കൃഷ്ണന്‍കുട്ടിയും സിനിമയും തമ്മില്‍

ആര്‍.രാജേഷ്‌

 

posted on:

12 Nov 2012

പുന്നപ്ര-വയലാര്‍ സമരകാലം. ഉദയ സ്റ്റുഡിയോയിലേക്ക് സൈക്കിളില്‍ പോയ അപ്രന്റീസ് പയ്യന്‍ കൃഷ്ണന്‍കുട്ടിയെ തിരുവിതാംകൂര്‍ സ്റ്റേറ്റ് പോലീസ് തടഞ്ഞുനിര്‍ത്തി. കൃഷ്ണന്‍കുട്ടിക്ക് കാര്യം മനസ്സിലായില്ല. പെട്ടെന്നാണ് വള്ളിനിക്കറിട്ടു വന്ന ഇന്‍സ്‌പെക്ടര്‍ സത്യനേശന്‍ നാടാര്‍ സൈക്കിളില്‍ കയറിപ്പിടിച്ചത്. എന്നിട്ടു പറഞ്ഞു, 'എനിക്കും സിനിമയില്‍ അഭിനയിക്കണം.' കമ്മ്യൂണിസ്റ്റുകാരെപ്പോലും വിറപ്പിച്ച ഇന്‍സ്‌പെക്ടറുടെ വാക്കു കേട്ട് കൃഷ്ണന്‍കുട്ടിക്ക് ചിരിയാണ് വന്നത്. കാലം കടന്നപ്പോള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സത്യനേശന്‍ നാടാര്‍ നടന്‍ സത്യനായി. സത്യന്‍ അഭിനയിച്ച ഓരോ ഷോട്ടും ഫ്രെയിമിലാക്കിയതാകട്ടെ അന്ന് പഴഞ്ചന്‍ സൈക്കിളും ചവുട്ടിനടന്ന ഉദയ സ്റ്റുഡിയോയിലെ അപ്രന്റീസ് പയ്യന്‍ കൃഷ്ണന്‍കുട്ടിയും.

മലയാള സിനിമയുടെ പുത്തനുണര്‍വില്‍ പഴയകാല സിനിമാ ഫ്രെയിമിലെ പൊടി തട്ടി എടുക്കുകയാണ് ഉദയായുടെയും കുഞ്ചാക്കോയുടെയും സ്വന്തം ഛായാഗ്രാഹകന്‍. പ്രേംനസീറും സത്യനും മധുവുമൊക്കെ മലയാള സിനിമാ ലോകം അടക്കിവാണിരുന്ന കാലത്ത് 75 ഓളം ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചത് കൃഷ്ണന്‍കുട്ടിയാണ്. ഉമ്മ, ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, കാട്ടുതുളസി, ശകുന്തള, തിലോത്തമ, കടലമ്മ, ഭാര്യ, ലേഡീസ് ഹോസ്റ്റല്‍........സിനിമകളുടെ റീലുകള്‍ നീളുകയാണ്. ഒട്ടേറെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളും കൃഷ്ണന്‍കുട്ടിയുടെ കാമറ ഒപ്പിയെടുത്തു. സിനിമാ തിരക്കുകള്‍ക്കെല്ലാം കട്ട് പറഞ്ഞ് ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പില്‍ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന കൃഷ്ണന്‍കുട്ടിയുടെ ചില പഴയകാല സിനിമാ സീനുകളിലേക്ക്......

സീന്‍ ഒന്ന്


കുഞ്ചാക്കോയും വിതരണക്കാരന്‍ കെ.വി. കോശിയും ചേര്‍ന്ന് ആലപ്പുഴയില്‍ ഉദയ സ്റ്റുഡിയോ സ്ഥാപിക്കാന്‍ തുടങ്ങുന്ന കാലം. അന്ന് കൃഷ്ണന്‍കുട്ടിക്ക് വയസ്സ് 19. മദ്രാസ് മെട്രിക്കുലേഷന്‍ പരീക്ഷ കഴിഞ്ഞ് ബോറടിച്ച സമയം. കൃഷ്ണന്‍കുട്ടിയുടെ മനസ്സില്‍ പെട്ടെന്നാണ് സിനിമാമോഹമുദിച്ചത്. ആലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ അച്ഛന്‍ ടി.കെ. നാരായണ പിള്ളയ്ക്ക് കുഞ്ചാക്കോയുമായി നല്ല അടുപ്പം. പേടിച്ചാണെങ്കിലും അച്ഛനോട് സിനിമാ മോഹം പറഞ്ഞു. അങ്ങനെ അച്ഛന്റെ കൈയും പിടിച്ച് കൃഷ്ണന്‍കുട്ടി കുഞ്ചാക്കോയുടെ മുന്നിലെത്തി.

