ഹസ്ബന്‍ഡ്‌സ് ഇന്ന് ഗോവയിലേക്ക്‌

posted on:

21 Sep 2012


ഒരുസംഘം ഭര്‍ത്താക്കന്മാരുടെയും ഭാര്യമാരുടെയും കഥയുമായി സജി സുരേന്ദ്രനും സംഘവും വീണ്ടുമെത്തുന്നു. തീയേറ്ററുകളെ ചിരിയില്‍ മുക്കിയ ഹാപ്പിഹസ്ബന്‍ഡ്‌സിനുശേഷം സജി ഒരുക്കുന്ന 'ഹസ്ബന്‍ഡ്‌സ് ഇന്‍ഗോവ' വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ബോളിവുഡിലെ വിഖ്യാത ബാനറായ ഡിസ്‌നി യു.ടി.വി.മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ഈ സിനിമ അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്‍പ്പെടെ റിലീസ് ചെയ്യുന്നുണ്ട്. തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും ക്യാമറാമാന്‍ അനില്‍ നായരുമുള്‍പ്പെടെ സജിയുടെ സ്ഥിരം ടീമാണ് ഈ സിനിമയ്ക്ക് പിന്നിലും. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവയെക്കുറിച്ച് സജി സുരേന്ദ്രന്‍ സംസാരിക്കുന്നു.

എന്തുകൊണ്ട് വീണ്ടും ഭര്‍ത്താക്കന്മാര്‍


ഭാര്യമാരെക്കൊണ്ട് പൊറുതിമുട്ടുന്ന ഭര്‍ത്താക്കന്മാരുടെ കഥകള്‍ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. എവിടെയൊക്കെയോ സ്വന്തം ജീവിതവുമായി സാമ്യമുള്ളതുകൊണ്ട് അതിന് എന്നും പ്രേക്ഷകരുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ആ ചിന്തയില്‍നിന്നാണ് ഭര്‍ത്താക്കന്മാരുടെ കഥപറയുന്ന സിനിമയെക്കുറിച്ച് വീണ്ടും ആലോചിച്ചത്. പക്ഷേ ഇത് ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന സിനിമയുടെ രണ്ടാംഭാഗമേയല്ല. അതേ ഫ്ലേവറിലുള്ള തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിത്രം. ആദ്യാവസാനം എന്റര്‍ടെയ്ന്‍മെന്റ് മാത്രം നിറഞ്ഞ സിനിമയാണിത്.

ഇതൊരു എലിയും പൂച്ചയും കളി


ഭാര്യമാരുടെ സ്‌നേഹക്കൂടുതല്‍കൊണ്ട് വീര്‍പ്പുമുട്ടി ജീവിക്കുന്ന മൂന്ന് ഭര്‍ത്താക്കന്മാരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ -ജറി, ഗോവിന്ദ്, അര്‍ജുന്‍. ഇന്ദ്രജിത്തും ജയസൂര്യയും ആസിഫ് അലിയുമാണ് ഈ വേഷങ്ങളില്‍. അവരുടെ ഭാര്യമാരായി റിമ, ഭാമ, രമ്യാ നമ്പീശന്‍ എന്നിവരും അഭിനയിക്കുന്നു. അച്ഛനമ്മമാര്‍കൊഞ്ചിച്ച് വഷളാക്കിയതുകൊണ്ട് അലസജീവിതം നയിക്കുന്നവളാണ് ജറിയുടെ ഭാര്യ. ഭക്തിഭ്രാന്താണ് ഗോവിന്ദിന്റെ ഭാര്യയുടെ പ്രശ്‌നം.

പഠിപ്പിസ്റ്റായ ഭാര്യയെക്കൊണ്ടാണ് അര്‍ജുന്റെ പൊല്ലാപ്പുകള്‍. ഇവരില്‍നിന്ന് രക്ഷപ്പെടാനായി അവര്‍ കള്ളംപറഞ്ഞ് ഗോവയിലേക്ക് യാത്ര പോകുകയാണ്. തീവണ്ടിയില്‍വച്ച് അവര്‍ ലാല്‍ അവതരിപ്പിക്കുന്ന സണ്ണി എന്ന ക്യാമറാമാനെ പരിചയപ്പെടുന്നു. ജീവിതം ആഘോഷമാക്കിയ സണ്ണിയുമായുള്ള സൗഹൃദം ഇവരുടെ ജീവിതം മാറ്റിമറിക്കുന്നു. ഗോവയിലെത്തിയശേഷമുള്ള സംഭവങ്ങളാണ് ഈ സിനിമയുടെ രസം.

പിച്ചകപ്പൂങ്കാവുകളുടെ സുഗന്ധം


23 വര്‍ഷം മുമ്പ് ജോഷിസാര്‍ സംവിധാനം ചെയ്ത നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന സിനിമയിലെ പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം എന്ന പാട്ട് ഇതില്‍ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. സന്ദര്‍ഭത്തിന് ഏറ്റവും ഇണങ്ങുന്നത് എന്ന കണക്കുകൂട്ടലിലാണ് ഈ ഗാനംതന്നെ തിരഞ്ഞെടുത്തത്. 23 വര്‍ഷം മുമ്പ് ഏതാനും ജീനിയസുകളുടെ കൂട്ടായ്മയിലാണ് പിച്ചകപ്പൂങ്കാവുകള്‍ പിറന്നത്. ഔസേപ്പച്ചനായിരുന്നു സംഗീതം. പാട്ട് പ്രോഗ്രാം ചെയ്തത് എ.ആര്‍. റഹ്മാന്‍. അതില്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്നത് വിദ്യാസാഗര്‍.

ഈ കൂട്ടുകെട്ടിന്റെ മധുരം കൊണ്ട് എത്രകേട്ടാലും മതിവരാത്ത പാട്ടാണത്. എത്രവര്‍ഷം കഴിഞ്ഞാലും അതിന്റെ ഫ്രഷ്‌നസ് നഷ്ടപ്പെടില്ല. എം.ജി.ശ്രീകുമാറാണ് റീമിക്‌സ്‌ചെയ്ത് ഈ ഗാനം പാടിയത്. നമ്പര്‍ ട്വന്റിയില്‍ ഈ ഗാനരംഗത്തിലഭിനയിച്ച ഇന്നസെന്റിന്റെ നാടാര്‍ എന്ന കഥാപാത്രം ഈ സിനിമയിലുമുണ്ട്. നമ്പര്‍ട്വന്റിയില്‍ മോഹന്‍ലാലിന്റെ ടോണിയുടെ കമ്പനിയായിരുന്നെങ്കില്‍ ഇതില്‍ ലാലിന്റെ സണ്ണിയാണ് നാടാരുടെ കൂട്ടുകാരന്‍.

യു.ടി.വിയുടെ പിന്തുണ


ബോളിവുഡിലെ വമ്പന്‍ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഡിസ്‌നി യു.ടി.വിയുടെ രണ്ടാമത്തെ മലയാള സിനിമയാണിത്. അവരുടെ പിന്തുണ വലിയൊരു കരുത്താണ്. ലോകമെങ്ങും ഒരേദിവസം റിലീസ് ചെയ്യുന്നതുകൊണ്ട് ഇന്റര്‍നെറ്റ് പൈറസി പോലുള്ളവയെ ഒരു പരിധിവരെ തടയാനാകും.





Other News In This Section
 1 2 3 NEXT