പാര്‍വതി ഓമനക്കുട്ടന്‍ മലയാള സിനിമയിലേക്ക്‌

posted on:

14 Nov 2012

കൊച്ചി: മുന്‍ വിശ്വസുന്ദരി റണ്ണര്‍ അപ്പും മലയാളിയുമായ പാര്‍വതി ഓമനക്കുട്ടന്‍ മലയാളത്തിന്റെ തിരശ്ശീലയിലേക്കും. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബൈജു ജോണ്‍സണ്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന കെ ക്യു എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്നത്. കൊച്ചിക്കാരായ രണ്ടു യുവാക്കളുടെ ജീവിതത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തക കടന്നുവരുന്നതോടെ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളെ നര്‍മ്മരസത്തോടെ അവതരിപ്പിക്കുന്ന സിനിമയാണ് കെ ക്യു.

സംവിധായകനൊപ്പം തമിഴ് നടന്‍ വെറ്റ്‌റിയും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മന്ത്രി ഗണേഷ്‌കുമാര്‍, സലീംകുമാര്‍, മാമുക്കോയ എന്നിവര്‍ക്കൊപ്പം ഫുട്‌ബോള്‍ താരം ഐ.എം. വിജയനും ചിത്രത്തില്‍ വേഷമിടുന്നു. മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലുമായി അടുത്തയാഴ്ച കെ ക്യൂവിന്റെ ചിത്രീകരണം ആരംഭിക്കും.

സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കഥകള്‍ അപൂര്‍വ്വമായാണ് ഉണ്ടാകുന്നതെന്ന് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍വതി ഓമനക്കുട്ടന്‍ പറഞ്ഞു. കെ ക്യൂവിന്റെ പൂജാ ചടങ്ങിനെത്തിയ പാര്‍വതി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു.

കരിയര്‍ ആരംഭിക്കാന്‍ പറ്റിയ സിനിമയായിരുന്നു തമിഴിലെ ബില്ല 2. എന്നാല്‍ പിന്നീട് നല്ല കഥകള്‍ ഒന്നും വരാത്തതുകൊണ്ടാണ് അഭിനയത്തില്‍ ഇടവേള വന്നത്. മലയാളത്തില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ കെ ക്യൂവിന്റെ കഥ വളരെ വ്യത്യസ്തമായതുകൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്നും തന്റെ സ്വഭാവത്തോട് ഏറെ സാമ്യമുള്ളതാണ് സിനിമയിലെ കഥാപാത്രത്തിന്റെ സ്വഭാവമെന്നും പാര്‍വതി ഓമനക്കുട്ടന്‍ പറഞ്ഞു.


പാര്‍വതിയുടെ അഭിമുഖത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക


 


Other News In This Section
 1 2 3 NEXT