പെണ്‍സഹനത്തിന് ട്രിബ്യൂട്ട്‌

posted on:

04 Apr 2013


താരത്തിളക്കങ്ങളുടെ സിനിമാലോകം ജെറിന്‍ ജെയിംസിന് പകര്‍ന്ന് നല്‍കിയത് സംവിധാന മോഹമാണ്.തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പഠിക്കാനായി വണ്ടി കയറുമ്പോഴും മനസ്സില്‍ സിനിമയെന്ന സ്വപ്നത്തെ മുറുകെപ്പിടിച്ചു. കാമ്പസ് ജീവിതത്തില്‍ കൂട്ടുകാര്‍ ഒരുമിച്ച് അണിയിച്ചൊരുക്കിയ കാമ്പസ് കഫറ്റേരീയ എന്ന ഹ്രസ്വ ചിത്രം ജെറിന്റെ ലക്ഷ്യത്തിലേക്കുളള ആദ്യ കാല്‍വയ്പായിരുന്നു. തുടര്‍ന്ന് രണ്ട് ഹ്രസ്വചിത്രം കൂടി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അടിസ്ഥാനപ്പെടുത്തി ജെറിന്‍ ജെയിംസ് സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന 'ദ ട്രിബ്യൂട്ട്' എന്ന ചിത്രം പ്രമേയം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു.

കുട്ടികള്‍ വരെ പഡനത്തിന് ഇരയാകന്നതിനെതിരെയുള്ള സന്ദേശമാണിത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ അവബോധം നല്‍കുക കൂടിയാണ് ചിത്രം. ബലാത്സംഗത്തില്‍ പ്രതിയായ വ്യക്തിയെ ശിക്ഷിക്കുന്ന രീതിയിലൂടെയാണ് ഹ്രസ്വചിത്രം വികസിക്കുന്നത്. കോഴിക്കോട് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച വാര്‍ത്ത പത്രത്തില്‍ വായിക്കുമ്പോഴാണ് 'ദി ട്രിബൂട്ട്' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആശയം മനസ്സിലെത്തിയതെന്ന് ജെറിന്‍ പറയുന്നു.

ഒരുപാട് സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പുതു തലമുറയിലെ യുവാക്കള്‍ക്ക് സംഭവിക്കുന്ന ദുരന്തം ആവിഷ്‌കരിച്ച ഹ്രസ്വചിത്രമായിരുന്നു 'മാത്ര'. ഓള്‍ കേരള ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി അസോസിയേഷന്‍ നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനം നേടിയ സീറോ മൈന്‍ഡും ജെറിന്റെ സ്വപ്നത്തിലേക്കുളള കാല്‍വയ്പായിരുന്നു. തന്റെ നാലാമത്തെ ഹ്രസ്വ ചിത്രമായ ട്രിബ്യൂട്ടിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ജെറിന്‍ ജെയിംസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. റോഷന്‍, മെഫിന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ബ്രദേഴ്‌സ് ഹെവനും, ഫിലിം ഫാക്ടറി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിഷ്ണു ശര്‍മ്മയാണ് എഡിറ്റിംഗും സിനിമറ്റോഗ്രാഫിയും ചെയ്തിരിക്കുന്നത്. പാശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷിഹാസ്. ഷാഹുല്‍ ആണ് അസോസിയേറ്റ് ഡറക്ടര്‍. 12 മിനിറ്റ് ദൈര്‍ഘ്യമുളള ഹ്രസ്വചിത്രം ഫേസ് ബുക്ക് വഴി പരിചയപ്പെട്ടവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി, കൊച്ചി തുടങ്ങി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഹ്രസ്വചിത്രം യൂട്യൂബില്‍ ലഭ്യമാകുമെന്നും ജെറിന്‍ ജെയിംസ് പറഞ്ഞു. ബി.ടെക്. ഇലക്‌ട്രോണിക്‌സ് മീഡിയ ടെക്‌നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.ജീന്‍സ് എന്ന് പുതിയ ഹ്രസ്വ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണിപ്പോള്‍.


 


Other News In This Section
 1 2 3 NEXT