പൃഥ്വിക്കെതിരെ നിര്‍മാതാക്കളുടെ സംഘടന; തര്‍ക്കം പറഞ്ഞുതീര്‍ത്തു

posted on:

22 Jan 2013

കൊച്ചി: നടന്‍ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തുമെന്ന സിനിമാ നിര്‍മാതാക്കളുടെ മുന്നറിപ്പിനെ തുടര്‍ന്ന് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തു.

'രഘുപതി രാഘവ രാജാറാം' എന്ന സിനിമ പാതിവഴി ഉപേക്ഷിച്ചെന്ന പരാതിയിലാണ് പൃഥ്വിരാജിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫെഫ്കയുടെയും 'അമ്മ'യുടെയും ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിച്ചു.

പൃഥ്വിരാജും ഷാജി കൈലാസും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.

പി.കെ.മുരളീധരനായിരുന്നു 'രഘുപതി രാഘവ രാജാറാമി'ന്റെ നിര്‍മാതാവ്. 17 ദിവസത്തെ ഷെഡ്യൂളിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ചിത്രത്തില്‍നിന്നു പിന്മാറിയെന്നാണ് പരാതി. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടം വന്നതായും നിര്‍മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതിയിലുണ്ട്. മുമ്പ് പ്രശ്‌നം ചര്‍ച്ചചെയ്തപ്പോള്‍ പി.കെ. മുരളീധരന് മറ്റൊരു സിനിമയ്ക്ക് ഡേറ്റ്‌നല്‍കാമെന്ന് പൃഥ്വിരാജ് സമ്മതിച്ചിരുന്നുവെന്നും പിന്നീടിത് പാലിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.

തിങ്കളാഴ്ചത്തെ ധാരണപ്രകാരം പൃഥ്വിരാജും ഷാജി കൈലാസും മുരളീധരനു വേണ്ടി അടുത്ത സിനിമ ചെയ്യാമെന്ന് സമ്മതിച്ചു.

ഷാജി കൈലാസിന്റെ പക്കല്‍ മൂന്ന് കഥകളുണ്ട്. ഇതിലൊന്നായിരിക്കും പി.കെ. മുരളീധരന്‍ നിര്‍മിക്കുക. ഒരു മാസത്തിനുള്ളില്‍ കഥകള്‍ കേട്ട് ഏതു സിനിമ ചെയ്യണമെന്ന് പൃഥ്വിരാജ് തീരുമാനിക്കും.

സിനിമാസംഘടന ഭാരവാഹികളായ മിലന്‍ ജലീല്‍, ഇന്നസെന്റ്, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


 Other News In This Section
 1 2 3 NEXT