വീണ്ടും ചിരിപ്പിക്കാന്‍ വരുമെന്ന് വി.ഡി.രാജപ്പന്‍

സെലിം അജന്ത

 

posted on:

28 Nov 2012

കോട്ടയം: നേരം നട്ടുച്ച. സ്ഥലം പേരൂര്‍ അച്ചന്‍പടിയിലെ തച്ചനയില്‍ വീടിന്റെ പൂമുഖം. അടുത്തുനില്‍ക്കുന്ന ഭാര്യ സുലോചനയുടെ കൈയിലെ വെളുത്ത പൂച്ചയെ നോക്കി ചുമ്മാ ഒരു 'ഉണ്ടാക്കിച്ചിരി'യോടെ പാരഡികളുടെ തമ്പുരാന്‍ വി.ഡി.രാജപ്പനിരുന്നു.
'തൂക്കണാം കുരുവിയോ...ലാലല...ലാലലാ...
(പെട്ടെന്ന് നിര്‍ത്തിയിട്ട്)
കാട്ടിലുള്ള കരളേ നീ നാട്ടിലുള്ള...'
(വരികള്‍ തപ്പിത്തടഞ്ഞു)
'അറിയാമോടീ സുലോമേ...ബാക്കി നീ പാട്...'(പെട്ടെന്ന് ഓര്‍മ്മിച്ചിട്ട്)'മങ്കിപെറ്റ മകളോകരിമന്തി പെറ്റ മകളോ...'അകമ്പടിയായി തബലയുടെ ശബ്ദമില്ല. ഹാര്‍മോണിയവും സിംബലുമൊന്നുമില്ല...'പൂമുഖവാതില്‍ക്കല്‍ പുച്ഛിച്ചുനില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യ...
നല്ല മനുഷ്യനെ നാണം കെടുത്തുന്ന
താടകയാണെന്റെ ഭാര്യ...'
പാടിനിര്‍ത്തിയിട്ട് ഇങ്ങനെ...'ഇവള്‍ പാവമാണ് കേട്ടോ...'
'എനിക്ക് കാലിന് ബലക്കുറവുള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. നടക്കാനാ ഡോക്ടറുടെ ഉപദേശം. അത് ശരിയായിക്കഴിഞ്ഞാല്‍ വീണ്ടും ഞാന്‍ സജീവമാകും. അല്പം പ്രമേഹമുണ്ട്. പക്ഷേ, അതിന്റെ മരുന്നൊക്കെ ഞാന്‍ നിര്‍ത്തി' -പാമ്പിനെ മുതല്‍ പഴുതാരയെ വരെ കഥയില്‍ നായികാനായകന്മാരാക്കിയ ജനപ്രിയ കലാകാരന്‍ പറഞ്ഞു.
ചരിത്രത്തിലാദ്യമായി വാഹനങ്ങളുടെ ഹാസ്യപ്രണയകഥയുമായെത്തിയ(അവളുടെ പാര്‍ട്‌സുകള്‍), കോട്ടയം വേലുക്കുഴിയില്‍ ദേവദാസിന്റെ മകന്‍ രാജപ്പന്‍ മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ചു. 74-ല്‍ തവളയും നീര്‍ക്കോലിയുമായി നടന്ന പ്രണയം, 'മാക് മാക്' എന്ന പേരില്‍ ആദ്യ ഹാസ്യകഥാപ്രസംഗമായി. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, നമുക്കുപാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ തുടങ്ങി 37 കോമഡി കാസറ്റുകള്‍ പുറത്തുവന്നു. കഥാപ്രസംഗമായി അവ വേദികളിലും അവതരിപ്പിക്കപ്പെട്ടു.
വി.ഡി.രാജപ്പന്റെ കുട്ടിക്കാലം പട്ടിണിയുടേതും കഷ്ടപ്പാടിന്റേതുമായിരുന്നു. അന്ന് കോട്ടയം ഗവ. മോഡല്‍ സ്‌കൂളിന് സമീപത്തെ പിള്ളച്ചേട്ടന്റെ കടയില്‍ വീട്ടില്‍നിന്ന് തരപ്പെടുത്തിയ നാണയത്തുട്ടുകളുമായി ചായ കുടിക്കാനെത്തി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 'കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി' എന്ന ഗാനത്തിന്റെ ഈണത്തില്‍
