ലസാഗു ഉസാഘ

posted on:

23 May 2013ഗോവിന്ദ് പത്മസൂര്യ, കാവ്യാ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ കിച്ചു ജോസ് സംവിധാനം ചെയ്യുന്ന 'ലസാഗു ഉസാഘ' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. ടുസ്റ്റാര്‍ മൂവി മാജിക്കിന്റെ ബാനറില്‍ പ്രവീണ്‍ വേണുഗോപാല്‍, ജീന്‍സ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഷാജിമോന്‍ ചന്ദനത്തോപ്പ് എഴുതുന്നു.

കൊച്ചി നഗരത്തില്‍നിന്ന് അവസാനത്തെ ട്രിപ്പുമായി ബസ് പുറപ്പെടുന്നു. നഗരത്തില്‍നിന്ന് അകലെയുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലേക്കു തിരിക്കുന്ന ആ ബസ്സില്‍ യാത്രക്കാര്‍ വളരെ കുറവാണ്. ഇവരില്‍ ഏറ്റവും ശ്രദ്ധേയരാകുന്നത് മനുവും ദീപ്തിയുമാണ്. ഇവര്‍ പരിസരം മറന്ന് പ്രണയത്തിന്റെ വര്‍ണമാന്ത്രിക ലോകത്താണ്. പ്ലസ്ടുവിനു പഠിക്കുന്ന അതുല്‍, നോയല്‍, അഞ്ജലി, ബബി എന്നിവരും യാത്രക്കാരിലുണ്ട്.
പിന്നെ, യാത്രക്കാര്‍ ഓരോരുത്തരായി ഇറങ്ങിയപ്പോള്‍ ബസ്സില്‍ മനുവും ദീപ്തിയും മാത്രം ശേഷിച്ചു. ഇതൊന്നും അവര്‍ അറിഞ്ഞില്ല. പിറ്റേ ദിവസത്തെ വാര്‍ത്ത കേരളക്കരയെ ഞെട്ടിപ്പിക്കുന്നതായിരുന്നു...

ഡെല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ സസ്‌പെന്‍സ് നിര്‍ത്തി കഥ പറയുന്ന ഈ ചിത്രത്തില്‍ മനുവായി ഗോവിന്ദ് പത്മസൂര്യയും ദീപ്തിയായി കാവ്യാസുരേഷും അഭിനയിക്കുന്നു. ഗണപതിയുടെ അതുല്‍ ഉജ്ജ്വല കഥാപാത്രമാണ്. പ്രവീണ്‍, ഗണപതി, സത്താര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്വപ്നാ മേനോന്‍, ലിന്റു തോമസ്, ഗീതാ വിജയന്‍ അംബികാ മോഹന്‍, മോളി ആന്റി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ: മീരലാല്‍ മുഹമ്മദ് നസീര്‍, സംഗീതം: സുധീപ് പലനാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി കോട്ടയം, കല: ത്യാഗു തവന്നൂര്‍, മേക്കപ്പ്: ബിനീഷ് ഭാസ്‌കരന്‍, വസ്ത്രാലങ്കാരം: അസീസ് പാലക്കാടന്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍: മനോജ് കൃഷ്ണകുമാര്‍, സ്റ്റില്‍സ്: യു. രേവതി, പി.ആര്‍.ഒ.: എ.എസ്. ദിനേശ്.