'കമ്മത്ത് ആന്‍ഡ് കമ്മത്ത്' ഫോണില്‍ ചിത്രീകരിച്ചയാള്‍ അറസ്റ്റില്‍

posted on:

27 Jan 2013

തിരുവനന്തപുരം: വെള്ളിയാഴ്ച റിലീസ് ചെയ്ത് പ്രദര്‍ശനം നടക്കുന്ന 'കമ്മത്ത് ആന്‍ഡ് കമ്മത്ത്' എന്ന ചിത്രം തീയേറ്ററില്‍ വച്ച് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ബീമാപള്ളി വലിയവിളാകം പുരയിടം ബീച്ച് റോഡ്, ടി. സി. 46/ 136 ല്‍ വൈ. നൗഷാദിനെ ( 40 ) ആണ് ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തത്.

ശനിയാഴ്ച രാവിലെ ശ്രീപദ്മനാഭ തിയേറ്ററില്‍ നടന്ന പ്രദര്‍ശനത്തിനിടയ്ക്കാണ് നൗഷാദ് തന്റെ എന്‍-8 മൊബൈലില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഭാഗം മുതല്‍ പകര്‍ത്തി തുടങ്ങിയത്. ഇത് സമീപത്തുണ്ടായിരുന്ന മറ്റു കാണികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിയേറ്റര്‍ സെക്യൂരിറ്റിക്കാരെ വിവരം അറിയിച്ചു. അവര്‍ എത്തി നൗഷാദിനെ തിയേറ്ററില്‍ നിന്നും പുറത്താക്കി. എന്നാല്‍ ആദ്യം ഇയാള്‍ താന്‍ ചിത്രം പകര്‍ത്തിയില്ലായെന്ന് വാദിച്ചു. പിന്നീട് തിയേറ്റര്‍ ഉടമ ഫോര്‍ട്ട് പോലീസില്‍ വിവരമറിയിച്ചു. ഫോര്‍ട്ട് എസ്. ഐ. എ. കെ. ഷെറിയും സംഘവുമെത്തി നൗഷാദിനെ പിടികൂടി സ്റ്റേഷനിലെത്തിച്ച് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു.

ചലച്ചിത്രത്തിന്റെ ആദ്യഭാഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ ചലച്ചിത്രം ചിത്രീകരിച്ച് സി. ഡി യാക്കി വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണോ ഇയാള്‍ എന്ന് പരിശോധിച്ചുവരുന്നതായി ഫോര്‍ട്ട് പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കോപ്പി റൈറ്റ് ആക്ട് അനുസരിച്ച് നൗഷാദിനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുത്തു.