താരയുദ്ധം തുടങ്ങുന്നു...

ശരത്കൃഷ്ണ

 

posted on:

31 Jan 2013കൊച്ചി നക്ഷത്രങ്ങളുടെ സ്‌നേഹഭാജനമാകാന്‍ ഇനി ഒമ്പതുനാള്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) മൂന്നാം സീസണിന്റെ ഉദ്ഘാടനച്ചടങ്ങ് ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാത്ഭുതമാണ് തുറന്നുവെക്കുക. സിനിമയും ക്രിക്കറ്റും ഇരട്ടനായകന്മാരാകുന്ന സിസിഎല്ലിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിരതാരങ്ങളെല്ലാം കൊച്ചിയിലെത്തും.

സിസിഎല്ലില്‍ മലയാള സിനിമയുടെ പ്രതിനിധികളായ കേരള സ്‌ട്രൈക്കേഴ്‌സ് ഉടമകളിലൊരാളായ പ്രിയദര്‍ശനാണ് ഉദ്ഘാടനച്ചടങ്ങളുടെ സംവിധായകന്‍. സ്വപ്നക്കാഴ്ചകളുടെ വ്യാപാരിയായ പ്രിയന്‍ സ്വന്തം നാടിനുമുന്നില്‍ അഭിനമാനപൂര്‍വം അവതരിപ്പിക്കുകയാണ് സിസിഎല്ലിനെ.

ചെന്നൈ റൈനോസും കര്‍ണാടക ബുള്‍ഡോസേഴ്‌സും തമ്മിലുള്ള ആദ്യമത്സരത്തിനുശേഷമാകും സിസിഎല്‍ മൂന്നാം പതിപ്പിന് ഔദ്യോഗികമായി തുടക്കമാകുക. ഫിബ്രവരി ഒമ്പതിന് വൈകിട്ട് 6.30ന് പങ്കെടുക്കുന്ന ടീമുകളും കലൂര്‍ സ്റ്റേഡിയത്തില്‍ അണിനിരക്കും. ഇവരെ പരിചയപ്പെടുത്തിയശേഷം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പതാക ഉയര്‍ത്തും. കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മില്‍ രണ്ടാം മത്സരമുള്ളതിനാല്‍ അരമണിക്കൂര്‍ മാത്രമാണ് ഉദ്ഘാടനച്ചടങ്ങ്.

സല്‍മാന്‍ഖാന്‍ ആയിരിക്കും പ്രധാന ആകര്‍ഷണം. ടീം ക്യാപ്റ്റനായിട്ടും കഴിഞ്ഞതവണ ബോളിവുഡ് സംഘത്തിനൊപ്പമെത്താന്‍ കഴിയാതെപോയ മസില്‍ഖാന്‍ ഇത്തവണ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. വെങ്കടേഷ്, വിശാല്‍, സൂര്യ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞതവണ ഷാര്‍ജയിലായിരുന്നു സിസിഎല്‍ ഉദ്ഘാടനം. രണ്ടാം സീസണില്‍ സ്‌ട്രൈക്കേഴ്‌സ്-മുംബൈ ഹീറോസ് മത്സരത്തിന് കലൂര്‍ സ്റ്റേഡിയത്തിലെത്തിയ കാണികളുടെ കടല്‍ കണ്ടതോടെ സിസിഎല്‍ അധികൃതര്‍ ഉറപ്പിച്ചതാണ് മൂന്നാം സീസണിന്റെ തുടക്കം കൊച്ചിയില്‍തന്നെയെന്ന്.

ഉദ്ഘാടനച്ചടങ്ങുകളുടെ പൂര്‍ണരൂപമായിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. വൈകിട്ട് ഏഴരയോടെ മാത്രമേ അദ്ദേഹത്തിന് എത്താനാകൂ എന്നറിയിച്ചതിനാലാണ് മന്ത്രി ഗണേഷ് പകരം ഉദ്ഘാടകനാകുന്നത്. രണ്ടാം മത്സരമുള്ളതിനാല്‍ ആറരയ്ക്ക് തന്നെ ചടങ്ങ് നടത്തേണ്ടതുണ്ട്. ചെന്നൈ റൈനോസ്, തെലുഗു വാറിയേഴ്‌സ്, കേരള സ്‌ട്രൈക്കേഴ്‌സ്, വീര്‍മറാത്തി എന്നീ ടീമുകളാണ് പൂള്‍ എയില്‍. കര്‍ണാടക ബുള്‍ഡോസേഴ്‌സ്, മുംബൈ ഹീറോസ്, ബംഗാള്‍ ടൈഗേഴ്‌സ്, ഭോജ്പുരി ദബാംഗ്‌സ് എന്നീ ടീമുകള്‍ പൂള്‍ ബിയില്‍ മത്സരിക്കുന്നു.

