പുകവലി പോസ്റ്റര്‍: ലാലും മൈഥിലിയും ഹാജരാകണം

posted on:

23 Dec 2012

തിരുവനന്തപുരം: സിനിമാ പോസ്റ്ററുകളില്‍ പുകവലി രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് നല്‍കിയ കേസില്‍ നടന്‍ മോഹന്‍ലാലും നടി മൈഥിലിയും കോടതിയില്‍ ഹാജരാകണം. 'കര്‍മ്മയോദ്ധാ' സിനിമയുടെ പോസ്റ്ററിന്റെ പേരിലാണ് മോഹന്‍ലാലിനെതിരെ ആരോഗ്യവകുപ്പ് കേസ്സെടുത്തത്. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ മേജര്‍ രവി, വിതരണക്കാരനായ ഹനീഫ് മുഹമ്മദ്, തിരുവനന്തപുരത്തെ ശ്രീകുമാര്‍, ശ്രീവിശാഖ്, നിള തിയേറ്റര്‍ മാനേജര്‍മാര്‍ എന്നിവരും മാര്‍ച്ച് 18-ന് നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയയ്ക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി. എ. രാമചന്ദ്രനാണ് ഉത്തരവിട്ടത്.

'മാറ്റിനി' എന്ന സിനിമയിലെ പോസ്റ്ററില്‍ പുകവലി രംഗം ഉള്‍പ്പെടുത്തിയതിന് നടി മൈഥിലി, സംവിധായകന്‍ അനൂപ് ഉപാസന, നിര്‍മാതാവ് പ്രശാന്ത് നാരായണന്‍ എന്നിവര്‍ക്കെതിരെയും ആരോഗ്യവകുപ്പ് കേസ്സെടുത്തിരുന്നു. ഇവരും മാര്‍ച്ച് 18-ന് കോടതിയില്‍ ഹാജരാകണം. നഗരത്തിലെ സ്‌കൂളുകള്‍ക്ക് മുന്നിലും മറ്റും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് സംഭവത്തില്‍ ഇടപെട്ടത്. പുകയില നിയന്ത്രണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള സിനിമാ പോസ്റ്ററുകളും ബോര്‍ഡുകളും രണ്ടു ദിവസത്തിനകം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ഡി. എം. ഒ. അറിയിച്ചു.