മേക്കപ്പ്മാന്‍

പി.പി.ലിബീഷ്‌കുമാര്‍

 

posted on:

31 Jan 2013ചേടിക്കല്ല് പൊടിച്ച് വെള്ളം ചേര്‍ത്ത് ചാന്താക്കി കാലിനും ദേഹത്തും വാരിത്തേക്കുന്നത് കണ്ട അച്ഛന്‍ ചോദിച്ചു. എന്താടാ ഇങ്ങനെ ദേഹത്ത് ചെളി വാരി തേക്കുന്നത്? ഞാന്‍ മേക്കപ്പ് ചെയ്യാണച്ഛാ..അഞ്ചു വയസ്സുകാരന്‍ ജയന്റെ മറുപടി. മേക്കപ്പ് ചെയ്യുന്നത്ഇതുകൊണ്ടല്ലെന്നും ചമയക്കൂട്ടുകള്‍ക്ക് പ്രത്യേക സാധനങ്ങള്‍ വേണമെന്നും അച്ഛന്റെ മറുപടി. അന്നു തുടങ്ങിയതാണ് ജയന്‍ നീലേശ്വരത്തിന് ചമയത്തോടുള്ള അഭിനിവേശം.

നാടകനടന്‍, മൃദംഗവാദകന്‍ എന്നിങ്ങനെ പേരെടുത്ത പരേതനായ കെ.കൃഷ്ണന്റെ മകനാണ് ജയന്‍. പരേതനായ നാടകാചാര്യന്‍ കെ.രാഘവന്‍ മാസ്റ്റര്‍ വല്യച്ഛനാണ്. ജയന്‍ എന്ന ആ നാലുവയസ്സുകാരനെ ജയന്‍ നീലേശ്വരം എന്ന പേരുകേട്ട ചമയക്കാരനാക്കി മാറ്റിയത് കഴിവും ആവേശവുമാണ്. ഉത്തരമലബാറിലെ ആചാരകലയായ പൊറാട്ട് രംഗത്ത് 38വര്‍ഷമായി സ്വന്തമായ ചമയവും, ചമയാലങ്കാരവുംകൊണ്ട് ജയന്‍ മാസ്റ്റര്‍ സക്രിയമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചമയം, മോണോ ആക്ട് കലാകാരനാണ് കാസര്‍കോട് കുമ്പള ഹോളിഫാമിലി സ്‌കൂളിലെ അധ്യാപകനായ ജയന്‍.

സംസ്ഥാനത്ത് ജി.കെ.ശ്രീഹരി മുതല്‍ അവസാനകലാതിലകമായ ആതിര ആര്‍.നാഥ് അടക്കമുള്ള പതിനൊന്നോളം കലാതിലക-പ്രതിഭകളുടെ ഗുരുസ്ഥാനം ഇദ്ദേഹത്തിനുണ്ട്. കാവ്യ മാധവനെ മൂന്നു വയസ്സുമുതല്‍ മോണോ ആക്ട് പരിശീലിപ്പിച്ച ജയന്‍ കാവ്യക്ക് ചമയവും പ്രച്ഛന്ന വേഷവും ഒരുക്കി. ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ സിനിമാരംഗത്തെ നിരവധിപേരുണ്ട്. അതില്‍ പ്രമുഖരാണ് വിനീത്കുമാര്‍, മഞ്ജുവാര്യര്‍, അഞ്ജലീകൃഷ്ണ, ഷിജിത്ത്, സിനി ഏലിയാസ്, അനു ജോസഫ് എന്നിവര്‍. ഒപ്പം കലാപ്രതിഭകളായ വിപിന്‍ദാസ്, മുരളി എച്ച്.ഭട്ട്, ഹര്‍ഷന്‍ ആന്റണി സെബാസ്റ്റ്യന്‍, ധന്യ കീപ്പേരി എന്നിവരും.

ഇരുപതുവര്‍ഷമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൂടിയാട്ടത്തിന് മേക്കപ്പിടുന്നതും ഇദ്ദേഹമാണ്. പൈങ്കുളം നാരായണ ചാക്യാരുടെ ഒപ്പമാണ് ഈ സഞ്ചാരം. മോണോ ആക്ട്, കഥാപ്രസംഗം, നാടകം, സ്‌കിറ്റ്, പ്രസംഗം, ടാബ്ലോ, പ്രച്ഛന്നവേഷം എന്നിവയുടെ പരിശീലകനാണ്. മോണോ ആക്ട്, പ്രച്ഛന്നവേഷം എന്നിവയില്‍ സംസ്ഥാനതലത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

റേഡിയോ ഡ്രാമ ആര്‍ട്ടിസ്റ്റ് കൂടിയായ ജയന്‍ മാസ്റ്റര്‍ ചമയമൊരുക്കി അഭിനയിച്ച മരമീടന്‍ എന്ന നാടകം 1992 ലെ സംസ്ഥാന നാടക അവാര്‍ഡിനര്‍ഹമായി. കേരള സംഗീതനാടക അക്കാദമി അംഗമായിരുന്ന ഒ.കെ.കുറ്റിക്കോല്‍, ദേവന്‍ ബാലന്‍ എന്നിവര്‍ ചമയ രംഗത്ത് ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്. കര്‍ണാടക സിനിമയിലെ നമ്പര്‍ വണ്‍ മേക്കപ്പ്മാന്‍ ആയിരുന്ന നാണിയുടെ കീഴില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ജയന്‍ ഫിലിം മേക്കപ്പ് പരിശീലനം നേടിയിട്ടുണ്ട്. ഇതിനിടയില്‍ നിരവധി ടെലിഫിലിമുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ചമയമൊരുക്കി.

രാജാസ് എച്ച്.എസ്.എസ്സിന്റെ അങ്കണത്തിലെ 'മരച്ചുവട്ടിലെ ബാലന്‍' എന്ന ശില്പം പ്രശംസ പിടിച്ചുപറ്റി. കുമ്പള ഉപജില്ലയിലെ അധ്യാപക പരിശീലകന്‍ കൂടിയാണ്. ജയന്റെ ഗാനരചനയില്‍ 'രാഗമഴ' എന്ന ഓഡിയോ സിഡി പുറത്തിറങ്ങിയിട്ടുണ്ട്.ലക്ഷ്മിയാണ് അമ്മ. ജി.എച്ച്.എസ്. പരപ്പയിലെ അധ്യാപികയായ സിബി ഭാര്യയാണ്. മക്കള്‍: ഗംഗ ജയന്‍, ഗൗരി ജയന്‍. Other News In This Section
 1 2 3 NEXT