'ഏഴാമത്തെ വരവി'ലെ സ്റ്റോറി ബോര്‍ഡും ഓസ്‌ട്രേലിയന്‍ പുലിയും

പി.എസ്. കൃഷ്ണകുമാര്‍

 

posted on:

04 Apr 2013


ആ ഗ്രാമം പുലിപ്പേടിയിലാണ്. എപ്പോള്‍ വേണമെങ്കിലും ചാടിവീഴാവുന്ന പുലിയുടെ ഭീഷണിയില്‍ മുങ്ങി ഉറക്കമില്ലാരാവുകളാണ് ജനങ്ങള്‍ക്ക്. ഭീതിനിറഞ്ഞ അന്തരീക്ഷത്തിലേക്ക് ഒടുവില്‍ പുലിയെത്തി. പിന്നെ ആരാണ് എത്തിയത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് എം.ടി.-ഹരിഹരന്‍ ടീം 15-ാം തവണയും ഒന്നിക്കുന്ന 'ഏഴാമത്തെ വരവ്' എന്ന ചിത്രം. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം ഇപ്പോള്‍ ഡബ്ബിങ് ഘട്ടത്തിലാണ്.

ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ പ്രധാന കഥാപാത്രമെന്നുവരെ വിശേഷിപ്പിക്കാവുന്ന പുലിയാണ്. ഓസ്‌ട്രേലിയയില്‍നിന്നാണ് ഇവന്റെ വരവ്. കേരളത്തില്‍ പുലിയെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് വിലക്കുള്ളതിനാല്‍ പുലി ഉള്‍പ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഓസ്‌ട്രേലിയയിലാണ്. ഇത് മലയാളത്തിലെ നൂതനമായ ഒരു സംരംഭമാണെന്ന് സംവിധായകന്‍ ഹരിഹരന്‍ പറയുന്നു. പുലിയുടെ ഭാഗങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റോറി ബോര്‍ഡ് ഓസ്‌ട്രേലിയയിലേക്കയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ ഫിബ്രവരിയോടെയാണ് ഇതയച്ചുകൊടുത്തത്. മാര്‍ച്ചില്‍ ഹരിഹരനും സംഘവും ഓസ്‌ട്രേലിയയിലെത്തി.

അപ്പോഴേക്ക് സ്റ്റോറി ബോര്‍ഡ് പഠിച്ച് വിദേശസാങ്കേതികത്തികവോടെ പുലിക്ക് വേണ്ടത്ര പരിശീലനം നല്‍കിക്കഴിഞ്ഞിരുന്നു. ഇതിന്റെ ആദ്യദൃശ്യങ്ങള്‍ മാര്‍ച്ചില്‍ത്തന്നെ സംവിധായകന് അയച്ചുകിട്ടിയിരുന്നു. ചിത്രീകരണമികവ് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തുടര്‍ ചിത്രീകരണത്തിന് സംവിധായകന്‍ പച്ചക്കൊടി കാട്ടിയത്. വിദേശിയായ പുലി ഉള്‍പ്പെട്ട ഭാഗങ്ങള്‍ നേരത്തേ ചിത്രീകരിച്ചുവെച്ച മറ്റുരംഗങ്ങളിലേക്ക് കമ്പ്യൂട്ടറിന്റെ സഹായത്തോടെ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

''വന്‍ ബജറ്റ് ചിത്രമൊന്നുമല്ല 'ഏഴാമത്തെ വരവ്'. എന്നാല്‍, പുലിയുടെ ചിത്രീകരണത്തിന് കുറച്ചേറെ ചെലവുവേണ്ടിവന്നു. അതല്ലാതെ മറ്റുവഴികള്‍ ഞങ്ങള്‍ക്കുമുന്നിലില്ലായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പുലിയെവെച്ചുള്ള ചിത്രീകരണത്തിന് വിലക്കുകളില്ലായിരുന്നു. പക്ഷേ, ചിത്രം തുടങ്ങുന്ന ഘട്ടത്തിലാണ് പുലി, സിംഹം, കരടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കേരളത്തില്‍ വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ചിത്രീകരണം ഏറെ നീണ്ടു. തുടര്‍ന്നാണ് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയുള്ള വിദേശചിത്രീകരണത്തിന് ഞങ്ങള്‍ മുതിര്‍ന്നത്'' - ഹരിഹരന്‍ പറഞ്ഞു.


