മോഹന്‍ലാല്‍-ജോഷി ഹിറ്റ് കൂട്ടുകെട്ടില്‍ ഇനി 'ലോക്പാല്‍'
posted on:
11 Sep 2012
സിനിമാപ്രേമികള്‍ ഏറ്റെടുത്ത 'റണ്‍ ബേബി റണ്‍' ഒറ്റയാഴ്ചകൊണ്ട് ഏഴരക്കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി ഒരുങ്ങുന്നു. അഴിമതിക്കെതിരായ ഒരു പൗരന്റെ പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രത്തിന് 'ലോക്പാല്‍' എന്നാണ് പേര്. അണ്ണാ ഹസാരയും സംഘവും ലോക്പാല്‍ വിഷയത്തില്‍ വന്‍ ജനകീയപ്രതിഷേധം ഉയര്‍ത്തിയ ഘട്ടത്തിലാണ് അതേ പേരില്‍ ഒരു സിനിമയും ജനിക്കുന്നത്.
സൂപ്പര്‍ഹിറ്റ് കുറ്റാന്വേഷണ ചിത്രങ്ങളുടെ രചയിതാവായ എസ്.എന്‍.സ്വാമിയാണ് ഈ രാഷ്ട്രീയ ത്രില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാടുവാഴികള്‍ക്ക് ശേഷം 22 വര്‍ഷത്തെ ലാല്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് എസ്.എന്‍.സ്വാമി-ജോഷി-മോഹന്‍ലാല്‍ ചിത്രം വരുന്നത്. ഒരു സൂപ്പര്‍ താരം തന്റെ തന്നെ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.എല്‍ വിമല്‍കുമാര്‍, ബാലന്‍ വിജയന്‍, എം വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹാപ്പി റൂബി സിനിമാസിന്റെ ബാനറില്‍ 'ലോക്പാല്‍' നിര്‍മ്മിക്കുന്നത്. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന്റെ സ്ഥാപകരാണ് ബാലന്‍ വിജയനും എം വിജയകുമാറും. താരനിര്‍ണയം പുരോഗമിക്കുന്ന സിനിമയില്‍ നായികയും തീരുമാനമായിട്ടില്ല.
സമീര്‍ ഹക്ക് ഛായാഗ്രഹണം നിര്‍വഹിക്കും. ആറ്റുമണല്‍ പായയില്‍... തരംഗമായതോടെ ജോഷിയും മോഹന്‍ലാലും 'ലോക്പാല'ിലും ഈണങ്ങള്‍ ഒരുക്കാന്‍ ആശ്രയിക്കുന്നത് രതീഷ് വേഗയെ തന്നെയാണ്. മേജര്‍ രവി ചിത്രമായ കര്‍മ്മയോദ്ധ പൂര്‍ത്തിയാക്കിയ ശേഷം ലോക്പാലിന്റെ ചിത്രീകരണം ആരംഭിക്കും. 2013 ല്‍ ലാലിന്റെ പ്രഥമ റിലീസായി 'ലോക്പാല്‍' തിയേറ്ററുകളിലെത്തും. സപ്തംബര്‍ 10ന് കൊച്ചിയില്‍ ലോക്പാലിന്റെ പൂജ ചടങ്ങ് നടന്നു.