കൊച്ചിയുടെ കൊങ്ങിണി ഇനി സിനിമയില്‍

posted on:

12 Nov 2012


ഗോവ ജന്മരാജ്യമായ കൊങ്കണ്‍ദേശത്തെ കൊങ്ങിണി സമുദായം. ലിപിയില്ലാത്ത സംസാരഭാഷയായിരുന്നു കൊങ്ങിണി. ഈ വര്‍ഗക്കാര്‍ വൈശ്യര്‍ വിഭാഗത്തിലാണ് അവരോധിക്കപ്പെട്ടിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെ അവരുടെ അടിത്തറയിളകി. നിര്‍ബന്ധിത മതപരിപവര്‍ത്തനവും ആക്രമണങ്ങളും അവരെ ആ നാട്ടില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. അവരില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലേക്ക് കുടിയേറി.

മംഗലാപുരം, ബാംഗ്ലൂര്‍, മദ്രാസ്, മലബാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ താമസം തുടങ്ങി. സാമൂതിരിയുടെ ഭരണകാലത്തെ അതൃപ്തിയില്‍ വീണ്ടുമൊരു പലായനം, അവരെ കൊച്ചിയിലെത്തിച്ചു.....''കമ്മത്ത് ആന്‍ഡ് കമ്മത്ത്' എന്ന സിനിമ തുടങ്ങുന്നത് ഈ വാചകങ്ങളിലാണ്. അതിനെ പിന്തുടര്‍ന്ന് ഒരു പ്രബലസമുദായം ആദ്യമായി സിനിമയ്ക്ക് വിഷയമാകുന്നു. അങ്ങനെ കൊച്ചിയുടെ കൊങ്ങിണിയും ഇനി അഭ്രപാളിയില്‍.

ആന്റോജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ച് തോംസണ്‍ സംവിധാനം ചെയ്യുന്ന 'കമ്മത്ത് ആന്‍ഡ് കമ്മത്തി'ലൂടെയാണ് കൊങ്ങിണി സമുദായത്തിന്റെ കഥ പ്രേക്ഷകരിലെത്തുന്നത്. ഇതിനെ ആഘോഷമാക്കാന്‍ മമ്മൂട്ടിയും ദിലീപുമുണ്ട്. കമ്മത്ത് സഹോദരന്മാരാകുന്നത് ഇവരാണ്. സംസാരം തനി കൊങ്ങിണിയില്‍.

ഇഡ്ഡലി, സാമ്പാര്‍, ദോശ തുടങ്ങിയ പുതുരുചികളുമായെത്തിയ കൊങ്ങിണി സുമദായത്തെ കൊച്ചി സ്വീകരിച്ചതിനെത്തുടര്‍ന്നുള്ള കഥയാണ് 'കമ്മത്ത് ആന്‍ഡ് കമ്മത്ത്'പറയുന്നത്. അമ്പലങ്ങളും കച്ചവടസ്ഥാപനങ്ങളും കോളനികളുമായി വളര്‍ന്ന കൊങ്ങിണിസമുദായം പ്രഭു, നായിക്, മല്ലന്‍, ഭട്ട്, ഷേണായി, പൈ, കമ്മത്ത് തുടങ്ങിയ ജാതികളുടെ കൂട്ടായ്മയാണ്. അവരുടെ പരമ്പരയില്‍ കൊച്ചിയില്‍ പിറന്ന ഒരു കമ്മത്ത് കുടുംബം. കൃഷ്ണരാജ കമ്മത്തും, ഭാര്യ സുഭദ്രയും. മക്കള്‍ രാജരാജ കമ്മത്തും ദേവരാജ കമ്മത്തും. ഇവരുടെ കഥയാണ് ഈ സിനിമ. മമ്മൂട്ടി രാജരാജ കമ്മത്തിനെയും ദിലീപ് ദേവരാജ കമ്മത്തിനെയും അവതരിപ്പിക്കുന്നു.

