പോക്കറ്റില്‍ നിന്നൊരു പടം

posted on:

23 Jul 2012



സിനിമ എന്ന വലിയ സ്വപ്നലോകത്തേക്ക് പെട്ടെന്നൊരു 'ക്രെയിന്‍ ഷോട്ടി' ലൂടെ കയറിപ്പോകാനാകില്ല എന്ന തിരിച്ചറിവില്‍ അബ്ദുള്‍ അസീസ് സ്വന്തം പോക്കറ്റിലേക്ക് നോക്കി; ചില്ലറ പൈസയും വെറും മുന്ന് മെഗാ പിക്‌സല്‍ ക്യാമറയുള്ള ഒരു മൊബൈല്‍ മാത്രമുണ്ട് പോക്കറ്റില്‍.

എന്നാല്‍പ്പിന്നെ ലൈറ്റും ക്രെയിനുമൊന്നുമില്ലാതെ ഒരു മൊബൈല്‍ സിനിമ ആയാലോ എന്നായി ചിന്ത. തന്റെ മുന്നില്‍ത്തന്നെയുള്ള ആ ജീവിക്കുന്ന കഥാപാത്രത്തിലേക്ക് കുന്ദമംഗലം സ്വദേശിയായ അബ്ദുല്‍ അസീസ് ക്യാമറ തിരിച്ചത് അങ്ങനെയാണ്. 20-മിനിറ്റ് ദൈര്‍ഘ്യമുള്ള 'മൈ ഹീറോ ബട്ട് ബിഗ് സീറോ' എന്ന ലഘുചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പോക്കറ്റ് കീറുന്ന സിനിമാക്കാലത്ത് പോക്കറ്റിലൊതുങ്ങുന്നൊരു സിനിമയാണിത്.

തലസ്ഥാനത്തെ ഒരു ഇടത്തരം ലോഡ്ജില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഒരു മധ്യവയസ്‌ക്കന്റെ ജീവിതം നേരിട്ടുതന്നെ ചിത്രീകരിച്ചതാണ് ഈ സിനിമ. പേര് വെളിപ്പെടുത്താത്ത ഇയാള്‍ ദാഹം ശമിക്കാനെന്നവണ്ണം മദ്യപിക്കും; പ്രധാന ഭക്ഷണം ബീഡി. ഒരു സര്‍ക്കാര്‍ ഓഫീസില്‍ സ്ഥിരജോലിയുള്ള ഇയാള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് പരിഹാസ്യ കഥാപാത്രമാണ്.

ഇയാളെങ്ങനെ മദ്യത്തിന് അടിമയായെന്ന് അന്വേഷിക്കുന്ന ചിത്രം ലഹരിവിപത്തിന്റെ പച്ചയായ കാഴ്ചയാണ് ഒരുക്കുന്നത്. ഒരു സിനിമയ്ക്ക് തിരക്കഥയെഴുതാനായി ഇതേ ലോഡ്ജില്‍ മുറിയെടുക്കുന്ന യുവാവിലൂടെയാണ് കഥാചിത്രമെന്നവണ്ണം 'മൈ ഹീറോ' പുരോഗമിക്കുന്നത്. റോഡിലും പാര്‍ക്കിലും ബീച്ചിലും ബിവറേജസ് കോര്‍പ്പറേഷന് മുന്നിലുമൊക്കെ മൊബൈല്‍ഫോണുമായി ചുറ്റിത്തിരിഞ്ഞായിരുന്നു ചിത്രീകരണം.

സാങ്കേതിക കാര്യങ്ങളിലടക്കം ചിത്രം മികവൊന്നും കാട്ടുന്നില്ലെങ്കിലും ജീവിച്ചിരിക്കുന്ന 'അയാളി' ലേക്കും നാം അനുദിനം കാണുന്ന ചുറ്റുപാടുകളിലേക്കും സത്യസന്ധമായി ഈ സിനിമ കടന്നുചെല്ലുന്നു. ആശയവും നിര്‍മാണവും ക്യാമറയും ആവിഷ്‌കാരവുമെല്ലാം അബ്ദുള്‍ അസീസ് തന്നെയാണ്.

സ്‌ക്രിപ്റ്റ് ജി. ചന്ദ്രശേഖരന്‍ നായരും എഡിറ്റിങ് സുജിത്ത് സഹദേവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.




Other News In This Section
 1 2 3 NEXT