ആമേന്‍ ബിഗ്‌സ്‌ക്രീനില്‍

posted on:

24 Mar 2013


അമ്പുപെരുന്നാള്‍ പോലെ ആഘോഷിക്കാവുന്ന ഒരു സിനിമ... അതാണ് ആമേന്‍.. തന്റെ സിനിമയെക്കുറിച്ച് സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരിക്ക് പറയാനുള്ളത് ഇതാണ്.ഈസ്റ്റര്‍ ആഘോഷത്തിനു മുമ്പേ ചിത്രം തിയേറ്ററുകളില്‍ എത്തി. അതിമനോഹരമായ ദൃശ്യങ്ങളും നാടന്‍ ഈണങ്ങള്‍ ചേര്‍ന്ന പാട്ടുകളും നര്‍മം തുളുമ്പുന്ന കഥകളുമെല്ലാം 'ആമേന്റെ' ഹൈലൈറ്റുകളാണ്.

നായകനെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയുടെ പൊതുവഴിയില്‍നിന്നും മാറിനടക്കാനാണിഷ്ടമെന്ന് പ്രഖ്യാപിച്ച സംവിധായകനാണ് ലിജോജോസ്. സിറ്റി ഓഫ് ഗോഡ് എന്ന രണ്ടാമത്തെ ചിത്രവും പൊതുധാരയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായിരുന്നു. ക്രൈസ്തവ പശ്ചാത്തലത്തില്‍ ഒരു നാടിന്റെ കഥപറയുന്ന ചിത്രമാണ് ആമേന്‍.

ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, രചന, കലാഭവന്‍ മണി, നന്ദു, കുളപ്പുള്ളി ലീല തുടങ്ങി ഒരു വലിയ താരനിര ആമേനിലുണ്ട്.ഒരു തീരഗ്രാമത്തിലെ പുരാതനമായ പള്ളിയും അവിടത്തെ ജനങ്ങളുടെ ജീവിതവുമാണ് ആമേന്റെ കേന്ദ്രം. ഫാ.വിന്‍സെന്റ് വട്ടോളിയെന്ന സംഗീതപ്രേമിയായ വൈദികനായിട്ടാണ് ഇന്ദ്രജിത്ത് രംഗത്തെത്തുന്നത്. സോളമന്‍ എന്ന കപ്യാരുടെ റോളാണ് ഫഹദിന്. സോളമന്റെ കാമുകി ശോശന്നയായിട്ടാണ് സ്വാതി റെഡ്ഡി എത്തുന്നത്.

ശശികുമാറിന്റെ സുബ്രഹ്മണ്യപുരത്തിലൂടെ പ്രശസ്തയായ സ്വാതിയുടെ ആദ്യ മലയാള ചിത്രമാണ് ആമേന്‍.ആലപ്പുഴ ജില്ലയിലെ തീരഗ്രാമമായ പൂച്ചാക്കലിലാണ് ആമേന്‍ ചിത്രീകരിച്ചത്. ഇതിനായി ഒരു വലിയ പള്ളിതന്നെ സെറ്റിട്ടു. ആര്‍ട്ട് ഡയറക്ടര്‍ ബാവയുടെ നേതൃത്വത്തില്‍ ഏറെ ശ്രമഫലമായാണ് 'പള്ളി പണിതത്'.നാടന്‍ ശൈലിയില്‍ കാവാലമാണ് ഗാനങ്ങള്‍ രചിച്ചത്. സിനിമയുടെ തിരക്കഥാകൃത്ത് പി.എസ്. റഫീഖും ഒരു ഗാനം രചിച്ചിട്ടുണ്ട്.

ബോളിവുഡ്ഡില്‍ പ്രശസ്തനായ അഭിനന്ദ് രാമാനുജത്തിന്റെ ക്യാമറ ഒരുക്കിയ മനോഹര ദൃശ്യങ്ങളും ആമേന്റെ മികവാണ്.
വൈറ്റ് സാന്‍സ് മീഡിയയുടെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അവധിക്കാലത്ത് തിയറ്ററുകളില്‍ ആമേന്‍ ആഘോഷമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ ശില്പികള്‍.
 


Other News In This Section
 1 2 3 NEXT