നാരായണ പിള്ള പറഞ്ഞു, 'ഇവന് സിനിമയില്‍ പ്രവര്‍ത്തിച്ചാല്‍ കൊള്ളാമെന്നുണ്ട്'. സിനിമ അത്രയ്ക്ക് ഇഷ്ടമാണോയെന്ന് കുഞ്ചാക്കോ. കൃഷ്ണ്‍കുട്ടി ശബ്ദമുയര്‍ത്തി മൂളി. 'ഏതാ താത്പര്യം?'. കുഞ്ചാക്കോയുടെ രണ്ടാമത്തെ ചോദ്യത്തിന് കൃഷ്ണന്‍ കുട്ടിക്ക് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ, 'കാമറ'. കുഞ്ചാക്കോ ഓ.കെ. പറഞ്ഞു. അങ്ങനെ ഓലമേഞ്ഞ ഉദയ സ്റ്റുഡിയോയില്‍ കാമറ അപ്രന്റീസായി കൃഷ്ണന്‍കുട്ടി സിനിമയില്‍ പ്രവേശിച്ചു. നല്ല തങ്ക, വിശപ്പിന്റെ വിളി, ജീവിതനൗക തുടങ്ങി ആറോളം ചിത്രങ്ങള്‍ക്ക് അപ്രന്റീസായി. കുറെ കഴിഞ്ഞപ്പോള്‍ ജോലിയില്‍ സ്ഥാനക്കയറ്റം. അപ്രന്റീസ് കൃഷ്ണന്‍കുട്ടി കാമറ അസിസ്റ്റന്റായി.

സീന്‍ രണ്ട്


ഉദയയുടെ കിടപ്പാടം സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. കടബാധ്യതമൂലം സ്റ്റുഡിയോ തത്കാലം പൂട്ടിയിടാനും കാമറയും മറ്റു ഷൂട്ടിങ് ഉപകരണങ്ങളും മദ്രാസില്‍ കൊണ്ടുപോയി വാടകയ്ക്കു കൊടുക്കാനും കുഞ്ചാക്കോ തീരുമാനിച്ചു. അങ്ങനെ കാമറയ്‌ക്കൊപ്പം മദ്രാസിലേക്ക് കൃഷ്ണന്‍കുട്ടിയും വണ്ടി കയറി. അവിടെ മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങള്‍ക്ക് കാമറ അസിസ്റ്റന്റായി ഒരു കൊല്ലത്തോളം പ്രവര്‍ത്തിച്ചു.

അപ്പോഴേക്കും സ്വതന്ത്ര ഛായാഗ്രാഹകനാകണമെന്ന മോഹമുദിച്ചു. ഇതിനിടെ കുഞ്ചാക്കോയുടെ വിളി വന്നു.'നമുക്ക് ഇവിടെ ഒരു പടം ചെയ്യണം, കാമറയും ഉപകരണങ്ങളുമായി ഇങ്ങോട്ട് വേഗം പോരണം'. കൃഷ്ണന്‍കുട്ടി ആലപ്പുഴയിലേക്ക് വണ്ടി കയറി. കുഞ്ചാക്കോയും നവോദയ അപ്പച്ചനും തിരക്കിട്ട ചര്‍ച്ചയില്‍. പുതിയ സിനിമയ്ക്ക് ടെക്‌നീഷ്യന്‍മാര്‍ ആരൊക്കെ? കാമറാമാനെയും തപ്പി പുറത്തേക്ക് പോകാനായിരുന്നു ചര്‍ച്ചയിലെ തീരുമാനം. കൃഷ്ണന്‍കുട്ടി ഇടയ്ക്ക് കയറി. 'കാമറാമാനെ അന്വേഷിക്കേണ്ട, അതിന്റെ കാര്യം എനിക്ക് വിട്'. കുഞ്ചാക്കോ ഒന്നും മിണ്ടിയില്ല.

സിനിമാ ഷൂട്ടിങ് തുടങ്ങാറായി. കാമറാമാന്‍ മാത്രമില്ല. നടീനടന്‍മാര്‍ ചോദിച്ചു തുടങ്ങി. അപ്പോള്‍ കുഞ്ചാക്കോ പറഞ്ഞു, 'കാമറ നമ്മുടെ കൃഷ്ണന്‍കുട്ടി നോക്കിക്കോളും'. തിക്കുറിശ്ശിയും 'യെസ്' മൂളി. അങ്ങനെ 1960 ല്‍ ഉമ്മ എന്ന ചിത്രത്തിലൂടെ കൃഷ്ണന്‍കുട്ടി സ്വതന്ത്ര ഛായാഗ്രാഹകനായി. പിന്നീട് ഒട്ടേറെ ചിത്രങ്ങള്‍ കൃഷ്ണന്‍കുട്ടിയുടെ ഫ്രെയിമിലൂടെ ബിഗ് സ്‌ക്രീനിലെത്തി.

