എന്റെ കര്‍ണന്‍

posted on:

23 May 2013കൊല്ലത്തെ ബി.അനില്‍ എന്ന മുപ്പതുവയസ്സുകാരനെ ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.അയാള്‍ എന്റെ എല്ലാസിനിമകളും കാണുന്ന,എന്നെ ആരാധിക്കുന്ന ഒരു ചെറുപ്പക്കാരനാണ്.എന്റെ ഉയര്‍ച്ചക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന നല്ല മനസ്സുള്ളയാള്‍.അനിലിനെപ്പറ്റി അടുത്തിടെ ഒരു പത്രത്തില്‍ ഞാന്‍ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ ചില ആലോചനകളാണ് ഇങ്ങിനെയൊരു കുറിപ്പെഴുതാന്‍ എനിക്ക് പ്രേരണയായത്.

'വൃക്ക നല്‍കി ചുമട്ടുതൊഴിലാളി മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി' എന്നതായിരുന്നു വാര്‍ത്ത.ഇരുവൃക്കകളിലും രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് കിടന്നിരുന്ന ആശിഷ്‌കുമാര്‍ എന്ന ബി.ബി.എ വിദ്യാര്‍ത്ഥിയ്ക്ക് അനില്‍ വൃക്ക നല്‍കിയതിനേക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ്.മുന്‍പ് വന്ന വാര്‍ത്തയാണത്.പക്ഷേ ഞാന്‍ ഇപ്പോഴാണ് വായിക്കുന്നത് എന്നുമാത്രം.വായിച്ചുതീര്‍ന്ന ഉടനെ ഞാന്‍ അനിലിന്റെ നമ്പര്‍ കണ്ടെത്തിപ്പിടിച്ച് അദ്ദേഹത്തെ വിളിച്ചു.വിളിച്ചപ്പോള്‍ അനില്‍ ജോലിസ്ഥലത്തായിരുന്നു.ഞാനാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹത്തിന് വിശ്വാസം വന്നില്ല.പിന്നീട് ഞാന്‍ സംസാരം തുടര്‍ന്നപ്പോള്‍ അല്‍പ്പം തളര്‍ന്ന ശബ്ദത്തില്‍ അനില്‍ തന്റെ കഥ പറഞ്ഞുതുടങ്ങി:

അനിലിന്റെ അച്ഛന്‍ ഭാസ്‌കരന്‍ കശുവണ്ടി മേഖലയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു.അമ്മ കല്യാണി.മൂന്ന് സഹോദരിമാരുണ്ട്.വീട്ടിലെ പ്രാരബ്ധം കാരണം അനിലിനും നേരത്തേതന്നെ ചുമട്ടുതൊഴിലാളിയായി പണിയിടത്തിലേക്ക് റങ്ങേണ്ടിവന്നു.കഠിനാധ്വാനം ചെയ്ത് കുടുംബം പുലര്‍ത്തുന്നതിനൊപ്പം അനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് നാട്ടില്‍ ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരുന്നു.അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യത്തില്‍ വലിയൊരുഭാഗം ഇതിനുവേണ്ടി അദ്ദേഹവും സുഹൃത്തുക്കളും ചെലവഴിച്ചു.ചെയ്യുന്ന കര്‍മ്മങ്ങളേക്കുറിച്ച് അവര്‍ അഴകാശവാദം ഒന്നും നടത്തിയതുമില്ല.

അങ്ങിനെയിരിക്കെ അവയവദാനവുമായി ബന്ധപ്പെട്ട ില പരിപാടികളില്‍ പങ്കെടുത്ത് ഞാന്‍ ചെയ്ത പ്രസംഗങ്ങളുടെ വാര്‍ത്ത അദ്ദേഹം പത്രങ്ങളില്‍ വായിച്ചു.അതില്‍ അനില്‍ ആകൃഷ്ടനായി.ഞാന്‍ പറഞ്ഞതുകൊണ്ടല്ല,ആ കര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന നന്മകൊണ്ട്.ഏകദേശം ആ സമയത്തുതന്നെയാണ് ആഷിഷ് കുമാറിന് ഒ നെഗറ്റീവ് രക്തഗ്രൂപ്പിലുള്ള വൃക്ക വേണം എന്ന പരസ്യം പത്രങ്ങളില്‍ വന്നത്.മറ്റൊന്നും ചിന്തിക്കാതെ അനില്‍ അതിന് തയ്യാറായി.താന്‍ ജോലിചെയ്ത് കൊണ്ടുവന്നതുകൊണ്ട് വീട് പുലരേണ്ട അവസ്ഥയുള്ളപ്പോളാണ്,കുറേക്കാലം വിശ്രമം വേണ്ട ഈ സാഹസം അദ്ദേഹം ചെയ്തത്.

