കണ്ണൂര്‍: ഒരു സിനിമാ ഷൂട്ടിങ് പോലെയായിരുന്നു ശനിയാഴ്ച നഗരത്തിലെ പുലര്‍കാല ദൃശ്യം. ട്രാക്ക്‌സ്യൂട്ടില്‍ നടന്‍ മോഹന്‍ലാല്‍. കൂടെ ഒട്ടേറെ സൈനികര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം പിന്നാലെ. കണ്ണൂര്‍ കണ്‍ടോണ്‍മെന്റിലെ പ്രഭാത് ജങ്ഷനില്‍നിന്ന് ആ ആള്‍ക്കൂട്ടം നടന്നുനീങ്ങി. കണ്ണൂര്‍ കോട്ടയിലേക്കായിരുന്നു യാത്ര. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണലായി ഒരിക്കല്‍ക്കൂടി സൈനിക പരിശീലനത്തിനെത്തിയ മോഹന്‍ലാലിന്റെ രണ്ടാം ദിവസത്തിന്റെ തുടക്കം കൂട്ട നടത്തത്തോടെയൊയിരുന്നു.
വെള്ളിയാഴ്ച രാത്രി വൈകുംവരെ ക്യാമ്പില്‍ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവിട്ട സൂപ്പര്‍താരം ശനിയാഴ്ച ആറരയ്ക്കുതന്നെ നടക്കാനെത്തി. പക്ഷേ മഴകാരണം തുടക്കം വൈകി. മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ എല്ലാവരും നടന്നുതുടങ്ങി. വേഗമുള്ള ചുവടുവെപ്പുകളോടെ താരം നടന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ള മാധ്യമസംഘവും കൂടെച്ചേര്‍ന്നു. നഗരം കൗതുകത്തോടെ അത് കണ്ടുനിന്നു. പലരും ആ നിരയിലേക്ക് ചേര്‍ന്നുനടന്നു. കോട്ടയില്‍ കുറച്ചുസമയം ചെലവിട്ടശേഷം സൈനിക ക്യാമ്പിലേക്ക് മടക്കം.
സൈനിക വേഷത്തിലായിരുന്നു ലാല്‍ പിന്നീട്. സൈനിക ക്യാമ്പില്‍ പ്രഭാതഭക്ഷണം. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ബി.എസ്.ബാലിയും സൈനികോദ്യോഗസ്ഥരും കൂടെച്ചേര്‍ന്നു. ചെറിയ കുശലാന്വേഷണം, സൗഹൃദം പുതുക്കല്‍... അപ്പോഴേക്കും പരിശീലനത്തിന്റെ സമയമായി. 8.45ന് പുറത്തെ മൈതാനത്തേക്ക്. അവിടെ വിവിധ രീതിയിലുള്ള പരിശീലനങ്ങള്‍. അപ്പോഴേക്കും അടുത്ത പരിപാടിയായ രക്തദാനത്തിന്റെ സജ്ജീകരണങ്ങളായി. ജില്ലാ ആസ്പത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരും ക്യാമ്പില്‍ സൂപ്പര്‍താരത്തിന്റെ രക്തദാനത്തില്‍ സംബന്ധിക്കാനായി എത്തിയിരുന്നു.
''ജീവിതത്തിലെ പ്രധാന ദിവസമാണിന്ന്. ഇവിടെ കുറച്ച് രക്തം നല്‍കാനായി. എന്റെ കണ്ണുകളും അവയവങ്ങളുമൊക്കെ ദാനംചെയ്യാന്‍ ഞാന്‍ തയാറായിക്കഴിഞ്ഞു''- കൊച്ചുകൊച്ചു വാക്കുകളില്‍ കൂടിനിന്നവരോടായി ലാല്‍ പറഞ്ഞു.കൊച്ചിയില്‍ ആസ്പത്രിയില്‍ കഴിയുന്ന അമ്മയുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ടാണ് ഉച്ചയ്ക്കുതന്നെ ലാല്‍ തിരക്കിട്ട് മടങ്ങിയത്.