ഇത് കൊങ്ങിണി സമുദായത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ ഉദയ്കൃഷ്ണ പറയുന്നു. തമാശ സൃഷ്ടിക്കാന്‍ വേണ്ടിയല്ല ഇതില്‍ കൊങ്ങിണി ഉപയോഗിച്ചിരിക്കുന്നത്. നായകന്‍ സംസാരിക്കുന്ന ഭാഷയാണത്.-ഉദയ്കൃഷ്ണ പറഞ്ഞു. പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഉദയ്കൃഷ്ണയ്ക്ക് കൊങ്കണിസമുദായത്തില്‍പ്പെട്ട ധാരാളം കൂട്ടുകാരുണ്ടായിരുന്നു. അവരുടെ വീടുകളില്‍ എന്നും പോകുമായിരുന്നു. വീട്ടുകാരുമായുള്ള സംസാരത്തിലൂടെയും ആഘോഷങ്ങളിലെ പങ്കാളിത്തത്തിലൂടെയും ആ സമുദായത്തെ അടുത്തറിഞ്ഞിട്ടുണ്ട്. ഒരുപാട് പ്രത്യേകതകളുള്ള സമുദായമാണ് കൊങ്ങിണി. അവര്‍ വീട്ടില്‍ കൊങ്ങിണി ഭാഷ മാത്രമേ സംസാരിക്കൂ. അതുകൊണ്ട് പുറത്തിങ്ങിയാല്‍ മലയാളം പറയുമ്പോഴും കൊങ്ങിണി കലരും. ഇതിന്റെ കൗതുകങ്ങളാണ് ഇത്തരമൊരു കഥയിലെത്തിച്ചതെന്നും ഉദയ്കൃഷ്ണ പറയുന്നു.

എഴുപതുകളിലും എണ്‍പതുകളിലും മലയാളസിനിമയില്‍ ഹാസ്യത്തിനുവേണ്ടി കൊങ്ങിണി ഭാഷ ഉപയോഗിച്ചിട്ടുണ്ട്. അത് യഥാര്‍ഥത്തില്‍ സേട്ടുഭാഷ എന്നറിയപ്പെടുന്ന ഒരു വിഭാഗമായിരുന്നു. തിര്‍മലദേവനെന്നും പണ്ടാറമെന്നുമാണ് കൊങ്ങിണിയെ തമാശയ്ക്കുപയോഗിക്കുന്നവര്‍ ആദ്യം പറയുന്ന വാക്കുകള്‍. അതു പക്ഷേ 'കമ്മത്ത് ആന്‍ഡ് കമ്മത്തി'ലുണ്ടാകില്ലെന്നും തിരക്കഥാകൃത്തുക്കള്‍ പറയുന്നു. ആ വാക്കുകള്‍ യഥാര്‍ഥത്തില്‍ കൊങ്ങിണി സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ സിനിമ കൊങ്ങിണി സമുദായത്തിന്റെ മാന്യതയെ ബഹുമാനിക്കുന്നതായിരിക്കും-ഉദയ്കൃഷ്ണ ഉറപ്പുപറയുന്നു.

ഏറെ ഗവേഷണത്തിനുശേഷമാണ് തിരക്കഥ രൂപപ്പെടുത്തിയത്. സമുദായത്തിലെ പലതരത്തില്‍പെട്ടവരുമായി സംസാരിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള കൊങ്ങിണി സമുദായത്തെക്കുറിച്ച് അന്വേഷിച്ചു. ആചാരങ്ങളും രീതികളും മനസ്സിലാക്കി. ആ ഗവേഷണത്തിനിടയ്ക്കാണ് ഇഡ്ഡലിയും ദോശയും സാമ്പാറും കേരളത്തിലെത്തിച്ചതിനുപിന്നില്‍ കൊങ്ങിണി സമുദായത്തിന് വലിയൊരു പങ്കുണ്ടെന്ന് മനസ്സിലായതെന്നും ഉദയ്കൃഷ്ണ പറഞ്ഞു. ഭക്ഷണപ്രിയരായതുകൊണ്ടാണ് കമ്മത്ത് സഹോദരന്മാരെ ഹോട്ടല്‍ മുതലാളിമാരാക്കിയത്. തിരുവനന്തപുരം ഭാഷപറഞ്ഞ രാജമാണിക്യത്തിനും തൃശ്ശൂരിന്റെ ശൈലിയില്‍ സംസാരിച്ച പ്രാഞ്ചിയേട്ടനും ശേഷം കൊച്ചിയുടെ കൊങ്ങിണിയില്‍ സംസാരിക്കുകയാണ് മമ്മൂട്ടി.