സീന്‍ മൂന്ന്


പഴശ്ശിരാജ (പഴയത്) യുടെ ചിത്രീകരണം നടക്കുന്നു. കൃഷ്ണന്‍കുട്ടിയെ പിരിച്ചുവിട്ടുകൊണ്ട് കുഞ്ചാക്കോ കത്തു നല്‍കി. താന്‍ ചെയ്ത കുറ്റമെന്താണെന്ന് കൃഷ്ണന്‍കുട്ടിക്ക് മനസ്സിലായില്ല. സിനിമ തന്നെ ഉപേക്ഷിച്ചാലോയെന്ന് തോന്നിയ നിമിഷം. ഒടുവില്‍ മദ്രാസിലേക്ക് വണ്ടികയറി. അവിടെ ഒരുപിടി ചിത്രങ്ങള്‍ കിട്ടി, മലയാളവും തമിഴും തെലുങ്കുമായി. ഒരു ദിവസം കുഞ്ചാക്കോയുടെ മാനേജര്‍ കൃഷ്ണന്‍കുട്ടിയെത്തേടി മദ്രാസിലെത്തി. 'കുഞ്ചാക്കോ പുതിയ പടം ചെയ്യുന്നു,

കൂട്ടിക്കൊണ്ടു ചെല്ലാന്‍ പറഞ്ഞു'. മാനേജരുടെ വാക്കുകേട്ടപ്പോള്‍ കൃഷ്ണന്‍കുട്ടിക്ക് സന്തോഷം. ഒടുവില്‍ തമിഴ്‌സിനിമയ്ക്ക് കാമറ ചലിപ്പിക്കാനായി വാങ്ങിയ പണം തിരികെ നല്‍കി കുഞ്ചാക്കോയുടെ അടുത്തെത്തി. 'പടം സംവിധാനം ചെയ്യുന്നത് എം.കെ. കൃഷണന്‍നായരാണ്. പ്രതിഫലം എന്തുവേണമെന്ന് പറ'. നമ്മള്‍ തമ്മിലെന്തു കണക്ക് പറയാനാണെന്ന് കൃഷ്ണന്‍കുട്ടി. 2500 രൂപ നല്‍കാമെന്ന് കുഞ്ചാക്കോ. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോയുമായി ചേര്‍ന്ന് ചെയ്ത ചിത്രമാണ് കാട്ടുതുളസി. പിന്നീട് ചിത്രങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു.

സീന്‍ നാല്


1967 കാലത്താണ്. ഉദയയില്‍ തൊഴിലാളി സമരം. ജോലിയില്ലാതെ കൃഷ്ണന്‍കുട്ടി വീട്ടിലിരിക്കുകയാണ്. പോസ്റ്റുമാന്‍ ഒരു കത്തുമായി വന്നു. നടന്‍ സത്യന്റേതാണ് കത്ത്. 'എന്റെ സഹോദരന്‍ ഒരു സിനിമ ചെയ്യുന്നു. കൃഷ്ണന്‍കുട്ടി കാമറ ചെയ്യണം'. ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. അങ്ങനെ 'ചെകുത്താന്റെ കോട്ട'യ്ക്ക് കാമറ ചലിപ്പിച്ചു. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങള്‍. 1985 ല്‍ പുറത്തിറങ്ങിയ മടക്കയാത്രയാണ് അവസാന ചിത്രം.

ഇതിനിടെ കൃഷ്ണന്‍ കുട്ടിയെത്തേടി സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ ഉപഹാരങ്ങളെത്തി. പിന്നീട് പുതിയ പുതിയ കാമറാമാന്‍മാരെത്തിയപ്പോള്‍ പതുക്കെഅവര്‍ക്ക് അവസരം നല്‍കാനായി വെള്ളിത്തിരയില്‍ നിന്നകന്നു. നാലുകൊല്ലംമുമ്പ് പുതിയ സാങ്കേതികവിദ്യയിലുള്ള കാമറയില്‍ മഹാത്മാഗാന്ധി എന്ന ഡോക്യുമെന്ററി കൃഷ്ണന്‍കുട്ടി പകര്‍ത്തി. ഇപ്പോള്‍ തൈപ്പറമ്പ് വീട്ടിലെ ടെലിവിഷനിലൂടെ പഴയകാല സിനിമകള്‍ കണ്ട് ഓര്‍മ്മകളുടെ റീല്‍ അഴിക്കുകയാണ് കൃഷ്ണന്‍കുട്ടിയെന്ന 82 കാരന്‍.