നവംബര്‍ രണ്ടുമുതല്‍ സിനിമാസമരം

posted on:

10 Oct 2012

കൊച്ചി: നവംബര്‍ രണ്ടുമുതല്‍ മലയാള സിനിമാ മേഖല സ്തംഭിപ്പിക്കുവാന്‍ വിവിധ സിനിമാ സംഘടനകളുടെ യോഗം തീരുമാനിച്ചു. എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമാണ് സമരത്തിനിറങ്ങുന്നത്. നിര്‍മ്മാണവും വിതരണവും നിര്‍ത്തിവച്ചുകൊണ്ടാണ് സമരം. ഇതോടെ ഷൂട്ടിംഗ് അടക്കമുള്ള സിനിമാപ്രവര്‍ത്തനങ്ങളെല്ലാം നിലയ്ക്കും.

ഒക്ടോബര്‍ 17 മുതല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന അനിശ്ചിതകാല തീയറ്റര്‍ അടച്ചിടല്‍സമരം മാറ്റിവച്ചുകൊണ്ടാണ് അടുത്തമാസം മുതല്‍ സിനിമ സ്തംഭിപ്പിക്കാനുള്ള തീരുമാനം. സര്‍വീസ് ചാര്‍ജ് രണ്ടുരൂപയില്‍ നിന്ന് ഏഴു രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. വര്‍ദ്ധിപ്പിക്കുന്ന അഞ്ച് രൂപയില്‍ രണ്ട് രൂപ വിതരണക്കാരും നിര്‍മ്മാതാക്കളും പങ്കിട്ടെടുക്കുകയും മൂന്നു രൂപ തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും.

വിനോദനികുതിയും വൈദ്യുതനിരക്കും കുറയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തീരുമാനം തേടി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തും. ഇതിനായി മൂന്ന് സംഘടനയിലേയും പ്രതിനിധികളെ ചേര്‍ത്ത് സംയുക്ത സമിതിയും രൂപവത്കരിച്ചു. ഈ സമിതി ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സമരത്തിന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയുടേയും താരസംഘടനയായ അമ്മയുടേയും സഹകരണം അഭ്യര്‍ത്ഥിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗത്തിലെത്തിയാണ് മറ്റ് സംഘടനാ ഭാരവാഹികള്‍ പിന്തുണ അറിയിച്ചത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് സംസ്ഥാന പ്രസിഡന്‍റ് മിലന്‍ ജലീല്‍, സെക്രട്ടറി ശശി അയ്യഞ്ചിറ, ഡിസ്ട്രിബ്യൂട്ടേഴ്‌സ്
അസോസിയേഷന്‍ പ്രസിഡന്‍റ് ജോസ് മുണ്ടാടന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.