വീട്ടില്‍നിന്നും പ്രിയപ്പെട്ടവരില്‍നിന്നും എതിര്‍പ്പുകള്‍ അനിലിന് നേരിടേണ്ടിവന്നിരുന്നു.അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അതിനെ തെറ്റുപറയാന്‍ സാധിക്കില്ല.മരിച്ചതിന് ശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്നത് പോലെയല്ല ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം ജീവനില്‍നിന്ന് ഒരുഭാഗം അരിഞ്ഞെടുത്ത് മറ്റൊരാള്‍ക്ക് നല്‍കുന്നത്.അത് തുടര്‍ജീവിതത്തെ മുഴുവന്‍ ബാധിക്കുന്നതാണ്. എന്നാല്‍ അനില്‍ സ്വന്തം അമ്മയടക്കമുള്ളവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി:'ഒരു സാധുക്കുട്ടിയുടെ ജീവനാണ് ഞാന്‍ കാരണം തിരിച്ചുകിട്ടുന്നത്.അതിലും വലിയ പുണ്യം മറ്റൊന്നില്ല'.

ഓപ്പറേഷനു ശേഷം അനില്‍ കുറച്ചുകാലം കിടപ്പിലായി.വീട്ടില്‍ ജീവിതം നല്ല ബുദ്ധിമുട്ടിലായി.അത് അവര്‍ സഹിച്ചു.ഇപ്പോഴും അനിലിന് ഭാരമേറിയ ജോലിയൊന്നും ചെയ്യാന്‍ പാടില്ല.പക്ഷേ ജീവിതം മുന്നില്‍ കരഞ്ഞുവിളിക്കുമ്പോള്‍ അദ്ദേഹത്തിന് കിടപ്പിലാവാന്‍ സാധിച്ചില്ല.തളര്‍ച്ചയോടെ അനില്‍ ഇപ്പോഴും ചുമടുതാങ്ങുന്നു.

അത്രയും പറഞ്ഞ് അനില്‍ നിശ്ശബ്ദനായി.ഫോണിന്റെ മറുതലയ്ക്കല്‍ ഞാനും വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.എന്റെ മനസ്സില്‍ അനില്‍ എന്ന ദൈവതുല്യനായ നുഷ്യനോടുള്ള ബഹുമാനവും ആരാധനയും വര്‍ദ്ധിച്ചു.അദ്ദേഹം ചെയ്ത മഹത്തായ ദാനത്തിനുമുന്നില്‍ നിശ്ശബ്ദമായി എന്റെ തലകുനിഞ്ഞു.മഹാഭാരതത്തിലെ കര്‍ണ്ണന്റെ കഥ എന്‍രെ ഓര്‍മ്മയില്‍ തെളിഞ്ഞു.

എന്നെപ്പോലുള്ള കലാകാരന്മാരേക്കാള്‍ ആരാധിക്കപ്പെടേണ്ടത് അനിലിനേപ്പോലുള്ള ത്യാഗമനസ്സുള്ള മഷ്യരാണ്.അവരുടെ കഥയാണ് ലോകം അറിയേണ്ടത്.അവരാണ് ആദരിക്കപ്പെടേണ്ടത്.എന്നാല്‍ പലപ്പോഴും നാം ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും മറ്റൊരുകണ്ണിലൂടെ കാണുകയും ചെയ്യുന്നു എന്നതാണ് സത്യം.അതിലും വലിയെ മനുഷ്യത്വഹീനമായ മറ്റൊരു കര്‍മ്മമില്ല.

അനില്‍ എന്ന ഒരാളുടെ കാര്യം മാത്രമാണ് ഞാന്‍ ഇവിടെ എഴുതിയത്.ഇതുപോലുള്ള എത്രയോപേര്‍ നമുക്കിടയില്‍ ജീവിക്കുന്നു.മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം പ്രാണന്‍ വരെ പറിച്ചുനല്‍കാന്‍ സന്നദ്ധരായവര്‍.അത്തരക്കാരാണ് നമ്മെ ഈ ഭൂമിയില്‍ ഇനിയുമൊരുപാട് കാലം ജീവിക്കാന്‍ പ്രരിപ്പിക്കുന്നത്.കാരണം നാം വീണാലും അവരുണ്ട് താങ്ങായി,അവരുണ്ടാകും. ഉറപ്പ്.
അവര്‍ക്ക്മുന്നില്‍ വെരുമൊരു സാധാരണ നടന്‍മാത്രമായ എന്റെ പ്രണാമം.


 Other News In This Section
 1 2 3 NEXT