ദോശ ചുട്ട് ധനുഷ് മലയാളത്തിലേക്ക്

posted on:

11 Nov 2012

കൊച്ചി: മമ്മൂട്ടിയുടെയും ദിലീപിന്റെയും അരികില്‍നിന്ന് ദോശചുട്ടുകൊണ്ട് ധനുഷ് മലയാളസിനിമയെ ആദ്യമായി രുചിച്ചു. കൊലവെറി ഉയര്‍ത്തിയ തരംഗത്തിന്റെ ഇനിയും നിലയ്ക്കാത്ത ഓളങ്ങളിലേറിയെത്തിയ തമിഴകതാരം സൂപ്പര്‍സ്റ്റാറായാണ് മലയാളത്തില്‍ കാലുകുത്തിയത്. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന സിനിമയില്‍ ധനുഷായിത്തന്നെ പ്രത്യക്ഷപ്പെടുകയാണ് രജനീകാന്തിന്റെ മരുമകന്‍. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ആഘോഷമായിട്ടായിരുന്നു ധനുഷിന്റെ മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം.

കമ്മത്ത് സഹോദരന്മാരുടെ കോയമ്പത്തൂരിലെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന സൂപ്പര്‍താരമായിട്ടായിരുന്നു ധനുഷ് അഭിനയിച്ചത്. സ്വന്തംപേരില്‍ തന്നെയുള്ള കഥാപാത്രം. ധനുഷ് ദോശചുട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കുന്നതും പ്രസംഗിക്കുന്നതുമുള്‍പ്പെടെയുള്ള രംഗങ്ങളാണ് ശനിയാഴ്ച ചിത്രീകരിച്ചത്. മൂന്നുദിവസങ്ങള്‍ ഗാനചിത്രീകരണത്തിനായാണ്. ഇതില്‍ ധനുഷിനൊപ്പം സിനിമയിലെ മുഴുവന്‍താരങ്ങളും പങ്കെടുക്കും. ഡിഡി റിട്രീറ്റില്‍ ഡിസംബര്‍ ആദ്യവാരമാണ് ഇതിന്റെ ചിത്രീകരണം.

മമ്മൂട്ടിയേയും ദിലീപിനെയും പോലുള്ള രണ്ടുവലിയ നടന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ ആഹ്ലാദാനുഭവമാണ് തന്നെ ഈ സിനിമയിലെത്തിച്ചതെന്ന് ധനുഷ് പറഞ്ഞു. മമ്മൂട്ടി ഒരു ഇതിഹാസമാണ്. അദ്ദേഹം നമുക്ക് എത്രയോ അപ്പുറത്താണ്. കുഞ്ഞിക്കൂനനിലും ചാന്തുപൊട്ടിലും ദിലീപിന്റെ പ്രകടനം കണ്ട് എനിക്ക് ഒരിക്കലും ഇതുപോലെ ചെയ്യാനാകില്ലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ഞാന്‍-ധനുഷ് പറഞ്ഞു. ഭാഷ അഭിനയത്തിന് ഒരു തടസ്സമല്ല.

മനുഷ്യര്‍ എല്ലായിടത്തും ഒരുപോലെ തന്നെ. ഇതില്‍ തീരെ ചെറിയ വേഷമാണ്. മലയാളത്തില്‍ ഒരു മുഴുനീളറോളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ചില ഓഫറുകള്‍ വന്നു. ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കും. രജനീകാന്തിന്റെ യന്തിരന്‍ പോലുള്ള സിനിമ ഒരിക്കലും തനിക്ക് ചെയ്യാനാകില്ലെന്നും ധനുഷ് പറഞ്ഞു. കൊലവെറി ഹിറ്റായത് ഭാഗ്യത്തില്‍ സംഭവിച്ചുപോയതാണ്. അതില്‍ ദൈവത്തിന് നന്ദി പറയുന്നു-ധനുഷ് പറഞ്ഞു.

ആത്മസുഹൃത്ത് വിജയ് യേശുദാസ് വഴിയാണ് ധനുഷിന്റെ മലയാളപ്രവേശത്തിന് അരങ്ങൊരുങ്ങിയത്. ഒരു കാര്യം മാത്രമാണ് ധനുഷ് ആവശ്യപ്പെട്ടത്. മമ്മൂട്ടിക്കും ദിലീപിനുമൊപ്പമാകണം അഭിനയം. കമ്മത്ത് ആന്‍റ് കമ്മത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കി ധനുഷ് ശനിയാഴ്ച രാത്രിതന്നെ ശബരിമലയ്ക്ക് യാത്രതിരിച്ചു. മകനോടൊപ്പമാണ് മലകയറ്റം. ആന്‍േറാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍േറാജോസഫ് നിര്‍മിച്ച് തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ മമ്മൂട്ടിയും ദിലീപുമാണ് കമ്മത്ത്‌സഹോദരന്മാരുടെ വേഷത്തിലെത്തുന്നത്.

രാജരാജകമ്മത്ത് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അനുജന്‍ ദേവരാജകമ്മത്താണ് ദിലീപ്. കേരളത്തിലെങ്ങും ഹോട്ടല്‍ ശൃംഖലയുള്ളവരാണിവര്‍. കമ്മത്ത് സഹോദരന്മാര്‍ സംസാരിക്കുന്നത് കൊങ്കണി മലയാളമാണ്. ഭാഷയില്‍ മമ്മൂട്ടിയുടെ മറ്റൊരു പരീക്ഷണമാകും ചിത്രം. ഉദയ്കൃഷ്ണ - സിബി കെ. തോമസ് ടീമിന്‍േറതാണ് തിരക്കഥ. Other News In This Section
 1 2 3 NEXT