നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍...

പ്രേംചന്ദ്‌

 

posted on:

04 Sep 2012


നഷ്ടപ്രണയത്തിന്റെ തീവ്രവേദനയ്ക്ക് മലയാളസിനിമ കൊളുത്തിവെച്ച നിത്യസ്മാരകമാണ് 'ശാലിനി എന്റെ കൂട്ടുകാരി'. ഇന്നും ഏത് തലമുറയ്ക്കും അതൊരു നീറുന്ന ഓര്‍മയാണ്. കോഴിക്കോടന്‍ സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വേറിട്ട മുഖം അത് മലയാളത്തിന് കാട്ടിക്കൊടുത്തു.

ആ സിനിമ ഇന്ന് കാണുമ്പോള്‍ ഈ ഭൂമിയില്‍ ഇന്നു നമ്മോടൊപ്പമില്ലാത്ത ഒരുകൂട്ടം പ്രിയനക്ഷത്രങ്ങളുടെ പ്രകാശത്തില്‍ മുങ്ങും ഏത് പ്രേക്ഷകനും-പത്മരാജന്‍, ശോഭ, സുകുമാരന്‍, രവി മേനോന്‍, വേണു നാഗവള്ളി, ശ്രീനാഥ്, കെ.പി. ഉമ്മര്‍. മറക്കാനാവാത്ത നക്ഷത്രങ്ങള്‍. ആ നിരയിലേക്ക് കയറിയിരിക്കുകയാണ് ആ സിനിമയ്ക്കു പിറകിലെ ഏറ്റവും വലിയ ധീരതയായ നിര്‍മാതാവ് വിന്ധ്യനും ഇപ്പോള്‍.

1978. ഗുരുവായൂരപ്പന്‍ കോളേജിലെ പതിറ്റാണ്ടുകളുടെ ഗൃഹാതുരത്വംപേറുന്ന കുന്നിന്‍ ചരിവുകളെ പാടിയുണര്‍ത്തിയ മലയാളത്തിലെ എക്കാലത്തെയും വിഷാദഗാനമായിരുന്നു ദേവരാജന്‍ മാഷിന്റെ സംഗീതത്തില്‍ യേശുദാസ് പാടിയ 'നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍.....' എന്ന ഗാനം. ആ ഗാനരംഗത്ത് പാട്ടുകേട്ടിരിക്കുന്നവരില്‍ വിന്ധ്യനുമുണ്ട്. ഏത് കാമ്പസ് സിനിമയ്ക്കും ഒരു റഫറന്‍സ് ടെക്സ്റ്റ് ബുക്ക് തന്നെയായി 'ശാലിനി എന്റെ കൂട്ടുകാരി'. അന്ന് വെറും 19 വയസ്സ് മാത്രമുള്ള മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നിര്‍മാതാവിനെ, വിന്ധ്യനെ ആ സിനിമ മലയാളത്തിന് നല്‍കി. ഓരോ തലമുറയിലെയും ന്യൂജനറേഷന്‍ വിപ്ലവങ്ങള്‍ക്കു പിറകിലെ ശക്തികളെ തിരയുമ്പോള്‍ മാറ്റത്തിന് വഴിയൊരുക്കുന്ന അദൃശ്യധീരതകളിലേക്ക് നമുക്ക് ചെന്നെത്തേണ്ടതായി വരും. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തലമുറയില്‍ നവസിനിമ സ്വപ്നം കണ്ട് സിനിമയുടെ എരിതീയിലേക്ക് എടുത്തുചാടിയ കാല്പനിക വിപ്ലവകാരിയായിരുന്നു നിര്‍മാതാവ് വിന്ധ്യന്‍.

അര്‍ബുദം കവര്‍ന്നെടുത്ത ജീവിച്ചുതീരാത്ത ഒരു നിശ്ശബ്ദപ്രണയമാണ് ശാലിനിയെ അവതരിപ്പിച്ച ശോഭ അനശ്വരയാക്കിയത്. ജീവിച്ചുതീര്‍ക്കാന്‍ വിസമ്മതിക്കുന്ന അര്‍ബുദത്തിന്റെ കരങ്ങള്‍തന്നെ ഒടുവില്‍ വിന്ധ്യനെയും തിരിച്ചുകൊണ്ടുപോയി. സിനിമയ്ക്കകത്തും പുറത്തും ആത്മമിത്രങ്ങളുടെ പരമ്പരതന്നെ സൃഷ്ടിച്ചു വിന്ധ്യന്‍. പണം ദൈവമല്ലായിരുന്നു വിന്ധ്യന്. വിന്ധ്യന്‍ സൃഷ്ടിച്ച സിനിമകളെല്ലാംതന്നെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നത്തിന്റെയും സൃഷ്ടികളാകുന്നത് അതുകൊണ്ടുതന്നെ.

ശ്രീനിവാസനെ സംവിധായകനാക്കി മാറ്റിയ 'വടക്കുനോക്കിയന്ത്രം', കലാഭവന്‍ മണിയെ ദേശീയ പുരസ്‌കാരത്തിന്റെ വക്കത്തെത്തിച്ച 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും', കടല്‍ കടന്ന് മലയാളസിനിമയെ ലോകനിലവാരത്തിലേക്കുയര്‍ത്തിയ ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍', 'ഇലക്ട്ര', ജയസൂര്യയെ കൊണ്ടുവന്ന 'ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍' ഒടുവില്‍ ശാലിനിക്ക് ശേഷം വീണ്ടും ഒരു കോഴിക്കോടന്‍ തിരിച്ചുവരവിന്റെ സന്തോഷവും സ്‌നേഹവും അറിയിച്ച ശ്യാമപ്രസാദിന്റെ തന്നെ 'അരികെ...' വിന്ധ്യന്‍ പങ്കാളിയായ ഏതു സിനിമയും കച്ചവടത്തിന്റെ പേരിലല്ല നന്മയുടെ പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

ആത്മമിത്രം വി.കെ.പ്രകാശിനുവേണ്ടി നിര്‍മിച്ച 'മുല്ലവള്ളിയും തേന്മാവി'നും വിന്ധ്യന്‍ തിരക്കഥയെഴുതി, കച്ചവടവിജയം നേടാനാവാതെ പോയെങ്കിലും തീര്‍ത്തും വ്യത്യസ്തമായ പ്രണയാനുഭവം പങ്കുവെച്ച ചിത്രമായിരുന്നു മുല്ലവള്ളി. 'കേരള കഫേ'യില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഓഫ് സീസണില്‍' ഒരു നടനായും വിന്ധ്യനെത്തി. സൗഹൃദമായിരുന്നു ആ നടനത്തിന്റെയും അടിസ്ഥാനം.

കച്ചവട വിജയങ്ങള്‍ക്ക് പിറകെ കുതിക്കാതിരുന്നതിന്റെ നഷ്ടങ്ങള്‍ ഏറെയുണ്ട് വിന്ധ്യന്.
 1 2 NEXT