ബിജിമോളും വിഷ്ണുനാഥുമടക്കം ഏഴ് എം.എല്‍.എ.മാരെ സിനിമയിലെടുത്തു

posted on:

24 Mar 2013


കൊച്ചി: പൊതുജീവിതത്തില്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ശ്രദ്ധനേടിയ ബിജിമോളടക്കമുള്ള ഏഴ് എം.എല്‍.എ.മാര്‍ സിനിമയില്‍ അഭിനയിക്കുന്നു. അഭിനയിക്കാന്‍ മാത്രമല്ല, പാട്ടുപാടാനും ഇവരുണ്ട്.

ബിജിമോളെ കൂടാതെ പി.സി.വിഷ്ണുനാഥ്, വി.ടി.ബലറാം, സാജു പോള്‍, കോവൂര്‍ കുഞ്ഞുമോന്‍, പുരുഷന്‍ കടലുണ്ടി, ചിറ്റയം ഗോപകുമാര്‍ എന്നീ എം.എല്‍.എ.മാരാണ് പാട്ടുംപാടി അഭിനയിക്കുന്നത്. അരുണ്‍ സിത്താര സംവിധാനം ചെയ്യുന്ന പാരീസ് പയ്യന്‍സിലാണ് ഇവര്‍ ഏഴുപേരും അഭിനയിക്കുന്നത്.

എം.എല്‍.എ.മാര്‍ ഒത്തുചേര്‍ന്ന് പാടി അഭിനയിക്കുന്ന കൊയ്ത്തുപാട്ട് സിനിമയുടെ ഹൈലൈറ്റാണെന്ന് അരുണ്‍ സിത്താര പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ റെക്കോഡിങ്ങ് തിരുവനന്തപുരത്ത് കഴിഞ്ഞു. സിനിമയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ജനപ്രതിനിധികളുടെ സാന്നിദ്ധ്യം ഉപകരിക്കുമെക്കുന്ന് സംവിധായകന്‍ പറഞ്ഞു.

സപ്തസ്വരങ്ങളെന്നാണ് സംഗീതസംവിധാനം നിര്‍വഹിച്ച അനില്‍ ഗോപാലന്‍ എം.എല്‍.എ.മാരുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഒറ്റ ടേക്കില്‍ തന്നെ പലരും പാട്ട് ഓക്കെയാക്കി അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇഞ്ചക്കാട് ബാലചന്ദ്രനാണ് ഗാനരചന. പ്രതാപ് പോത്തനും സുരേഖയും പ്രധാന വേഷങ്ങളില്‍ വരുന്ന പാരീസ് പയ്യന്‍സില്‍ ബിജുക്കുട്ടന്‍, രമേഷ് പിഷാരടി, കാതല്‍ സന്ധ്യ, ടോണി, കൊളപ്പുള്ളി ലീല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സിനിമയുട ചിത്രീകരണം കൊച്ചി, തൊടുപുഴ, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നടക്കും. ജൂലായ് അവസാനം സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് മിന്നല്‍ ജോര്‍ജ്.