വ്യത്യസ്ത രചനാശൈലിയുമായി എം.ടി.

''സിനിമ തുടങ്ങി ആദ്യ അഞ്ചുമിനിറ്റില്‍ത്തന്നെ നായകന് വില്ലനെ കൈയില്‍കിട്ടിയതാണ്. അഞ്ചുമിനിറ്റോളം നീണ്ട സംഘട്ടനത്തിനൊടുവില്‍ നായകന്‍ പ്രതിനായകനെ കൊല്ലുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് പക്ഷേ, തെറ്റി. അത് ഒരു സാങ്കല്പിക രംഗമായിരുന്നു. രണ്ടരമണിക്കൂര്‍ പിന്നെ നായകനും പ്രതിനായകനും തമ്മിലുള്ള ശീതസമരവും സംഘര്‍ഷവും സംഘട്ടനവുമായിരുന്നു.'' 1990-ല്‍ പുറത്തിറങ്ങിയ 'താഴ്‌വാരം' എന്ന ചിത്രത്തെക്കുറിച്ച് പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന യശഃശരീരനായ കോഴിക്കോടന്‍ കുറിച്ചിട്ട വാക്കുകളാണ് ഇത്. വിദേശസിനിമകളോട് കിടപിടിക്കുന്ന ഷോട്ടുകളും ഫ്രെയിമുകളും നിറഞ്ഞ സിനിമയാണ് ഇതെന്നും കോഴിക്കോടന്‍ കുറിച്ചിട്ടു. ഭരതന്‍ടച്ചുള്ള ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് എം.ടി.യായിരുന്നു.

23 വര്‍ഷത്തിനുശേഷം പകയും പ്രണയവും സസ്‌പെന്‍സും ത്രില്ലും ഒക്കെ നിറഞ്ഞ രചനയുമായി 'ഏഴാമത്തെ വരവി'ലൂടെ എം.ടി. വീണ്ടുമെത്തുമ്പോള്‍ 'താഴ്‌വാരത്തി'ന്റെ ഹാങ് ഓവര്‍ അനുഭവപ്പെടുക സ്വാഭാവികം. കാരണം ഇതിലും ഇരയും വേട്ടക്കാരനുമുണ്ട്. നായകനും പ്രതിനായകനുമുണ്ട്. അന്യോന്യം ചിരിച്ചുരസിക്കുമ്പോഴും ഇവരുടെയൊക്കെ മനസ്സില്‍ പകനുരയുന്നുണ്ട്. വിദ്വേഷം ഉമിത്തീപോലെ നീറുന്നുണ്ട്. പക്ഷേ, പ്രകടമായ ഒരു വ്യത്യാസമുണ്ട്; 'താഴ്‌വാരം' ഭരതന്‍ടച്ചിലായിരുന്നെങ്കില്‍ 'ഏഴാമത്തെ വരവ്' ഹരിഹരന്‍ടച്ചില്‍ വാര്‍ത്തെടുത്ത ചിത്രമാണ്. 40 വര്‍ഷം നീണ്ട ചലച്ചിത്രയാത്രയ്ക്കിടെ ഹ്യൂമര്‍ സിനിമമുതല്‍ ദേശീയപുരസ്‌കാരം നേടിയ 'വടക്കന്‍ വീരഗാഥ', 'പഴശ്ശിരാജ' തുടങ്ങിയ ചിത്രങ്ങള്‍വരെ അണിയിച്ചൊരുക്കിയ ഹരിഹരന്റെ പ്രതിഭയാണ് എം.ടി.യുടെ രചനാവൈവിധ്യവുമായി ഇവിടെ സമരസപ്പെടുന്നത്. പുതിയ കാലത്തിലൂടെയും പുതിയ ആഖ്യാനരീതിയിലൂടെയും വേണം ഈ ചിത്രത്തെ നോക്കിക്കാണാനെന്നാണ് സിനിമാ ജോത്സ്യര്‍ ഓര്‍മിപ്പിക്കുന്നത്.

