കൃഷ്ണനാട്ടം പരമ്പര ചിത്രീകരിക്കുന്നു; 'അവതാരം' സി.ഡി. പ്രകാശനം ഇന്ന്‌

posted on:

14 Nov 2012

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അനുഷ്ഠാനകലാരൂപമായ കൃഷ്ണനാട്ടത്തിന്റെ പ്രചാരണാര്‍ത്ഥം സ്വര്‍ഗ്ഗാരോഹണം വരെയുള്ള പരമ്പര ചിത്രീകരിക്കുമെന്ന് ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് പി. ഉദയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അവതാരകഥയെ ആസ്പദമാക്കി തയ്യാറാക്കിയ ഡി.വി.ഡി ബുധനാഴ്ച വൈകീട്ട് 6.30 ന് ഗുരുവായൂര്‍ രുക്മിണി കല്ല്യാണമണ്ഡപത്തില്‍ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്യും. പരമ്പരയുടെ പ്രഥമ പകര്‍പ്പ് ദേവസ്വത്തിന് അന്നേദിവസം സമര്‍പ്പിക്കും. ദേവസ്വത്തിന്റെ സഹകരണത്തോടെ ഒരുകൂട്ടം ഭക്തരാണ് സംരംഭം പൂര്‍ത്തിയാക്കുന്നത്.

തിരുവമ്പാടിയില്‍ അരങ്ങേറിയ അവതാരം കൃഷ്ണനാട്ടം സിനിമാ ഛായാഗ്രാഹകന്‍ കെ.പി. നമ്പ്യാതിരിയുടെ മേല്‍നോട്ടത്തിലാണ് ചിത്രീകരിച്ചത്. 1000 കോപ്പികളാണ് ആകെ തയ്യാറാക്കിയത്. രണ്ട് ലക്ഷം രൂപ ചെലവായി. കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗ്ഗാരോഹണം തുടങ്ങിയ എട്ട് കഥകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഗുരുവായൂര്‍ ക്ഷേത്രം വടക്കെനടയില്‍ പ്രത്യേകം തയ്യാറാക്കുന്ന സെറ്റിലാണ് തുടര്‍ചിത്രീകരണം നടക്കുക.

തുടര്‍പരമ്പരയില്‍ ശില്‍പ്പി ഗുരുവായൂരിന്റെ കഥയ്ക്ക് മാടമ്പ് കുഞ്ഞുകുട്ടനാണ് തിരക്കഥ രചിക്കുന്നത്. ടി.എ. സുന്ദര്‍മേനോന്‍ നിര്‍മ്മാണവും റെജു രാജീവ് സംവിധാനവും നിര്‍വ്വഹിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ഡോ.പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് മേല്‍നോട്ടം വഹിക്കും. ഗുരുവായൂര്‍ ഉത്സവത്തിനു മുമ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പരമ്പര പൂര്‍ത്തിയാക്കണമെന്നാണ് ദേവസ്വത്തിന്റെ നിര്‍ദ്ദേശം. പത്രസമ്മേളനത്തില്‍ ശില്‍പ്പി ഗുരുവായൂര്‍, റെജു രാജീവ് എന്നിവരും പങ്കെടുത്തു.


 Other News In This Section
 1 2 3 NEXT