ന്യൂ ജനറേഷന് കൈകൊടുത്ത് 'ബാഡ് ബോയ്‌സ്'

posted on:

21 Mar 2013

പ്രായത്തെ തോല്പിക്കുന്ന മനസ്സുമായി കൊച്ചി നഗരം അടക്കിഭരിക്കാനെത്തുന്ന മൂവര്‍ സംഘം. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നിരന്തരശല്യം തീര്‍ത്ത് നോട്ടപ്പുള്ളികളാവുകയാണിവര്‍. പട്ടാളത്തില്‍ നിന്ന് വിരമിച്ചെത്തിയ ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി നഗരത്തിലെ പ്രമുഖ വക്കീല്‍ രംഗത്തെത്തുന്നതോടെ ഉണ്ടാകുന്ന രസങ്ങളും തന്ത്രങ്ങളും കോര്‍ത്തിണക്കി എത്തുകയാണ് 'ബാഡ് ബോയ്‌സ്' എന്ന ചിത്രം.

തമാശകളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മലയാള സിനിമയുടെ നിരന്തര സാന്നദ്ധ്യമായി തീര്‍ന്ന സിദ്ദിഖ്, സായ്കുമാര്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കൊപ്പം തമിഴ് നടന്‍ പാര്‍ത്ഥിപനും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സജീവനാണ്.

നായികയായി പുതുമുഖ താരം കവിതയെ അവതരിപ്പിക്കുന്ന സിനിമയില്‍ കെ.പി.എ.സി. ലളിത, കോട്ടയം നസീര്‍, ദേവന്‍, സ്ഫടികം ജോര്‍ജ്, ശാരി, മജീദ്, സന്തോഷ്, ലക്ഷ്മി ശര്‍മ, പൊന്നമ്മ ബാബു, തമിഴില്‍ നിന്ന് നാരായണ്‍, ശരണ്‍ രാജ് തുടങ്ങിയവര്‍ അഭിനിയിക്കുന്നുണ്ട്. പച്ചമാങ്ങ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രദീപ് നായരാണ്. ദിനന്‍ പുത്തഞ്ചേരിയുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്ന ഗാനങ്ങളും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കും.