'കാപ്പി...കടുംകാപ്പിചായ...കടും ചായ...കാശു തരൂ...എന്റെ കാശു തരൂ...'
എന്നൊരു പാട്ടുപാടി. അതായിരുന്നു തുടക്കം. താന്‍ പാടിയ പാരഡി, കേട്ടവര്‍ക്ക് രസകരമാകുന്നുവെന്ന് മനസ്സിലാക്കിയ രാജപ്പന്‍ പിന്നീട് പാട്ടുകള്‍ക്ക് പാരഡി മെനയാന്‍ ശ്രമിച്ചുതുടങ്ങി. ഒടുവില്‍ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള കഴിഞ്ഞ് ബാലെ തുടങ്ങാന്‍ താമസം വന്നപ്പോള്‍ ഇടയില്‍ നടത്തിയ ഹാസ്യകലാപ്രകടനമാകട്ടെ ആദ്യ അരങ്ങേറ്റമായി.
'ഞാന്‍ മൃഗങ്ങളെയും ജീവികളെയും അചേതനവസ്തുക്കളെയും വച്ച് കഥയെഴുതാന്‍ കാരണം മറ്റൊന്നുമല്ല. വി.സാംബശിവന്‍, കൊല്ലം ബാബു തുടങ്ങിയ പ്രതിഭാധനന്മാര്‍ വിരാജിക്കുന്ന കാലത്ത് മനുഷ്യരുടെ കഥപറഞ്ഞോണ്ടുചെന്നാല്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായിരുന്നു. അതാ തവളയും നീര്‍ക്കോലിയും ഒക്കെ എന്റെ കഥാപാത്രങ്ങളായത്...'
കുറേ സിനിമകളിലും രാജപ്പന്‍ 'കോമഡിയുടെ തമ്പുരാനായി' അവതരിച്ചു. 'കാട്ടുപോത്ത്', 'ഞാനും വരുന്നു' തുടങ്ങിയ സിനിമകള്‍ റിലീസായില്ലെങ്കിലും കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, ആട്ടക്കലാശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി 150 ഓളം സിനിമകളിലും രാജപ്പന്‍ ചിരിയുടെ അമിട്ടുപൊട്ടിച്ചു.
'പക്ഷേ, ഒരു മനുഷ്യകഥയും ഞാനെഴുതി-'അക്കിടിപ്പാക്കരന്‍'. മാവേലി കഥാപാത്രമായ ആദ്യത്തെ കാസറ്റ് എന്റെ 'മാവേലി കണ്ട കേരള'മാണ്. അതിനുശേഷമാണ് മറ്റു പലരും മാവേലിക്കഥയുമായി എത്തിത്തുടങ്ങിയത്'
ചിരിയരങ്ങുകളില്‍ നാലുപതിറ്റാണ്ട് തികച്ച രാജപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു സുരാസു, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സായിരുന്നു ഭാര്യ സുലോചന.
മൂത്തമകന്‍ രാജേഷ് എം.ജി. സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥനാണ്. ഇളയമകന്‍ രാജീവ് വിദേശത്തും.
കുറച്ചുകാലമായി കാലിന് ബലക്കുറവുള്ളതിനാല്‍ പുറത്തേക്ക് പോകാറില്ല. സ്റ്റേജ് പ്രോഗ്രാം ഉപേക്ഷിക്കാന്‍ ഇതും കാരണമായി.
'കാലൊന്ന് ശരിയാകട്ടെ. . .നടക്കാറാകട്ടെ. ഞാന്‍ ഇനീം എത്തും. നിങ്ങളെ ചിരിപ്പിക്കാന്‍. കേട്ടിട്ടില്ലേ. . .ഊത്തപ്പം വേണോ പെണ്ണേ. . . ബോണ്ടാ വേണോ. . . ഇത്താക്ക് ചേട്ടന്‍ തന്ന പുട്ട് വേണോ. . .' റിങ്‌ടോണായി മൊബൈലില്‍ പ്രചരിച്ച തന്റെ ഹിറ്റ് പാരഡിപ്പാട്ട് വീണ്ടും രാജപ്പന്‍ പാടി. . . ഒരു കള്ളച്ചിരിയോടെ.


 Other News In This Section
 1 2 3 NEXT