പുലിപ്പേടി - സങ്കല്പവും യാഥാര്‍ഥ്യവും

'ഏഴാമത്തെ വരവ്' എന്ന ചിത്രത്തില്‍ പുലിയിറങ്ങുന്ന രംഗങ്ങള്‍ കോഴിക്കോട് കിനാലൂര്‍ തെച്ചി എസ്റ്റേറ്റ് ബംഗ്ലാവ് പരിസരത്തും കണ്ണവം കാട്ടിലും ചിത്രീകരിക്കുമ്പോള്‍ വയനാട്ടില്‍ യഥാര്‍ഥ പുലിയിറങ്ങിയ സമയമായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ വയനാട്ടില്‍ പലതവണ പുലിയിറങ്ങിയ സംഭവങ്ങള്‍ തുടരുമ്പോള്‍ പ്രസക്തമാവുകയായിരുന്നു 'ഏഴാമത്തെ വരവിലെ' പുലിപ്പേടി. യാദൃച്ഛികതയുടെ ലേബലില്‍ ഈ സമാനത ഒതുക്കിനിര്‍ത്താമെങ്കിലും എന്തു സംഭവിക്കാനും ഈ ലോകത്ത് നിമിഷാര്‍ധങ്ങള്‍ മതി എന്ന സത്യം ബോധ്യപ്പെടുത്തുകയായിരുന്നു എം.ടി.യും ഹരിഹരനും.

ഗോപിമുതലാളി എന്ന ഇന്ദ്രജിത്ത് വേഷമിടുന്ന കഥാപാത്രം കാട് വെട്ടിത്തെളിക്കുമ്പോള്‍ നിരാലംബരാകുന്ന ആദിവാസികളാണ് ഈ ചിത്രത്തിന്റെ വേദനയായി ആസ്വാദകമനസ്സുകളില്‍ നിറയുന്നത്. കാടില്ലാതാകുന്നതോടെ ഗ്രാമത്തില്‍ പുലിയിറങ്ങുന്നതാണ് മുഖ്യകഥാതന്തു. ആ നാട്ടിലേക്കാണ് ചരിത്രഗവേഷകനായ പ്രസാദ് എന്ന വിനീത് വേഷമിടുന്ന കഥാപാത്രം എത്തുന്നത്. പ്രസാദിന് താമസസ്ഥലം ഒരുക്കുന്നത് ഗോപിയാണെങ്കിലും ദുരൂഹതകള്‍ ചൂഴ്ന്നുനില്‍ക്കുന്ന കഥാപാത്രമായി മാറുകയായിരുന്നു അയാളും പ്രസാദും. ഇതിനിടെ പ്രണയത്തിന്റെ നറുമണവും കുപ്പിവളക്കിലുക്കവും മേമ്പൊടിയായുണ്ട്.

''ഈ ചിത്രം ഞാന്‍ ഒരുക്കിയിരിക്കുന്നത് പൂര്‍ണമായും ഗൗരവം നിറഞ്ഞ ഇതിവൃത്തത്തിന്റെ പിന്‍ബലത്തോടെയാണ്. തമാശയ്ക്കുവേണ്ടി തമാശപറയുന്ന ഒരു കഥാപാത്രവും ഈ ചിത്രത്തിലില്ല. എം.ടി.യുടെ വ്യത്യസ്തമായ തിരക്കഥയാണിത്. എന്റെ വ്യത്യസ്തമായ സംവിധാനരീതിയും ഇതില്‍ കാണാം.'' - ഇത് ഈ ചിത്രത്തിലൂടെ സംഗീതസംവിധായകന്റെ മേലങ്കികൂടിയണിയുന്ന സംവിധായകന്‍ ഹരിഹരന്റെ വാക്കുകള്‍.

എം.ടി.യും ഹരിഹരനും കഴിഞ്ഞ 14 തവണ ഒന്നിച്ചപ്പോഴും വ്യത്യസ്തതയുടെ മഹാവിജയങ്ങളാണ് നാം കണ്ടത്. 'പഞ്ചാഗ്‌നി'യായും 'അമൃതംഗമയ'യായും 'വടക്കന്‍ വീരഗാഥ'യായും 'പഴശ്ശിരാജ'യായും 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യായും 'പരിണയ'മായും ആ വിജയചരിത്രം നാം കണ്ടതാണ്.

ഇപ്പോള്‍ ഇവര്‍ 15-ാമത്തെ വരവിനൊരുങ്ങുമ്പോള്‍ ആസ്വാദകരും പ്രതീക്ഷയുടെ നിറവിലാണ്.