പ്രിയതരം ഈ പിറന്നാള്‍ഇടങ്കണ്ണിലൊരു മുറിപ്പാടായി നീറുന്ന ഓര്‍മയാണ് പ്രിയദര്‍ശന് ക്രിക്കറ്റ്. പക്ഷേ ഇന്നും ബാറ്റുംപന്തും കണ്ടാല്‍ പ്രിയന്‍ കൗമാരത്തിന്റെ മൈതാനത്തെത്തും. പിറന്നാള്‍ ദിവസം കലൂര്‍‌സ്റ്റേഡിയത്തിന്റെ പച്ചപ്പില്‍ ഒരു ബാക്ക്ഫുട്ട് ഡ്രൈവിനുശേഷം ബാറ്റുയര്‍ത്തി പ്രിയന്‍ പറഞ്ഞു: 'ഈ ബര്‍ത്ത് ഡേ ഷോട്ട് മാതൃഭൂമിക്ക്...'

പ്രിയതരമായ കാഴ്ചകള്‍കൊണ്ട് ഇന്ത്യന്‍ സിനിമയുടെ സ്വപ്നവ്യാപാരിയായി മാറിയ മനുഷ്യന്‍ ഇക്കുറി പിറന്നാളാഘോഷിച്ചത് സ്വന്തം ക്രിക്കറ്റ് സംഘത്തിനും മാതൃഭൂമിക്കുമൊപ്പമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് വിയര്‍പ്പൊഴുക്കി തയ്യാറെടുക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന് മധുരമായി മാറുകയായിരുന്നു ടീം ഉടമയുടെ ജന്മദിനം. ടീമിന്റെ പരിശീലനത്തിന് വീറേറ്റാന്‍ ബുധനാഴ്ച രാവിലെതന്നെ കലൂര്‍‌സ്റ്റേഡിയത്തിലെത്തിയ പ്രിയന് കേക്കിന്റെ രുചിയുള്ള ആശംസയുമായി ആദ്യം എത്തിയത് മാതൃഭൂമിയാണ്. വെളുത്ത നിറമുള്ള കേക്ക് മാതൃഭൂമി സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദ് അദ്ദേഹത്തിന് സമ്മാനിച്ചു. 'പിറന്നാളിന് കേക്കുമുറിക്കുന്ന സ്വഭാവം അഞ്ചാം വയസ്സില്‍ പോലും എനിക്കില്ല.' പ്രിയന്‍ പറഞ്ഞു. പക്ഷേ ടീമംഗങ്ങള്‍ വിടാനൊരുക്കമല്ലായിരുന്നു. കോച്ച് പങ്കജ് ചന്ദ്രസേനന്റെ നേതൃത്വത്തില്‍ വട്ടംകൂടിനിന്ന് അവര്‍ കേക്കുമുറിച്ചു. ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞു. സേനന്‍ തന്നെ കേക്ക് പ്രിയന് നല്‍കി. 'ആദ്യം ടീമിലെ ബേബിക്ക് തന്നെയാകട്ടെ...' രണ്ടാം സീസണിലെ സ്‌ട്രൈക്കേഴ്‌സിന്റെ ഹീറോ രാജീവ് പിള്ളയുടെ നാവിലേക്ക് കേക്ക് വെച്ചുനീട്ടുമ്പോള്‍ പ്രിയദര്‍ശന്‍ ഒന്നുകൂടി പറഞ്ഞു: 'മകനെ കഴിഞ്ഞവര്‍ഷത്തെപ്പോലെ തകര്‍ത്തടിക്കണേ.

'പിറന്നാളുകള്‍ വരും പോകും. അമ്പതുവയസ്സുകഴിഞ്ഞാല്‍ പിറന്നാളാഘോഷിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇത്തവണത്തെ പിറന്നാള്‍ ഇവിടെ ഇവര്‍ക്കൊപ്പമാണ്. കുട്ടികളുടെ സ്പിരിറ്റിന് ഒരു മൂവ്‌മെന്റ് ആയിക്കോട്ടെയെന്നു കരുതിയാണ് ഞാന്‍ ഇന്നിവിടെയെത്തിയത്.' -പ്രിയദര്‍ശന്‍ പറഞ്ഞു. നെറ്റ്പ്രാക്ടീസിലായിരുന്ന ടീമിനൊപ്പം ബാറ്റേന്താനും അദ്ദേഹം ആവേശം കാട്ടി. സേനന്റെയും നിവിന്‍പോളിയുടെയും പന്തുകള്‍ പ്രിയന്‍ പിഴവില്ലാതെ പ്രതിരോധിച്ചു. ഇടയ്ക്ക് ചില തകര്‍പ്പന്‍ ഷോട്ടുകള്‍. പണ്ട് പാഞ്ഞുവന്ന് ഇടങ്കണ്ണു തകര്‍ത്ത ഒരു പന്തിനെ പാടേമറന്നപോലെ.'35വര്‍ഷമായി ഗ്രൗണ്ടിലിറങ്ങിയിട്ട്. പക്ഷേ ഞാന്‍ ഇത് ആസ്വദിക്കുന്നു' -പ്രിയന്‍ പറഞ്ഞു.