിട്ടാണ് അഭിനയിക്കുന്നത്. അഞ്ചാറ് സീനുകളിലുണ്ട്.

എന്തായാലും അഭിനയാനുഭവം രസകരമായിരുന്നു. സെറ്റിലെല്ലാവരും വളരെ ഫ്രണ്ട്‌ലിയായിരുന്നു. ആദ്യസീനില്‍, റിഹേഴ്‌സലെടുത്തെങ്കിലും ആദ്യ ടേക്കില്‍ ഓ.കെയായില്ല, രണ്ട് മൂന്നു ടേക്കിനു ശേഷം കാര്യങ്ങള്‍ സ്മൂത്തായി.

തിരുമേനിയാവാന്‍ താടിയും മീശയുമൊക്കെ എടുക്കേണ്ടി വന്നോ?

ഏയ്, താടി എടുത്താ പിന്നെ നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ പറ്റ്വോ, താടിയും മുടിയുമുള്ള തിരുമേനി വൈദ്യരായതുകൊണ്ടാണ് ധൈര്യായിട്ട് അഭിനയിച്ചത്.

ഡബ്ബിങ് ചെയ്യാന്‍ പദ്ധതിയുണ്ടോ?

ചെയ്തു വന്നപ്പോ കഥാപാത്രത്തോട് ഒരിഷ്ടം തോന്നിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡബ്ബ് ചെയ്താല്‍ കൊള്ളാമെന്നു തോന്നുന്നു. സംവിധായകന്‍ പറഞ്ഞാല്‍ അതിനും തയ്യാറാണ്.

അഭിനയം തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ആദ്യം ഇതൊന്നു വരട്ടെ. എന്നിട്ട് ബാക്കി ആലോചിക്കാം.
മറുപടികള്‍ ചിരിയില്‍ പൊതിഞ്ഞായിരുന്നു. എന്തായാലും സുരേഷ്‌കുറുപ്പിന്റെ ആദ്യവേഷത്തിന് പ്രേക്ഷകരുടെ എത്രവോട്ട് കിട്ടുമെന്നതിന് നമുക്ക് കാത്തിരിക്കാം.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന സ്വപാനത്തിന്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുകയാണ്. ജയറാം നായകനാവുന്ന ചിത്രത്തില്‍ ഒഡീസി നര്‍ത്തകി കാദംബരിയാണ് നായിക.


ജി. ജ്യോതിലാല്‍